മോഡിയും അഞ്ച് പെണ്ണുങ്ങളും

മോഡിക്ക് വെല്ലുവിളി മൂന്ന് പെണ്ണുങ്ങളാണ് -മമതാ ബാനർജിയും ജയലളിതയും പ്രിയങ്കാ ഗാന്ധിയും. മോഡിയെ സംരക്ഷിക്കാൻ അരയും തലയും മുറുക്കി രണ്ട് പെണ്ണുങ്ങളുണ്ട് -സ്മൃതി ഇറാനിയും നിർമല സീതാരാമനും.
സ്വന്തം ഭാര്യയെയും കുടുംബത്തെയും കൈവിട്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വരുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ അഞ്ച് പെണ്ണുങ്ങൾക്ക് വലിയ പങ്കുണ്ടാവും. അദ്ദേഹത്തെ താഴെ ഇറക്കാൻ ശപഥം ചെയ്തിരിക്കുയാണ് ബംഗാളിലെ ഉരുക്കു വനിത മമതാ ബാനർജിയും ഉത്തർപ്രദേശിലെ ദളിത് നേതാവ് മായാവതിയും ഗാന്ധി കുടുംബത്തിന്റെ പതാകയേന്തിയ പ്രിയങ്കയും. അതേസമയം മോഡിയുടെ ഏറ്റവും വാചാലരായ പിന്തുണക്കാരായി സ്മൃതി ഇറാനിയും നിർമല സീതാരാമനുമുണ്ട്. 
പാർലമെന്റിലും നിയമസഭയിലും പയറ്റിത്തെളിഞ്ഞ പരിചയമുണ്ട് മമതക്ക്. പലതവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട് മായാവതി. പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുന്നത് ആദ്യമായിട്ടാണെങ്കിലും കുട്ടിക്കാലം മുതൽ രാഷ്ട്രീയം കണ്ടു വളർന്നവളാണ്. ഇത്തവണ പ്രതിപക്ഷത്താണ് കൂടുതൽ ശക്തരായ വനിതകളെന്ന് മുൻ ബി.ജെ.പി നേതാവ് യശ്്‌വന്ത് സിൻഹ പറയുന്നു. വോട്ടർമാരിൽ, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാരിൽ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്ന് അദ്ദേഹം കരുതുന്നു. പ്രിയങ്കാഗാന്ധിയുടെ രംഗപ്രവേശം ഉത്തർപ്രദേശിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. 
തൂക്കുസഭയാണ് വരുന്നതെങ്കിൽ പ്രധാനമന്ത്രിയാവാൻ വരെ സാധ്യതയുള്ള ലീഡറാണ് മമത. അറുപത്തിനാലുകാരി രണ്ടു തവണ റെയിൽവേ മന്ത്രിയായിട്ടുണ്ട്. ഉത്തർപ്രദേശിൽ എസ്.പി-ബി.എസ്.പി സഖ്യത്തിന് രൂപം കൊടുത്തതിൽ അറുപത്തിമൂന്നുകാരിയായ മായാവതിക്ക് വലിയ പങ്കുണ്ട്. 
മോഡി സർക്കാർ സ്ത്രീകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷത്തെ സ്ത്രീനേതാക്കളുടെ സാന്നിധ്യമൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും ബി.ജെ.പി പറയുന്നു. മോഡി സർക്കാരിൽ ആറ് വനിതകളുണ്ട്. ബേടി ബചാവൊ, ബേടി പഡാവൊ തുടങ്ങി നിരവധി സ്ത്രീസുരക്ഷാ പദ്ധതികളും സ്വഛ് ഭാരത് വഴി നിരവധി ടോയ്‌ലറ്റുകൾ സ്ഥാപിച്ചതുമൊക്കെയായി വഴി സ്ത്രീകൾക്കായി നിലകൊണ്ട സർക്കാരാണ് ഇതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 
