കുട്ടിപല കനത്തിലും നീളത്തിലുമുള്ള കയർ ചുരുളുകൾ അടക്കി വെച്ചിരുന്നു. അതുകൊണ്ടാകാം ആ ദിവസം കമ്പപ്പെരുന്നാൾ എന്നു വിളി കൊണ്ടു. മറ്റത്തിലെ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിന്റെ വാതിലില്ലാത്ത ക്ലാസ് മുറികളിലും പാതി ഓല മേഞ്ഞ മുറ്റത്തും കയറും, തേക്കിനു വേണ്ട സാമാനങ്ങളും നിരന്നു നിറഞ്ഞു. കുട്ടികൾ 'ജന ഗണ മന' പാടാൻ കൂടിയിരുന്ന മുറ്റം ഒരനധ്യായ ദിവസം ചന്തയായി. കാലം കഴിഞ്ഞപ്പോൾ സാധനങ്ങളും സാമഗ്രികളും കൃഷിശീലങ്ങളും മാറി. പട്ടിണീ കിടന്നും നിലമുഴുതിരുന്ന ആളുകളുടെ പിന്മുറക്കാർ വേറെ പണി നോക്കി പോയി. സ്‌കൂളിന്റെ പ്ലാറ്റിനം ജുബിലിയുടെ തിമിർപ്പിൽ കമ്പപ്പെരുന്നാളിനെപ്പറ്റി ആരെങ്കിലും ഓർത്തുവോ ആവോ?
ആഘോഷത്തിന്റെ ഹരം കടം കൊള്ളാൻ ജോസിനെ വിളിച്ചു. അവിടെ പതിനൊന്നു കൊല്ലം പഠിക്കുകയും പഠിപ്പിക്കുകയും മുഖ്യാധ്യാപകനായി പിരിയുകയും ചെയ്ത ഇ എ ജോസ്. ജോസിന്റെ അപ്പൻ കുരിശിങ്ങൽ അയ്പ്പുണ്ണി മാഷ് ഞങ്ങളെ രണ്ടു പേരെയും ഒന്നിനൊന്നിഷ്ടപ്പെട്ടു. ശിഷ്യനും മകനും തമ്മിൽ മത്സരം കടുത്തപ്പോൾ 'കിട്ടീലയോ ദക്ഷിണ വേണ്ടുവോളം?' എന്നു ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. തൊണ്ണൂറു കഴിഞ്ഞ മാഷുമൊത്ത് ഒരു മധ്യാഹ്നത്തിൽ ജോസും ഞാനും ഉണ്ണാനിരുന്നപ്പോൾ രേഖപ്പെടുത്താത്ത ഓർമ്മകൾ തെളിഞ്ഞു വന്നു. എനിക്ക് ഇംഗ്ലീഷ് വശമാക്കിത്തന്ന മാഷക്കുള്ള ദക്ഷിണ ആ ഓർമ്മകളിൽ ഒതുങ്ങിയതേയുള്ളൂ.
മറ്റത്തിൽ 1944ൽ ഹൈസ്‌കൂൾ തുടങ്ങിയപ്പോൾ അത് അസ്സീസ്സിക്കാരൻ ഫ്രാൻസിസിന്റെ പേരിലാകട്ടെ എന്നു നിശ്ചയിക്കാൻ വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നതായി കേട്ടിട്ടില്ല. അതോ അർജന്റിനയിലെ മെത്രാനായിരുന്ന മരിയോ ബെർഗോഗ്ലിയോ മാർപാപ്പയായപ്പോൾ നടത്തിയ പേരുമാറ്റത്തിലെ സന്ദേശം അന്നും ചിലർക്കൊക്കെ അനുഭവപ്പെട്ടിരുന്നുവോ? ലാളിത്യത്തിന്റെ പ്രവാചകനായിരുന്നു ഫ്രാൻസിസ്. വിശ്വാസം വിറ്റും വ്യാപാരം നടത്തിയും പണം ഉണ്ടാക്കുന്നതായിരുന്നില്ല ഫ്രാൻസിസ് സ്ഥാപിച്ച സഭയുടെ ദൗത്യം. അദ്ദേഹം കിളികളോട് സംവദിച്ചു.
