അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച് സുഡാനില്‍ പ്രക്ഷോഭം തുടരുന്നു

സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീറും പുതുതായി ചുതലയേറ്റ ഗവര്‍ണര്‍മാരും

ഖാര്‍ത്തൂം- അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സുഡാനില്‍ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. സുഡാനീസ് പ്രൊഫഷണല്‍ കൂട്ടായ്മയും പ്രതിപക്ഷത്തെ സഖ്യ കക്ഷികളുമാണ് അടിയന്തരാവസ്ഥ തള്ളാനും പ്രകടനം നടത്താനും ആഹ്വാനം ചെയ്തത്.
നൈലിന്റെ പടിഞ്ഞാറന്‍ തീരത്ത് ഒംദുര്‍മാന്‍ പട്ടണത്തിലെ പ്രധാന മാര്‍ക്കറ്റില്‍ നടന്ന പ്രകടനത്തില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണീര്‍ വാതകവും ഗ്രനേഡുകളുപയോഗിച്ചാണ് സുരക്ഷാ സൈനികര്‍ ജനങ്ങളെ പിരിച്ചുവിട്ടത്. നഗരത്തിലെ മറ്റു കേന്ദ്രങ്ങളിലും പ്രകടനം നടന്നു. അടിയന്തരാവസ്ഥയെ വെല്ലുവിളിച്ചാണ് ജനങ്ങളുടെ പ്രതിഷേധമെന്ന് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന പ്രൊഫഷണല്‍ കൂട്ടായ്മ പറഞ്ഞു. ഒംദുര്‍മാനിലെ പ്രതിഷേധ പ്രകടനങ്ങളുടെ വിഡിയോകളും ഫോട്ടോകളും സമരക്കാര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.
ബെറിയുടെ പ്രാന്തപ്രദശങ്ങളില്‍നിന്ന്് നിരവധി പെണ്‍കുട്ടികളെ സൈന്യം അറസ്റ്റ് ചെയ്തതായും പ്രതിഷേധ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സയന്‍സസ് വിദ്യാര്‍ഥികള്‍ സമര രംഗത്തുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂനിവേഴ്‌സിറ്റി ക്യാമ്പസിനകത്ത് വിദ്യാര്‍ഥികളെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. യുനിവേഴ്‌സിറ്റിയുടെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീര്‍ സര്‍ക്കാരുകളെ പിരിച്ചുവിട്ട് ഒരുവര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എല്ലാ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും പകരം സൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ 19-ന് രാജ്യത്ത് ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചത്.  അക്രമാസ്‌കതരായ പ്രതിപക്ഷ പ്രകടനങ്ങളെ നേരിട്ട സൈനികര്‍ 50 പേരെ കൊലപ്പെടുത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു. 30 പേര്‍ കൊല്ലപ്പെട്ടുവന്നാണ് സര്‍ക്കാര്‍ കണക്ക്.

 

 

Latest News