ഫാത്തിമ വൈറ്റ് ബ്രെഡ് – ഇംഗ്ലണ്ടിലെ അതി പ്രശസ്തയായ സ്‌പോർട്‌സ് താരം. ജാവലിനിലെ ലോകചാമ്പ്യൻ. ലോകം ഏറെ വാഴ്ത്തിയ ഒളിമ്പ്യൻ. രണ്ടു തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ സ്‌പോർടസ് താരം. അങ്ങനെ നിറയെ വിശേഷണങ്ങൾ ഉണ്ട് ഫാത്തിമക്ക്. ഇതിനെല്ലാം അടിയിൽ ദുഃഖത്തിന്റെ ഒരു നേർത്ത ധാരയുണ്ട്. അത് ഫാത്തിമയുടെ കുട്ടിക്കാലത്തിന്റേതാണ്.ഫാത്തിമ എഴുതുന്നു. എന്റെ ജീവിതത്തിന്റെ ഏറ്റവും ദുഃഖകരമായ കാലം ജീവിതത്തിന്റെ ആദ്യ ഘട്ടമാണ്. ആ വേദനയുടെ കാലം വളരെ ചെറിയ പ്രായത്തിൽ ആയതു കൊണ്ട് പലതും ഓർക്കാനാവുന്നില്ല താനും. അത്രക്കധികം അവഗണിക്കപ്പെട്ട ഒരു കുഞ്ഞായിരുന്നു ഫാത്തിമ. കുഞ്ഞു ഫാത്തിമ കരഞ്ഞുകൊണ്ടേയിരുന്നു. ആ കരച്ചിൽ കേൾക്കേണ്ട അമ്മ അത് ഗൗനിച്ചതേ ഇല്ല. അവർക്ക് അവളെ വേണ്ടായിരുന്നു. ആ കരച്ചിൽ കുറച്ചു കൂടി നീണ്ടുപോയിരുന്നുവെങ്കിൽ !നമുക്ക് നമ്മുടെ ജാവലിൻ വിസ്മയത്തെ കിട്ടുമായിരുന്നില്ല. ഇങ്ങനെ എഴുതുന്നു ഫാത്തിമ , 'ഒരു മൂന്ന് വയസ്സായ കുഞ്ഞു മടക്കി ചുരുട്ടിയ ഒരു ബെഡ് ഷീറ്റിൽ മൂത്രം മണക്കുന്ന ഒരു മുറിയിൽ കിടക്കുന്നുണ്ടായിരുന്നു. അവിടെ ആ കുഞ്ഞിന്ന് കുടിക്കാനും തിന്നാനും ഒന്നും ഒരുക്കിയിട്ടുണ്ടായിരുന്നില്ല. അയൽക്കാർ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി രക്ഷാ ടീമിനെ ഫോൺ വിളിച്ചു അറിയിക്കയായിരിക്കുന്നു . ആകുഞ്ഞിനെ കണ്ടെത്താൻ കുറച്ചു കൂടി കഴിഞ്ഞിരുന്നുവെങ്കിൽ?! എന്നാൽ കുഞ്ഞിനെ അങ്ങനെ അവഗണിക്കപ്പെട്ടത് മനപ്പൂർവ്വമല്ല എന്ന് കരുതാൻ ആണ് ഫാത്തിമ ആഗ്രഹിക്കുന്നത്. അത് അശ്രദ്ധ കാരണം തന്നെ ആയിരുന്നിരിക്കട്ടെ .അത്രമേൽ അവഗണിക്കപ്പെടേണ്ടവളല്ല ഫാത്തിമ. ഫാത്തിമ ജനിച്ചത് 1961 മാർച്ച് മൂന്നിനായിരുന്നു. അമ്മ പക്ഷേ കുഞ്ഞിന്റെ ജനനം രജിസ്റ്റർ ചെയ്തിരുന്നില്ല പതിനേഴ് വരെയും . അതും മനപ്പൂർവ്വമല്ലാത്ത വീഴ്ചയായിരിക്കട്ടെ. ഒരു സോഷ്യൽ വർക്കറാണ് ഇങ്ങനെ ജനനം രേഖപ്പെടുത്താതെ പോയത് കണ്ടെടുക്കുന്നത് .കുഞ്ഞു ഫാത്തിമയെ രക്ഷപ്പെടുത്തിയ രക്ഷാസംഘം അവളുടെ തകർന്ന ആരോഗ്യത്തെ അതീവ ശ്രദ്ധയോടെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു.വല്ലാതെ നിർജ്ജലീകരിക്കപ്പെട്ടു പോയിട്ടുണ്ടായിരുന്നു ആ കുഞ്ഞ് അതുപോലെ അശ്രദ്ധയും ഭക്ഷണക്കുറവുമെല്ലാം കുഞ്ഞിനെ അപകടാവസ്ഥ ആക്കിയിരുന്നു.