അദ്ദേഹത്തേക്കാൾ ആയിരം ആണ്ടു മുമ്പേ കേരള കടപ്പുറത്തെത്തിയ സംശയിക്കുന്ന തോമസിന്റെ ചാർച്ചക്കാരാണ് മറ്റത്തിലേക്ക് ഒഴുകിയിറങ്ങി ഫ്രാൻസിസിന്റെ പേരിൽ പള്ളി പണിതതെന്ന് ശ്രുതി. ഗുജറാത്തിൽനിന്ന് കാറ്റു പിടിച്ച് കൊടുങ്ങല്ലൂർ എത്തിയതായിരുന്നു തോമാശ്ലീഹ എന്നു ഡയഗ്രാം വരച്ചു സ്ഥാപിക്കുന്ന ഒരു പുസ്തകമുണ്ട് എന്റെ സുഹൃത്ത് ബ്രിഗേഡിയർ വർഗീസിന്റെ വക. അതിരിക്കട്ടെ, തോമസ് 52ൽ ഇവിടെ എത്തിയത് ചരിത്രത്തിലെ സംഭവമല്ല, പുരാവൃത്തത്തിലെ വിശ്വാസം മാത്രമാണെന്നു സിദ്ധാന്തിക്കുന്ന പണ്ഡിതമ്മന്യരും ഏറെ.
ഞാൻ പഠിക്കുമ്പോഴും പള്ളിക്കുള്ളിലായിരുന്നു ഒന്നാം ക്ലാസ്. പുസ്തകം ഗോശ്രീ പാഠാവലി. അധ്യാപകൻ കാർളി തോമസ്. സഹപാഠികളായി ഫ്രാൻസിസ് പുണ്യവാളന്റെ കണ്ണു വെട്ടിച്ച് കറങ്ങി നടന്നിരുന്ന കോഴികളുമുണ്ടായിരുന്നു. ഉച്ചക്ക് ചെറിയ ചോറ്റുപാത്രത്തിൽനിന്ന് വലിയ വയറു നിറക്കാൻ ഭക്ഷണം വാരിയെടുക്കുന്‌പോൾ കോഴികൾ സമയബോധമില്ലാതെ ചിറകടിച്ചു വന്നു. അസ്വസ്ഥനായ ഞാൻ തോമസ് മാഷോട് പരാതി ഓതിയോ? മാഷ് എന്തെല്ലാമായിരുന്നില്ല! വിഷവൈദ്യവും രാഷ്ട്രീയവും അദ്ദേഹം അഭ്യസിച്ചു.പ്രസംഗപീഠത്തിൽനിന്ന് ആകാശങ്ങളെ അമ്പരപ്പിക്കുന്ന സാമൂഹ്യ ചോദ്യങ്ങൾ അദ്ദേഹം ആവർത്തന ഭംഗിയോടെ ആഞ്ഞെറിഞ്ഞു. ക്രാന്തദർശിയായിരുന്ന കെ സി തോമസ് കരുതിയതു പോലെ ഞാൻ ഒരു പാട്ടുകാ
രനായില്ല. തരം കിട്ടുമ്പോഴൊക്കെ ഏതോ ഈരടികൾ പാടാൻ അദ്ദേഹം എന്നെ നിയോഗിക്കുമായിരുന്നു. വേണ്ടത് സ്വരഭംഗിയായിരുന്നു. എന്നിൽനിന്നു പുറപ്പെട്ടത്, കവിഞ്ഞാൽ, അക്ഷരശുദ്ധി മാതം.
ജിയുടേതാണെന്നു തോന്നുന്നു, മറ്റൊരു ഈരടി എന്നും എന്നിൽ ഈർഷ്യ പടർത്തി.'വരണ്ട തൊണ്ടയോടേ ഞാൻ/വരുന്നൂ കൊച്ചുമല്ലികേ/വല്ലതും തരുമോ ദാഹം/വളരുന്നോരെനിക്കു നീ?/കരിവണ്ടേ വരൊല്ലെന്റെ/അരികിൽ തേൻ തരില്ല ഞാൻ/നല്ല പൂമ്പാറ്റകൾക്കേ ഞാൻ നൽകൂ മധുരമെൻ മധു.' ആ പദ്യം പിന്നീടാരെങ്കിലും പാഠാവലിയിൽനിന്ന് പിഴുതുകളഞ്ഞോ എന്നറിയില്ല. കരിവണ്ടിന്റെ വിശപ്പ് കാണാതിരിക്കുകയും നല്ല പൂമ്പാറ്റകൾക്ക് മധുരമായ മധു പകരുകയും ചെയ്യുന്ന കൊച്ചുമല്ലിക എന്റെ വാകും വിചാരവും പരുഷമാക്കി, അന്നും ഇന്നും. എന്റെ ഒപ്പമുള്ള ക്രിസ്ത്യൻ കുട്ടികൾ ഒരു പീരിയഡിൽ വേദോപദേശത്തിനു പോയിരുന്നു. കാറ്റീസം എന്ന് അവർ പറഞ്ഞുശീലിച്ച കാറ്റക്കിസം. അത്തരം ഉപദേശം കരിവണ്ടിനെ വെറുക്കുകയും അതിന്റെ വിശപ്പ് കാണാതിരിക്കുകയും ചെയ്യുന്ന അവസ്ഥയെ മാറ്റിയെടുക്കാൻ മതിയാകും എന്ന് ലാളിത്യത്തിന്റെ പ്രവാചകൻ കരുതിക്കാണുമോ?