പ്രിയങ്ക മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയാണ് അവർക്ക് കോൺഗ്രസ് നൽകിയിരിക്കുന്നത്. മായാവതി മത്സരിക്കുമോയെന്ന് വ്യക്തമല്ല. മമതാ ബാനർജി എന്തായാലും സ്ഥാനാർഥിയാവാനില്ല. ഇലക്്ഷനു ശേഷം കാറ്റുനോക്കിയേ അവർ ദൽഹിയിലേക്ക് പോവണമോയെന്ന് തീരുമാനിക്കൂ. 
ബി.ജെ.പി പക്ഷത്ത് സുഷമ സ്വരാജും ഉമാ ഭാരതിയും വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മോഡി ഏറ്റവും പിന്തുണച്ച വനിതാ ലീഡർ സ്മൃതി ഇറാനി ആയിരുന്നു. വലിയ ഭരണ പരിചയമോ വിദ്യാസമ്പന്നയോ അല്ലാതിരുന്നിട്ടും അവരെ മനുഷ്യവിഭവ ശേഷി മന്ത്രിയാക്കി. നിരന്തരം വിവാദം സൃഷ്ടിച്ചതോടെ മറ്റൊരു സുപ്രധാന വകുപ്പായ വാർത്താവിതരണ മന്ത്രാലയത്തിലേക്കു മാറ്റി. രണ്ടും കാബിനറ്റ് പദവിയോടെ. അവിടെയും പരാജയപ്പെട്ടപ്പോൾ താരതമ്യേന അപ്രധാനമായ ടെക്‌സ്റ്റൈൽസ് വകുപ്പിലേക്ക് മാറ്റുകയും നിർമല സീതാരാമനെ മുൻനിരയിലേക്ക്് കൊണ്ടുവരികയും ചെയ്തു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയെ സംരക്ഷിക്കാൻ നിർമല നടത്തിയ പോരാട്ടങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്മൃതി നേരത്തെ മോഡി വിരുദ്ധ ക്യാമ്പിലായിരുന്നു. എന്നാൽ മോഡി പ്രധാനമന്ത്രിയായതോടെ അവർ പൂർണമായ വിധേയത്വം പ്രഖ്യാപിച്ചു. മോഡി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്ന ദിവസം താനും വിടവാങ്ങുമെന്ന പ്രഖ്യാപനത്തിലൂടെ വിധേയത്വത്തിന്റെ മാറ്റ് തെളിയിക്കുകയും ചെയ്തു.
സ്മൃതിയുടെ മുത്തച്ഛൻ ആർ.എസ്.എസുകാരനായിരുന്നു. അമ്മ ജനസംഘത്തിൽ അംഗവും. അതേസമയം നിർമലയുടെ ഭർത്താവിന്റെ കുടുംബം കോൺഗ്രസുകാരായിരുന്നു. സ്മൃതി ഇതുവരെ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടില്ല. 2009 ൽ കപിൽ സിബലിനെതിരെയും 2014 ൽ രാഹുൽ ഗാന്ധിക്കെതിരെയും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. അമേത്തിയെ 2014 നു ശേഷം പ്രത്യേകം അവർ നോട്ടമിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ആക്രമിക്കാനുള്ള ഒരവസരവും കൈവിടാറില്ല. ഇത്തവണയും രാഹുലിനെതിരെ മത്സരിക്കാനാണ് സാധ്യത.
നിർമല സീതാരാമൻ ഇതുവരെ ഇലക്്ഷനിൽ മത്സരിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ സഖ്യം നിലവിൽ വന്നതോടെ നിർമല സൗത്ത് ചെന്നൈയിൽ നിന്ന് മത്സരിക്കാൻ സാധ്യതയേറെയാണ്. മധുരയിലാണ് നിർമല ജനിച്ചത്. നിർമലയെ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിപ്പിക്കണമെന്ന് കേരള ബി.ജെ.പി ഘടകം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

 

Latest News