പുല്‍വാമയില്‍ ചാവേര്‍ ഉപയോഗിച്ച വാന്‍ തിരിച്ചറിഞ്ഞു; ഉടമയെ തിരയുന്നു

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പുല്‍വാമ ഹൈവയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ സുപ്രധാന വഴിത്തിരിവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറിയിച്ചു. ഈ മാസം 14 ന് നടന്ന ആക്രമണത്തില്‍ ഉപയോഗിച്ചത് മിനിവാനാണെന്നും ഇതിന്റെ ഉടമ ഒളിവിലാണെന്നും എന്‍.ഐ.എ പത്രക്കുറിപ്പില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ചിതറിയ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ ചേര്‍ത്തുവെച്ചാണ് മിനി വാന്‍ തിരിച്ചറിഞ്ഞത്. ഫോറന്‍സിക്, വാഹന വിദഗ്ധരുടെ സഹയാത്തോടെയായിരുന്നു പരിശോധന.
ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുള്ള ഹെവന്‍ കോളനിയിലെ താമസക്കാരന്‍ 2011 ല്‍ വില്‍പന നടത്തിയ മാരുതി സുസുകി വാനാണിതെന്ന് എന്‍.ഐ.എ അറിയിച്ചു. തുടര്‍ന്ന് ഏഴു തവണ കൈമാറ്റം ചെയ്യപ്പെട്ട മിനി വാന്‍ ഒടുവില്‍ അനന്ത്‌നാഗിലെ സജ്ജാദ് ഭട്ട് എന്നയാളുടെ കൈകളിലാണെത്തിയിരുന്നത്. കഴിഞ്ഞ ദിവസം എന്‍.ഐ.എ ഇയാളുടെ വസതി കണ്ടെത്തി പരിശോധിച്ചുവങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായില്ല. ഇയാളും ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നിരിക്കാമെന്നും അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവിലാണെന്നും ഏജന്‍സി കരുതന്നു. ആയുധങ്ങളേന്തിയുള്ള സജ്ജാദിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News