റിയാദ് - സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളിൽ സൗദിവൽക്കരണം 73 ശതമാനമായി ഉയർന്നതായി അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം നാലാം പാദത്തെ കണക്കുകൾ പ്രകാരം ധനകാര്യ സ്ഥാപനങ്ങളിൽ 4,325 ജീവനക്കാരാണുള്ളത്. മൂന്നാം പാദത്തെ അപേക്ഷിച്ച് ജീവനക്കാരുടെ എണ്ണത്തിൽ 28 പേരുടെ കുറവ് രേഖപ്പെടുത്തി.
സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി ലൈസൻസുള്ള 96 ധനകാര്യ സ്ഥാപനങ്ങളാണുള്ളത്. ഇവയിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് എച്ച്.എസ്.ബി.സി സൗദി അറേബ്യയിലാണ്. ഈ സ്ഥാപനത്തിൽ 296 ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്തുള്ള റിയാദ് കാപ്പിറ്റലിൽ 291 ജീവനക്കാരും മൂന്നാം സ്ഥാനത്തുള്ള അൽഅഹ്‌ലി കാപ്പിറ്റലിൽ 285 ജീവനക്കാരും നാലാം സ്ഥാനത്തുള്ള സൗദി ഫ്രാൻസി കാപ്പിറ്റൽ കമ്പനിയിൽ 247 ജീവനക്കാരും അഞ്ചാം സ്ഥാനത്തുള്ള അൽറാജ്ഹി കാപ്പിറ്റൽ കമ്പനിയിൽ 238 ജീവനക്കാരുമുണ്ട്. ഏറ്റവും കുറവ് ജീവനക്കാർ ഗ്രീൻസ്റ്റോൺ കാപ്പിറ്റൽ കമ്പനിയിലാണ്. ഈ സ്ഥാപനത്തിൽ ആകെ രണ്ടു ജീവനക്കാർ മാത്രമാണുള്ളത്. എഫ്.എ.എം പാർട്‌ണേഴ്‌സ് കെ.എസ്.എയിൽ നാലു ജീവനക്കാരും മക്വാറി കാപ്പിറ്റൽ സൗദി അറേബ്യയിൽ അഞ്ചു ജീവനക്കാരുമുണ്ട്.
നാലു സ്ഥാപനങ്ങൾ 100 ശതമാനം സൗദിവൽക്കരണം പാലിച്ചിട്ടുണ്ട്. ഫാമിലി ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ്, മിറാക് കാപ്പിറ്റൽ, ശുറകാ അൽഖീമ ഇൻവെസ്റ്റ്‌മെന്റ്, തഅ്‌സീർ കാപ്പിറ്റൽ എന്നീ സ്ഥാപനങ്ങളാണ് 100 ശതമാനം സൗദിവൽക്കരമം പാലിച്ചത്. അൽഇൻമാ ഇൻവെസ്റ്റ്‌മെന്റ് 94 ശതമാനവും അൽറാജ്ഹി കാപ്പിറ്റൽ 87 ശതമാനവും റിയാദ് കാപ്പിറ്റലും അൽബിലാദ് ഇൻവെസ്റ്റ്‌മെന്റും 86 ശതമാനം വീതവും സൗദിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. നിലവിൽ ഈ മേഖലയിലെ സൗദിവൽക്കരണം തൃപ്തികരമാണെന്ന് സാമ്പത്തിക വിദഗ്ധൻ നാസിർ അൽഖഫാരി പറഞ്ഞു.