Sorry, you need to enable JavaScript to visit this website.

മുസഫർ നഗറിൽ ജാട്ട്-ദളിത്-മുസ്‌ലിം മുന്നണിയോ?

മത്സരിക്കുമോ?

അജിത് സിംഗ് - മുസഫർ നഗർ

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അജിത് സിംഗ് മത്സരിക്കുമെങ്കിൽ അത് ഒരു സാമുദായിക സമവാക്യത്തിന്റെ പരീക്ഷണമായിരിക്കും. എസ്.പിയുടെ യാദവ സമൂഹവും ബി.എസ്.പിയുടെ ദളിത് വിഭാഗവും രാഷട്രീയ ലോക്ദളിന്റെ ജാട്ട് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമോ? മുസഫർ നഗർ യു.പിയിലെ മതേതര കൂട്ടായ്മയുടെ തന്നെ ലിറ്റ്മസ് ടെസ്റ്റായിരിക്കും. 
എസ്.പി-ബി.എസ്.പി-ആർ.എൽ.ഡി സഖ്യത്തിൽ മൂന്നു സീറ്റാണ് ആർ.എൽ.ഡിക്ക് കിട്ടിയത്. മുസഫർ നഗറും അജിത് സിംഗിന്റെ പിതാവ് ചൗധരി ചരൺ സിംഗ് കുത്തകയാക്കി വെച്ചിരുന്ന ഭാഗ്പത്തും മഥുരയും. ഭാഗ്പത്തിൽ അജിത് സിംഗിന്റെ മകൻ ജയന്ത് ചൗധരി മത്സരിക്കാനാണ് സാധ്യത. അജിത് സിംഗ് മുസഫർ നഗറിൽ മത്സരിക്കുന്നത് പശ്ചിമ യു.പിയിൽ മതേതര സഖ്യത്തിന് വലിയ ആവേശം പകരുമെന്നാണ് നേതാക്കൾ കരുതുന്നത്. 
പശ്ചിമ യു.പിയിലെ മുസഫർ നഗറിൽ എസ്.പിക്കും ബി.എസ്.പിക്കും വലിയ സ്വാധീനമുണ്ടെങ്കിലും അവർ സീറ്റ് ആർ.എൽ.ഡിക്ക് നൽകാൻ സൗമനസ്യം കാട്ടി. 
പശ്ചിമ യു.പിയിലെ ജാട്ട് ദേശത്തിന്റെ ഹൃദയ ഭൂമിയാണ് മുസഫർ നഗറെന്നും അവിടെ ഏറ്റവും പ്രശസ്തനായ നേതാവാണ് അജിത് സിംഗ് എന്നും എസ്.പി നേതാവ് ഉദയവീർ സിംഗ് പറഞ്ഞു. ചൗധരി സാഹിബ് ഇവിടെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സഖ്യകക്ഷി നേതാക്കൾക്കെല്ലാം അതിൽ സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 
ജാട്ട് നേതാവായ അജിത് സിംഗിന് ദളിത് വോട്ട് ആകർഷിക്കാനാവുമോയെന്നതാണ് പ്രധാന ചോദ്യം. ഈ സാമുദായിക പരീക്ഷണം ഇത്തവണ വിജയം കണ്ടാൽ യു.പിയിൽ ബി.ജെ.പി നേരിടുക വലിയ വെല്ലുവിളിയായിരിക്കും. 
2014 ൽ കോൺഗ്രസിനൊപ്പമാണ് ആർ.എൽ.ഡി കൂട്ടുകൂടിയത്. മുസഫർ നഗർ കോൺഗ്രസിന് നൽകിയതിനാൽ അജിത് സിംഗ് മത്സരിച്ചില്ല. ബി.ജെ.പിയുടെ സഞ്ജീവ് ബലിയാൻ വിജയിച്ചു. ബി.എസ്.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. 
പഞ്ചസാരക്കൃഷിക്കളങ്ങൾ ഇടതൂർന്ന മുസഫർ നഗറിൽ കാർഷിക പ്രശ്‌നങ്ങൾ എപ്പോഴും തൊട്ടാൽ പൊള്ളുന്ന വിഷയമാണ്. ജാട്ട്, മുസ്‌ലിം കർഷകരാണ് ആർ.എൽ.ഡിയുടെ പ്രധാന വോട്ട് ബാങ്ക്. എന്നാൽ 2013 ലെ മുസഫർ നഗർ വർഗീയ കലാപം പ്രദേശത്തെ ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി. കർഷകർ ഹിന്ദു, മുസ്‌ലിം പക്ഷങ്ങളായി തിരിഞ്ഞു. അത് 2014 ൽ ബി.ജെ.പിക്ക് ഗുണം ചെയ്തു. 1998 നു ശേഷമാദ്യമായി ബി.ജെ.പി ഇവിടെ ജയിച്ചു. 
2014 ൽ ആർ.എൽ.ഡിയുടെ ജാട്ട് വോട്ട് ബാങ്കിൽ ബി.ജെ.പി വലിയ കടന്നുകയറ്റമാണ് നടത്തിയത്. ആർ.എൽ.ഡിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. ഇത്തവണ ദളിതുകൾക്കൊപ്പം മറ്റൊരു പരീക്ഷണമാണ് ആർ.എൽ.ഡി നടത്തുന്നത്. ഖൈറാന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദളിത്-ജാട്ട് ഐക്യം ഫലം കണ്ടുവെന്ന് ഒരു സീനിയർ എസ്.പി നേതാവ് ചൂണ്ടിക്കാട്ടി. 
2009 ൽ ബി.എസ്.പിയുടെ കാദിർ റാണയാണ് മുസഫർ നഗറിൽ ജയിച്ചത്. ആർ.എൽ.ഡിയുടെ അനുരാധ ചൗധരി രണ്ടാം സ്ഥാനത്തെത്തി. 2004 ൽ സമാജ്‌വാദി പാർട്ടിയുടെ മുനവ്വർ ഹസനാണ് ജയിച്ചത്. 
കഴിഞ്ഞ വർഷം ഖൈറാന ഉപതെരഞ്ഞെടുപ്പിൽ മുനവ്വർ ഹസന്റെ ഭാര്യ തബസ്സുമാണ് ജയിച്ചത്. ആർ.എൽ.ഡി ടിക്കറ്റിൽ മത്സരിച്ച തബസ്സും ബി.ജെ.പിയിൽ നിന്ന് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
ഖോരഗ്പുർ ഐ.ഐ.ടിയിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ച, ഇലിനോയി യൂനിവേഴ്‌സിറ്റിയിൽ പഠിച്ച അജിത് സിംഗ് അറുപതുകളിൽ ഐ.ബി.എമ്മിൽ ചേർന്ന ആദ്യ ഇന്ത്യക്കാരിലൊരാളായിരുന്നു.  

Latest News