ന്യുദല്‍ഹി- അയോധ്യയിലെ ബാബരി-രാമജന്മഭൂമി ഭൂമിത്തര്‍ക്കം സംബന്ധിച്ച ഹരജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് മറ്റു ജഡ്ജിമാര്‍. ജനുവരി 29-ന് പരിഗണിക്കേണ്ടയിരുന്ന കേസ് ജസ്റ്റിസ് ബോബ്‌ഡെയുടെ അഭാവത്തെ തുടര്‍ന്ന് കോടതി മാറ്റിവച്ചതായിരുന്നു.
അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖ് ബോര്‍ഡ്, നിര്‍മോഹി അഖാഢ, റാം ലല്ല എന്നീ മൂന്ന് കക്ഷികള്‍ക്ക് തുല്യമായി വീതിച്ചു നല്‍കിയ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പിച്ച 14 ഹരജികളാണ് സുപ്രീം കോടതി പരിഗണനയിലുള്ളത്. ഇതിനു പുറമെ അയോധ്യയിലെ 67 ഭൂമി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ നിയമ സാധുത ചോദ്യം ചെയ്യുന്ന ഏഴു ഹരജികളും കേള്‍ക്കും. 1993-ല്‍ ഏറ്റെടുത്ത ഭൂമി യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.