ഏഴു പതിറ്റാണ്ടായി കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മത്സരിക്കുന്നത് രണ്ടിടത്ത്. അതിൽ മാറ്റമില്ല. മലപ്പുറവും പൊന്നാനിയും തന്നെ. സ്ഥാനാർഥികൾക്കും മാറ്റമില്ല.
മൂന്നാമതൊരു സീറ്റിനുള്ള അവകാശം മിക്ക തെരഞ്ഞെടുപ്പിലും കോൺഗ്രസ് അംഗീകരിക്കാറുണ്ട്. പക്ഷേ മുസ്ലിം ലീഗ് സ്വന്തം സ്ഥാനാർഥിയെ നിർത്താറില്ല. ആ രീതി തുടരും. മൂന്നാമതൊരു സീറ്റ് ലീഗിന് നൽകണമെങ്കിൽ അത് മലബാറിൽ വേണം. ലീഗിന് താൽപര്യം വയനാടാവും. ആ മണ്ഡലത്തിൽ ഏതാണ്ടെല്ലായിടത്തും ലീഗിന് സ്വാധീനമുണ്ട്. പക്ഷേ ജയമുറപ്പിക്കാവുന്ന ഏക സീറ്റ് മുസ്ലിം ലീഗിന് നൽകിയാൽ കോൺഗ്രസിൽ അസംതൃപ്തി സകല പരിധികളും ലംഘിച്ച് പതയും.
കെ.എം. മാണിയുടെ പുത്രന് രാജ്യസഭാ സീറ്റ് നൽകിയതിന്റെയും അതിന് പി.കെ. കുഞ്ഞാലിക്കുട്ടി മുൻകൈ എടുത്തതിന്റെയും മുറിവ് ഉണങ്ങി വരുന്നതേയുള്ളൂ. മറ്റു മണ്ഡലങ്ങളിലൊന്നും ലീഗിന്റെ സ്ഥാനാർഥിയായാൽ ജയസാധ്യത നന്നെ കുറയും.
1957 മുതൽ മുസ്ലിം ലീഗിന് കേരളത്തിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലാണ് മത്സരിച്ചു പോരുന്നത്. രണ്ട് തെരഞ്ഞെടുപ്പിലൊഴികെ രണ്ട് പേരും ജയിച്ചു. മലപ്പുറം ജില്ലാ രൂപീകരണത്തിനും മുമ്പ് 1952ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ബി. പോക്കർ മുസ്ലിം ലീഗ് സ്ഥാനാർഥിയായി ലോക്സഭയിലെത്തി. 1957 മുതൽ മഞ്ചേരി, കോഴിക്കോട് മണ്ഡലങ്ങളിൽ ലീഗ് ജനവിധി തേടി. ഇന്നത്തെ മലപ്പുറത്തിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന കോഴിക്കോട്ട് സ്വതന്ത്രനായി മത്സരിച്ച സീതിസാഹിബ് തോൽവിയടഞ്ഞപ്പോൾ മഞ്ചേരിയിൽ ലീഗ് സ്ഥാനാർഥിയാണ് ജയിച്ചത്. 1962 ൽ പക്ഷേ ലീഗിന് വേണ്ടി ജനവിധി തേടിയ സി.എച്ച് മുഹമ്മദ് കോയ നേരിയ വോട്ടിന് ജയിച്ചു. ത്രികോണ മത്സരമായിരുന്നു ഇവിടെ തൊട്ടടുത്ത എതിരാളി കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിക്ക് 33.72 തമാനം വോട്ട് കിട്ടിയപ്പോൾ സി.എച്ചിന് 33.97 ശതമാനം വോട്ട് ലഭിച്ചു.
1967, 1971 എന്നീ തെരഞ്ഞെടുപ്പുകളിലും കോഴിക്കോട് , മഞ്ചേരി മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർഥി ജയിച്ചു. 1967ലെ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ പോൾ ചെയ്ത വോട്ടിന്റെ 68.54 ശതമാനം വോട്ട് നേടിയാണ് ഖാഇദെ മില്ലത്ത് എന്ന് വിളിക്കുന്ന മുഹമ്മദ് ഇസ്മായിൽ സാഹിബ് ജയിച്ചത്. 1971ൽ ഇസ്മായിൽ സാഹിബിന് 67.60 ശതമാനം വോട്ട് കിട്ടി. എതിർ സ്ഥാനാർഥിക്ക് ആകെ കിട്ടിയത് 30.36 ശതമാനം വോട്ട് മാത്രം. 171490 വോട്ടിനെതിരെ 51569 വോട്ട് മാത്രം. 47.24 ശതമാനം വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം.
