രാജ്യദ്രോഹക്കുറ്റം: മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ റിമാന്‍ഡില്‍

മലപ്പുറം- രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ഥികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. തുടര്‍ന്നു മലപ്പുറം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിച്ച കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാം വര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ് (18) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇതില്‍ റിന്‍ഷാദിന്റെ ലാപ്‌ടോപും മൊബൈല്‍ ഫോണും, ഫാരിസിന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനക്കയച്ചു. ഇവരുമായി അടുപ്പമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. ഇരുവരും പോസ്റ്റര്‍ പതിച്ച കാമ്പസിലെ വിവിധ ഭാഗങ്ങളിലെത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കാമ്പസില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറത്തിന്റെ സ്ഥാപകനാണ് റിന്‍ഷാദ്. ഈ ആശയങ്ങളില്‍ ആകൃഷ്ടനായി പേപ്പര്‍ വാങ്ങി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചത് ഫാരിസാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കാമ്പസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പോലീസില്‍ പരാതിപ്പെട്ടത്. ഫ്രീഡം ഫോര്‍ കശ്മീര്‍, മണിപ്പൂര്‍, ഫലസ്തീന്‍ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷന്‍, ആസാദി ഫോര്‍ കശ്മീര്‍, വോയ്‌സ് ഓഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാമ്പസില്‍ കണ്ടെത്തി. ഈ പോസ്റ്ററുകള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കശ്മീരിലെ സംഘ്പരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്‌പെഷല്‍ ബ്രാഞ്ചും പോലീസും ചോദ്യം ചെയ്തു. മാവോയിസ്റ്റ്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സിലെ രണ്ടു തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്ബുക്ക് മുഖേന റിന്‍ഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

 

Latest News