കുഞ്ഞു ഫാത്തിമയുടെ അമ്മ ടർക്കിയിൽ നിന്നുള്ള സൈപ്രസ് വംശജയായിരുന്നു . അച്ഛൻ ഗ്രീസി ൽ നിന്നുള്ള സൈപ്രസ് കാരനും .അച്ഛൻ മൈക്കൽ 'അയാളെ ഞാൻ അച്ഛനായി കാണുന്നില്ല'എന്ന് ഫാത്തിമ പറയുന്നുണ്ട് .ഫാത്തിമക്ക് മൂന്നു വയസ്സായപ്പോൾ ആണ് ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് അതിൽ അച്ഛന്റെ സ്ഥാനത്തു ആദം എന്ന പേരാണ് .ശരിയായ അച്ഛന് വേണ്ടാത്തതുകൊണ്ട് ആരോ എന്തോ പേര് ചേർത്തുപോയതായാവാം . ഫാത്തിമ പറയുന്നുണ്ട് അത് ഒരു പക്ഷേ ആരോ തമാശക്ക് ചെയ്തതായിരിക്കാം.ഒരു പാട് വേദനകളെ അശ്രദ്ധ കൊണ്ടുള്ള തെറ്റുകളായോ തമാശകളായോ ഫാത്തിമ പറയുമ്പോഴും കണ്ണീരു കട്ടപിടിക്കുകയാണ്. ഫാത്തിമയുടെ ജനന സർടിഫിക്കറ്റിൽ കണ്ട ആദം ഫാത്തിമയുടെ സഹോദരൻ ആദം തന്നെയാണോ എന്നും സംശയിക്കുന്നുണ്ട്. ആദം ഫാത്തിമയെ പോലെ അത്രക്ക് അനാഥമായിട്ടില്ല.ഇടക്കെല്ലാം അമ്മയുടെ കരുണയോ സ്‌നേഹമോ ഒക്കെ അവനെ ചൂഴ്ന്നു നിന്നിട്ടുണ്ടായിരുന്നു എന്ന് എഴുത്തിൽ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ അറിയാൻ കഴിയും. അവൻ അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ടുണ്ട്. അവരുടെ ഭാഷ മനസ്സിലാക്കാവുന്ന തരത്തിൽ അവർ തമ്മിൽ സംസാരിച്ചിട്ടുണ്ട് .ഫാത്തിമയുടെ നീറ്റലേറ്റുന്നതാണ് ആദത്തിന്റെ അനുഭവം .
മനുഷ്യക്കുട്ടികൾക്ക് മുതിർന്നവരുടെ സഹായം ഏറെക്കാലം ആവശ്യമുണ്ട് വളർന്നു വരാനായിട്ട്.ആവശ്യമില്ലാതെ കുട്ടികൾ ഉണ്ടാകുമ്പോൾ വിഷമിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് . കുട്ടിക്കാലം ഭാവിയിലേക്കുള്ള ഈടുവെപ്പാണ്. അതിൽ സ്‌നേഹവും കരുതലും ഒന്നും ഇല്ലാതെ വരുമ്പോൾ ഭാവിയും ഏറെക്കുറെ ശൂന്യമായിപ്പോകും.ഫാത്തിമ രക്ഷാടീമിന്റെ കാരുണ്യത്താൽ പ്രത്യേക പരിചരണത്തിൽ മെച്ചപ്പെടുകയായിരുന്നു..വെള്ളമില്ലാതെ ഇരുന്നാലും കുട്ടികൾ ചിലപ്പോൾ രക്ഷപ്പെടുമെന്നുള്ളതിന്റെ ദൃഷ്ടാന്തമായി മാറുകയായിരുന്നു ഫാത്തിമ . അങ്ങനെ ആരോഗ്യ നില മെച്ചപ്പെട്ടപ്പോൾ വേണമെങ്കിൽ ഫാത്തിമയെ തിരികെ എടുക്കാം എന്ന് പറഞ്ഞു അമ്മ അധികൃതരെ സമീപിച്ചു. പക്ഷേ ഫാത്തിമയെക്കുറിച്ചു സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഫാത്തിമയുടെ അമ്മയെ 'അണ്ഫിറ്റ് മദർ 'ആയി കോടതി കണ്ടെത്തി.
അങ്ങനെ ഫാത്തിമ ഗവർമെന്റിന്റെ കുഞ്ഞായി.പിന്നീട് വിവിധ ഗവൺമെന്റ് ഹോമുകളിൽ ആയിരുന്നു താമസം .സ്ഥാപനങ്ങളിൽ നിന്നുണ്ടാകുന്ന മുഷിപ്പിനു പുറമെ അവഗണനയുടെ മുറിവുകളും പേറി ഫാത്തിമയുടെ ദിവസങ്ങൾ കടന്നു പോയ്‌ക്കൊണ്ടിരുന്നു .
ഫാത്തിമ ഓർക്കുന്നുണ്ട് , അവിടത്തെ മഞ്ഞ നിറമുള്ള കെട്ടിടത്തിന്റെ ചുവരിൽ നിറയെ കോറി വരച്ച കുട്ടിച്ചിത്രങ്ങൾ, പാമ്പും കോണിയും കളിച്ച മൂലകൾ, എപ്പോഴും കിടക്കയിൽ മൂത്രമൊഴിക്കാറുള്ള മൈക്കിൾ, തിരക്കിൽ ഫാത്തിമയടക്കം ഒമ്പതുപേരെ നന്നായി പരിചരിച്ചിരുന്ന കോറിയെന്ന ചെറുപ്പക്കാരി, അവിടെ നടത്തിയെടുത്തതും അല്ലാത്തതുമായ വാശികൾ. അവളുടെ ബാല്യം അതു മാത്രമായിരുന്നു, 14വർഷം സ്ഥാപനങ്ങളിൽ താമസിച്ചുള്ള ബാല്യം. !ക്രിസ്തുമസ് സമ്മാനം പോലും സെക്കന്റ് ഹാൻഡ് വസ്തുക്കൾ ആയിരുന്നു. അപമാനങ്ങളുടെ ഘോഷയാത്രകൾ. വിശ്വാസം നഷ്ടപ്പെട്ട കാലങ്ങൾ.
ഫാത്തിമയുടെ ഐതിഹാസിക ജീവിതം ഈ ലോകത്തിനു എന്നന്നേക്കും ഉത്തേജനമാകാനായി സമർപ്പിച്ചുകൊണ്ട് ഫാത്തിമ ജീവിക്കുന്നു.