1977 മുതൽ മണ്ഡലങ്ങളുടെ സ്വഭാവം മാറി. അതിരുകളും മാറി. മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളിലായി ലീഗിന്റേത്. ഭൂരിപക്ഷത്തിൽ മുമ്പിൽ നിന്നത് പൊന്നാനിയായിരുന്നു. 1977ൽ ലീഗിലെ ജി.എം.ബനാത്ത്വാലക്ക് 63.95 ശതമാനം വോട്ട് ലഭിച്ചു. എതിരാളിക്ക് 36.05 ശതമാനം വോട്ടും 27.89 ശതമാനത്തിന്റെ ഭൂരിപക്ഷം. ഇതേ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ ലീഗിലെ ഇബ്രാഹിം സുലൈമാൻ സേട്ടിന് 61.27 ശതമാനം വോട്ടും 22.54 ശതമാനത്തിന്റെ ഭൂരിപക്ഷവുമുണ്ടായിരുന്നു.
1989 വരെ സുലൈമാൻ സേട്ട് മഞ്ചേരിയിലും ബനാത്ത്വാല പൊന്നാനിയിലും തുടരെ ജയിച്ചു കയറിയപ്പോൾ 1991 ൽ മഞ്ചേരിയിൽ ഇ.അഹമ്മദ് സ്ഥാനാർഥിയായി. സുലൈമാൻ സേട്ട് പൊന്നാനിയും.
1967 മുതൽ 1996 വരെ കാലത്തിനിടെ മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർഥികൾ 50 ശതമാനത്തിലേറെ വോട്ട് നേടിയാണ് ജയിച്ചത്. 1989 ൽ മഞ്ചേരിയിലെ വോട്ട് 49.84 ശതമാനമായി. എന്നാൽ 1996 ൽ മഞ്ചേരിയിൽ 48.46, പൊന്നാനിയിൽ 49.63 ശതമാനം, 1998 ൽ മഞ്ചേരി 49.65, പൊന്നാനി 50.23 എന്നിങ്ങനെയും ആയി.
1999 ൽ വീണ്ടും 50 ശതമാനത്തിന് മുകളിലെത്തിയെങ്കിൽ 2004 ൽ മുസ്ലിം ലീഗിലെ കെ.പി.എ.മജീദ് മഞ്ചേരിയിൽ 47743 വോട്ടിന് തോറ്റു. ലീഗ് സ്ഥാനാർഥിക്ക് കിട്ടിയത് 41.79 ശതമാനം വോട്ട്. അതേസമയം പൊന്നാനിയിൽ ഇ.അഹമ്മദ് 48 ശതമാനം വോട്ടും ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷവും നേടി.
2009 ആയപ്പോഴേക്കും മണ്ഡലങ്ങളുടെ അതിർത്തികൾ പുനർ നിർണയിച്ചു. മലപ്പുറവും പൊന്നാനിയുമായി മാറി. 2009 ൽ മലപ്പുറത്ത് 54.63 ശതമാനം വോട്ടും 115597 വോട്ടിന്റെ ഭൂരിപക്ഷവും ഇ.അഹമ്മദ് നേടിയപ്പോൾ പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിന് ലഭിച്ചത് 50.14 ശതമാനം വോട്ടും 82684 വോട്ടിന്റെ ലീഡും. 2014 ൽ പൊന്നാനിയിലേത് 43.43 ശതമാനമായി കുറഞ്ഞു. മലപ്പുറത്തേത് 51.29 ശതമാനവും ആയി. 2017 ൽ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി 1.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കണക്കിലെടുത്താൽ പൊന്നാനി യു.ഡി.എഫിന് വെല്ലുവിളിയാണ്. ഇവിടെ അബ്ദുസ്സമദ് സമദാനിയെ മത്സരിപ്പിക്കാമെന്ന നിർദ്ദേശമുണ്ടെങ്കിലും അത് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കാതിരിക്കുകയും ഇ.ടി മലപ്പുറത്തേക്ക് മാറുകുയം ചെയ്താൽ മാത്രമാണ്.






