മക്കയിൽ വിദേശിക്ക് കൊറോണ ബാധ

മക്ക - മക്കയിൽ കാലികളുമായി അടുത്തിടപഴകിയ വിദേശിക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. ഇയാളുടെ ആരോഗ്യ നില ഭദ്രമാണ്. ഇയാളുമായി അടുത്തിടപഴകിയ എല്ലാവരെയും പരിശോധിച്ചിട്ടുണ്ട്. ഇവർക്ക് ആർക്കും കൊറോണ ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി. 
കാലിവളർത്തൽ കേന്ദ്രങ്ങളിൽ ഇടക്കിടക്ക് പരിശോധനകൾ നടത്തുന്നതിന് നഗരസഭയും കൃഷി മന്ത്രാലയവും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ആരോഗ്യ മന്ത്രാലയം സഹകരിക്കുന്നുണ്ടെന്ന് മക്ക പ്രവശ്യ ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അൽഉതൈബി പറഞ്ഞു. പകർച്ചവ്യാധി നിരീക്ഷണത്തിനിടെയാണ് കാലിവളർത്തൽ മേഖലയിൽ ജോലി ചെയ്യുന്ന വിദേശിക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തിയത്. 
ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി ചികിത്സ നൽകുന്നുണ്ട്. വിദേശിയുടെ ആരോഗ്യനില ഭദ്രമായിട്ടുണ്ട്. ഇയാളുമായി ഇടകലർന്ന എല്ലാവരെയും പരിശോധിച്ചിട്ടുണ്ട്. മറ്റാർക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. 
അതിനിടെ, കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഖുറയ്യാത്തിലെ ഒട്ടകച്ചന്ത അടപ്പിക്കുന്നതിന് ഖുറയ്യാത്ത് ഗവർണർ അബ്ദുല്ല അൽജാസിർ ഉത്തരവിട്ടു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ഒട്ടകച്ചന്ത അടപ്പിച്ചത്. ഖുറയ്യാത്തിലെ ഒട്ടകങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ നാലു ഒട്ടകങ്ങൾക്ക് കൊറോണ ബാധിച്ചതായി തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രദേശത്തെ ഒട്ടകച്ചന്ത അടക്കുന്നതിന് തീരുമാനിച്ചത്. ഖുറയ്യാത്തിലെ കാലിച്ചന്തയിൽ ഒട്ടകങ്ങളെ പ്രവേശിപ്പിക്കുന്നതും ചന്തയിൽ നിന്ന് ഒട്ടകങ്ങളെ പുറത്തേക്ക് കൊണ്ടുപോകുന്നതും മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കിയതായി ഖുറയ്യാത്ത് നഗരസഭ അറിയിച്ചു. 
സൗദി പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തി മുൻകരുതലെന്നോണമാണ് താൽക്കാലികമായി ഒട്ടകച്ചന്ത അടപ്പിച്ചത്. ചന്തയിലുള്ള ഒട്ടകങ്ങളുടെ കണക്ക് നഗരസഭ എടുത്തിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും ഖുറയ്യാത്ത് ബലദിയ മേധാവി എൻജിനീയർ സുമൈഹാൻ അൽശമ്മരി പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് വാദി ദവാസിർ ഒട്ടകച്ചന്ത പരിസ്ഥിതി, കൃഷി, ജല മന്ത്രാലയം ഇടപെട്ട് അടപ്പിച്ചിരുന്നു. വാദി ദവാസിറിൽ ഒട്ടകങ്ങൾക്കിടയിലും മനുഷ്യർക്കിടയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. 
അതേസമയം, പ്രതിരോധ ശേഷി കൂടുതലായതിനാലാണ് കൊറോണ ബാധിച്ച് ഒട്ടകങ്ങൾ ചാകാത്തതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മനുഷ്യന് താങ്ങുന്നതിന് സാധിക്കാത്ത നിലക്ക് വിശപ്പും ദാഹവും സഹിക്കുന്നതിന് ഒട്ടകങ്ങൾക്ക് പ്രത്യേക കഴിവുണ്ട്. മനുഷ്യരെ അപേക്ഷിച്ച് ഒട്ടകങ്ങളുടെ പ്രതിരോധ ശേഷിയും ഏറെ കൂടുതലാണ്. ദീർഘകാലം ഒട്ടകങ്ങളിൽ കൊറോണ വൈറസ് നിലനിൽക്കും. എന്നാൽ ഈ രോഗം മൂലം ഒട്ടകങ്ങൾ ചാകില്ല. തനിക്കും ഒട്ടകത്തെ പോലെ പ്രതിരോധ ശേഷിയുണ്ടെന്ന് സ്ഥാപിക്കുന്നതിനും കൊറോണ യാഥാർഥ്യമല്ലെന്ന് വാദിച്ചും ചിലർ ഒട്ടകങ്ങളെ ഉമ്മ വെക്കുകയും മറ്റും ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പിംഗുകൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നുണ്ട്. 
ഒട്ടകങ്ങളുമായി കൂടിക്കലർന്ന് കഴിയുന്ന തനിക്ക് ഇതുവരെ രോഗമൊന്നും ബാധിച്ചിട്ടില്ലെന്നും നിങ്ങൾ പറയുന്ന കൊറോണ എവിടെയെന്നും ചിലർ ആരായുന്നുണ്ട്. ഒട്ടകങ്ങളുമായി ഇടകലർന്ന് കഴിയുന്നവർക്ക് കൊറോണ ബാധിച്ചേക്കും. ജലദോഷവും മൂക്കൊലിപ്പുമായിട്ടായിരിക്കും ഇവരിൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുക. വൈകാതെ കൊറോണ വൈറസ് പ്രവർത്തനം ഇവരുടെ ശരീരത്തിൽ ഇല്ലാതാകും. എന്നാൽ തങ്ങളുമായി ഇടപഴകുന്ന മറ്റുള്ളവരിലേക്ക് ഇത്തരക്കാർ രോഗം പടർത്തും. 
പ്രായാധിക്യം ചെന്നവരും മാറാരോഗങ്ങൾ ബാധിച്ചവരും അടക്കമുള്ള കുടുംബാംഗങ്ങൾക്ക് രോഗം പടർന്നുപിടിക്കുന്നതിന് ഇവർ ഇടയാക്കും. ഇങ്ങിനെ രോഗം പടർന്നുപിടിക്കുന്ന മറ്റുള്ളവരിൽ കൊറോണയുടെ തീവ്രത കൂടുതലായിരിക്കും. ഒട്ടകങ്ങളുമായി ഇടപഴകുന്നവർ രോഗ വ്യാപനം തടയുന്നതിന് സഹായിക്കുന്ന മാസ്‌കുകൾ അടക്കമുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം. പതിവായി ഇവർ കൈകൾ സോപ്പും അണുനശീകരണികളും ഉപയോഗിച്ച് കഴുകുകയും വേണം. പനി, തൊണ്ടവേദന, പേശീവേദന, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി തൊട്ടടുത്ത ഹെൽത്ത് സെന്ററുകളെയോ ആശുപത്രികളെയോ സമീപിക്കണമെന്നും പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് പുറത്തിറക്കിയ വീഡിയോ ക്ലിപ്പിംഗിലൂടെ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

 

Latest News