മറ്റം ആദ്യം കൊച്ചി ആയിരുന്നു. അന്നത്തെ പുസ്തകമായിരുന്നു കൊച്ചിയുടെ സംസ്‌കൃതരൂപമായ ഗോശ്രീപാഠാവലി. കൊച്ചി തിരുകൊച്ചിയും തിരുകൊച്ചി കേരളവുമായി മാറാൻ ഒന്നു രണ്ടു കൊല്ലമേ വേണ്ടിവന്നുള്ളൂ. രാഷ്ട്രീയ ഘടനയിൽ വന്ന ആ മാറ്റം ചില നാമാവലികൾ പരിഷ്‌കരിച്ചുവെന്നതിൽ കവിഞ്ഞൊന്നുമുണ്ടായില്ല. അധികാരസ്ഥർക്ക് എന്നും പഥ്യമായിരുന്ന നാണ്യ പരിഷ്‌കരണം അന്നും വേണ്ടി വന്നു. ആകൃതി കൊണ്ട് വൃത്തഭംഗിയും മൂല്യം കൊണ്ട് തുഛവുമായ ഓട്ടമുക്കാൽ ആയിരുന്നു എനിക്കിഷ്ടം. വിരലിലണിയുന്ന ഓട്ടമുക്കാൽ വായുവിൽ അലിയുകയും വീണ്ടും വിരലിൽ വന്നിറങ്ങുകയും ചെയ്യുന്ന ജാലവിദ്യ കാട്ടി ചിത്രം വര മൊയ്തീൻ മാഷ് ഞങ്ങളെ മോഹിപ്പിച്ചിരുന്നു. നാണ്യപരിഷ്‌കരണം വന്നപ്പോൾ അതിന്റെ പരിണാമഭംഗി കുട്ടികളെ പറഞ്ഞുമനസ്സിലാക്കാൻ നിയോഗിക്കപ്പെട്ടത് പി കെ കൃഷ്ണൻ മാഷ് ആയിരുന്നു. കുട്ടികളെ കുട്ടികൾ എന്നു മാത്രം വിളിച്ചിരുന്ന കൃഷ്ണൻ മാഷ് പഠിപ്പിച്ചുവിട്ട ഒരു കുട്ടിയും കണക്കിൽ തോറ്റതായി ചരിത്രമില്ല. കണക്കിന്റെ കണിശവും കവിതയുടെ ഭാവഭംഗിയും കലർത്തി കൃഷ്ണൻ മാഷ് പുല്ലാങ്കുഴലും വായിക്കുമായിരുന്നു.
പാടാൻ പറ്റിയതായിരുന്നില്ല പി എ തോമസ് മാഷടെ സ്വരം. വാ തുറന്നാൽ ഭാരതപ്പുഴയൊഴുകും. ഒരിക്കലും വിടാതെ കൈവശം വെച്ചിരുന്ന ചൂരൽ കൂടുതൽ പേടിപ്പിക്കാനായിരുന്നു.
