യു.ഡി.എഫിന്  വെല്ലുവിളികളുയരാത്ത മലപ്പുറം

തെരഞ്ഞെടുപ്പുകളുടെ ചരിത്രം ഏറെ പറയാനില്ലാത്ത മലപ്പുറം മണ്ഡലത്തിന് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ മറിച്ചൊരു ചിന്തയില്ല. മുസ്‌ലിം ലീഗിന്റെ വൻകോട്ടയായ മലപ്പുറത്ത് യു.ഡി.എഫിന് വെല്ലുവിളികളില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കാര്യമായ ചലനമുണ്ടാക്കാൻ മലപ്പുറത്ത് ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല.
2009 ൽ മണ്ഡല പുനഃക്രമീകരണം നടന്നപ്പോൾ നിലവിൽ വന്ന പുതിയ മണ്ഡലമാണ് മലപ്പുറം. നേരത്തെയുണ്ടായിരുന്ന മഞ്ചേരി മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണ് മലപ്പുറത്തേക്ക് വന്നത്. മഞ്ചേരിയിൽ 2004 ൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ ഞെട്ടിച്ച് സി.പി.എം അട്ടിമറി നടത്തിയിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പോടെ മഞ്ചേരി മണ്ഡലം ഇല്ലാതായത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങൾ ചേർത്താണ് മലപ്പുറം മണ്ഡലം രൂപീകരിച്ചത്. 
നിലവിൽ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന മലപ്പുറം മണ്ഡലത്തിൽ യു.ഡി.എഫിന് ലഭിക്കാറുള്ളത് ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ്. കേരളത്തിൽ തന്നെ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന മണ്ഡലമാണിത്. 2009 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദ് തിളങ്ങുന്ന വിജയമാണ് നേടിയത്.
പഴയ മഞ്ചേരി മണ്ഡലത്തിൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി സി.പി.എമ്മിലെ അഡ്വ.ടി.കെ.ഹംസ മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ.മജീദിനെ പരാജയപ്പെടുത്തിയത് അര ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു. മുസ്‌ലിം ലീഗിന്റെ കോട്ടയാണ് അന്ന് നിലംപതിച്ചത്. എന്നാൽ ആ തെരഞ്ഞെടുപ്പോടെ മഞ്ചേരി മണ്ഡലം ഇല്ലാതായത് യു.ഡി.എഫിന് അനുഗ്രഹമായി. വീണ്ടുമൊരു തെരഞ്ഞെടുപ്പ് മഞ്ചേരിയിൽ നടന്നിരുന്നെങ്കിൽ ഇടതുപക്ഷത്തിന് വിജയം ആവർത്തിക്കാനാകുമെന്ന് ഇടതു നേതാക്കൾ കണക്കുകൂട്ടിയിരുന്നു.
മഞ്ചേരിക്ക് പകരം നിലവിൽ വന്ന മലപ്പുറം മണ്ഡലമാകട്ടെ യു.ഡി.എഫിന് ആധിപത്യമുള്ള മേഖലയായിരുന്നു.കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, വേങ്ങര, മലപ്പുറം, വള്ളിക്കുന്ന് മണ്ഡലങ്ങൾ ചേർത്താണ് മലപ്പുറം ലോക്‌സഭാ മണ്ഡലം നിലവിൽ വന്നത്. 2009 ൽ ഇവിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലെ വിജയം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ ഇടതുമുന്നണി അഡ്വ.ടി.കെ.ഹംസയെ തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയെങ്കിലും മുസ്‌ലിം ലീഗ് നേതാവ് ഇ.അഹമ്മദിനോട് 1,15,597 വോട്ടുകൾക്ക് പരാജയപ്പെട്ടു.
2014 ൽ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇ.അഹമ്മദ് വിജയിച്ചത്. 2017 ൽ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി വിജയിച്ചത് 1,71,023 വോട്ടുകൾക്കായിരുന്നു.
മലപ്പുറത്തു നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ ആദ്യത്തേതിൽ മാത്രമാണ് ഇടതുപക്ഷം കടുത്ത മൽസരത്തിനൊരുങ്ങിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം നിരാശാജനകമായിരുന്നു. അതോടെ മികച്ച സ്ഥാനാർഥികളെ മൽസരിപ്പിച്ച് മണ്ഡലം പിടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഇടതുമുന്നണി പിൻമാറി.
2014 ലെ തെരഞ്ഞെടുപ്പിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ സർവ്വാധിപത്യമായിരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ 23,935 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. കൊണ്ടോട്ടിയിൽ 31,717, മഞ്ചേരിയിൽ 26, 062, പെരിന്തൽമണ്ണയിൽ 10,614, മങ്കടയിൽ 23,461, വേങ്ങരയിൽ 42,632, വള്ളിക്കുന്നിൽ 23,935 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് ഭൂരിപക്ഷം.
2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ എല്ലാ മണ്ഡലത്തിലും യു.ഡി.എഫ് വിജയിച്ചു. 
എന്നാൽ പല മണ്ഡലങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായി. മഞ്ചേരിയിൽ 19,616, പെരിന്തൽമണ്ണയിൽ 579, മങ്കടയിൽ 1508, മലപ്പുറത്ത് 35,672, വേങ്ങരയിൽ 38,057, വള്ളിക്കുന്നിൽ 12,610 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് നേടിയ ഭൂരിപക്ഷം.
ഇത്തവണയും പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണറിയുന്നത്. അതേസമയം ഡോ.എം.കെ.മുനീറിനെ മൽസരിപ്പിക്കുന്നതിനെ കുറിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഇടതുപക്ഷത്ത് സി.പി.എം സ്ഥാനാർഥി തന്നെയാകും ഇത്തവണയും മൽസരരംഗത്തു വരിക. കഴിഞ്ഞ തവണ മൽസരിച്ച എം.ബി. ഫൈസൽ, ജില്ലാ പഞ്ചായത്ത് അംഗം ടി.കെ.റഷീദലി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.


 

Latest News