അതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ പോര്‍വിമാനങ്ങളെ പിന്തിരിപ്പിച്ചെന്ന് പാക് സേന

ഇന്ത്യയുടെ ബോംബ് പതിച്ച ഇടങ്ങളിലൊന്ന്‌

ഇസ്ലാമാബാദ്- ഇന്ത്യന്‍ വ്യോമ സേനയുടെ പോര്‍ വിമാനങ്ങള്‍ കശ്മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖ ലംഘിച്ചു പറന്നുവെന്ന് പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ പാക് വ്യോമ സേന സമയോജിതമായി ഇടപെട്ടതോടെ ഇന്ത്യന്‍ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും അതിനിടെ തിടുക്കത്തില്‍ ബോംബു വര്‍ഷം നടത്തിയെന്നും പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. ബലകോട്ടിലാണ് ബോംബാക്രമണം ഉണ്ടായത്. ബോംബുകള്‍ പതിച്ച ബലകോട്ടിലെ സ്ഥലങ്ങളുടെ ചിത്രങ്ങളും ട്വിറ്ററില്‍ അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ ആര്‍ക്കും പരിക്കും നാശനഷ്ടങ്ങളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് സെക്ടറില്‍ 3-4 മൈലുകള്‍ക്കുള്ളിലാണ്  ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് ഈ വ്യോമാതിര്‍ത്തി ലംഘനമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പി.ടി.ഐ ആരോപിച്ചു. എന്നാല്‍ പാക് സേനയുടെ ഇടപെടല്‍ കാരണം പിന്തിരിഞ്ഞ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ ഇന്ധനമാണ് താഴേക്കിട്ടതെന്നും ഇതു ബോംബെന്ന് തെറ്റിദ്ധരിച്ചതാണെന്നും പിടിഐ ഒരു ട്വീറ്റിലൂടെ പ്രതികരിച്ചു.

ഇന്ത്യന്‍ വ്യോമ സേനയുടെ 12 മിറാഷ് 2000 പോര്‍വിമാനങ്ങള്‍ ഒന്നിച്ചു നടത്തിയ ഓപറേഷനില്‍ പാക് അധീന കശ്മീരിലെ ഭീകര താവളം പൂര്‍ണമായും തകര്‍ത്തെന്ന് ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. ഇരുനൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായും ചില റിപോര്‍ട്ടുകള്‍ പറയുന്നു. ചില റിപ്പോര്‍ട്ടുകളില്‍ 300 ആണെന്നും പറയപ്പെടുന്നു. ഒരു ഭീകര താവളമല്ല, നിരവധി ഭീകര ക്യാമ്പുകള്‍ തകര്‍ത്തെന്നും റിപോര്‍ട്ടുണ്ട്.
 

Latest News