ഒരു ദിവസം അദ്ദേഹം എന്നെ ആദ്യത്തെ വെഞ്ചിരിച്ചിരുന്നപ്പോൾ പഴമക്കാർ സമാധാനിപ്പിച്ചു, 'താൻ മോണിറ്റർ ആയിരിക്കുന്നു,' അങ്ങനെ ഒരു തേരഞ്ഞെടുപ്പും ഇന്നേ വരെ ജയിക്കാത്ത ഞാൻ ഒരു സ്ഥാനത്ത് നാമനിർദ്ദേശം ചെയ്യപ്പെട്ട് എത്തിയിരിക്കുന്നു. നാമനിർദ്ദേശം ചെയ്തിരിക്കുന്നതോ ഉജ്ജയിനിയിൽനിന്ന് കൂനമ്മൂച്ചിയിൽ വന്നു പിറന്ന കാളിദാസന്റെ പിന്മുറക്കാരൻ. പല വക്രനാമങ്ങളുമുള്ള തോമസ് മാഷെ അതിലേതു പേർ ചൊല്ലി വിളിച്ചാലും അദ്ദേഹത്തിന് അരിശം കേറും. കൂനമ്മൂച്ചി കാളിദാസൻ എന്നായാലും അരിശമാകുംഉള്ളാലേ രസിക്കുമെന്നു മാത്രം. കാളിദാസനെപ്പോലെ, ചെറിയ തോതിൽ വാക്കിന്റെയും അർഥത്തിന്റെയും ബന്ധവൈചിത്ര്യം ഉൾക്കൊണ്ട് എഴുതുന്ന ആളായിരുന്നു തോമസ് മാഷ്.
തോമസ് മാഷടെ വരുതിയിൽനിന്ന് ഞങ്ങൾ വിട്ടുപോയിരുന്നു വിമോചന സമരം വരുമ്പോൾ. സർക്കാരിനോടു കെറുവിച്ച് ഉടമകൾ തന്നെ സ്‌കൂളുകൾ ആയിരക്കണക്കിനു പൂട്ടിയിടുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു. വിദ്യാലയം സമര വേദിയായി. സമരത്തിനും പഠനത്തിനുമില്ലാത്ത കുട്ടികൾ വീട്ടിലിരിപ്പായി, എന്നെപ്പോലെ.
കമ്യൂണിസ്റ്റ് ബന്ധമുള്ളവർ സ്‌കൂളുകൾ തോറും കയറിയിറങ്ങി, സീറ്റിനുവേണ്ടി. ഭട്ടതിരി പറഞ്ഞ പോലെ, ജനത്തിന്റെ ഭാഗ്യം, രണ്ട് മാസത്തിനകം അടച്ചിരുന്ന മറ്റുള്ളവയോടൊപ്പം, സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളും തുറന്നു.
പ്ലാറ്റിനം ജുബിലീ കൊണ്ടാടുന്ന സ്‌കൂളിൽനിന്ന് പതിനൊന്നു കൊല്ലം പഠിച്ച്, 1961ൽ പുറത്തിറങ്ങുമ്പോൾ, എഴുത്തിന്റെയും വായനയുടെയും, പഠനത്തിന്റെയും മനഃപാഠത്തിന്റെയും രീതിശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വലിയ മാറ്റം വന്നിരുന്നു. എഴുത്താണിയുടെയും ഓലയുടെയും കാലം മറന്നേക്കൂ. നമുക്ക് സ്ലേറ്റിന്റെയും പെൻസിലിന്റെയും കാലത്തുനിന്നു തുടങ്ങാം. പിന്നെ കടലാസ്സും പെൻസിലുമായി. സ്റ്റീൽ പെൻ ആയി, മഷിക്കുപ്പിയുടെ അകമ്പടി വേണ്ടാത്ത സ്റ്റീൽ പെൻ ആയി, ഫൗണ്ടൻ പെൻ ആയി. പല ഭാവത്തിലും വർണത്തിലുമുള്ള ബാൾ പോയ്ന്റിലേക്ക് അവിടന്ന് അകലം ഏറെയുണ്ടായിരുന്നില്ല.
ജുബിലിയാഘോഷത്തിന്റെ കാലയളവുമായി ഞാൻ സങ്കേതത്തിലെ മാറ്റങ്ങളെ പൊരുത്തപ്പെടുത്താൻ നോക്കി. ആദ്യമാദ്യം മനുഷ്യൻ എഴുതി പഠിച്ചത് ടേബ്ലറ്റ് എന്നു വിളിച്ച മൺ കട്ടകളിലായിരുന്നു. പേരിൽ ഇന്ന് ഉപയോഗിക്കുന്നത് ടേബ്ലറ്റ് തന്നെയാണെങ്കിലും എഴുത്തിനും വായനക്കും കടലാസും പേനയും വേണ്ടെന്നായിരിക്കുന്നു. പഴയ വിദ്യാർഥികൾക്ക് ഇതിലേ വന്നാൽ വഴി തെറ്റും.