- അവസാനം വന്നയാൾക്ക് സീറ്റ് ഉറപ്പ്
ദൽഹിയിൽ കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും കോൺഗ്രസിന്റെ നില ദയനീയമായിരുന്നു. രണ്ടു തവണയും കോൺഗ്രസ് കൈത്താങ്ങില്ലാതെ നിലംപൊത്തി. ലോക്‌സഭാ ഇലക്ഷനിൽ ദൽഹിയിലെ ഏഴ് സീറ്റും ബി.ജെ.പി തൂത്തുവാരി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മൃഗീയ ഭൂരിപക്ഷം നേടി. ബി.ജെ.പിയുടെയും ആം ആദ്മി പാർട്ടിയുടെയും പ്രഭ മങ്ങിയതോടെ കോൺഗ്രസിന് വീണ്ടും പ്രതീക്ഷ ഉണരുകയാണ്. ഏഴ് സീറ്റിനായി എഴുപതോളം പേരാണ് രംഗത്തുള്ളത്. മുൻ എം.പിമാരും എം.എൽ.എമാരുമൊക്കെ കുപ്പായമിട്ടു കഴിഞ്ഞു.
വിജയസാധ്യതയുള്ളവരെ കണ്ടെത്താൻ ദൽഹി കോൺഗ്രസ് പ്രസിഡന്റ് ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പി.സി ചാക്കോ, കെ.സി വേണുഗോപാൽ എന്നിവർ കമ്മിറ്റിയിലുണ്ട്. ഒരു സീറ്റിൽ ഏതാണ്ട് പത്ത് എന്ന ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മൂന്ന് വീതമാക്കിച്ചുരുക്കുകയാണ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ദൗത്യം. ഈ 21 പേരിൽ നിന്ന് അവസാന ഏഴു പേരുകൾ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി തീരുമാനിക്കും.
ഒരാൾക്കു മാത്രമാണ് ഇപ്പോൾ സീറ്റുറപ്പ്. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ബിഹാറിലെ ദർബംഗ സിറ്റിംഗ് എം.പി കീർത്തി ആസാദിനു മാത്രം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിക്കെതിരെ നോർത്ഈസ്റ്റ് ദൽഹിയിൽ കീർത്തി മത്സരിക്കും. 1983 ൽ ലോകകപ്പ് നേടിയ കപിൽദേവിന്റെ ടീമിലെ ഓൾറൗണ്ടറാണ് കീർത്തി ആസാദ്.
ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിനാണ് ഏറ്റവും വലിയ പിടിവലി. ദൽഹി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാറൂൻ യൂസുഫ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ട മുഖർജി തുടങ്ങിയവർ ചാന്ദ്‌നി ചൗക്കിൽ നോട്ടമിട്ടിട്ടുണ്ട്. ചാന്ദ്‌നി ചൗക്കിൽ നിന്ന് നേരത്തെ ജയിച്ചിട്ടുള്ള കപിൽ സിബൽ ഇപ്പോൾ രാജ്യസഭാ എം.പിയാണ്.
ന്യൂദൽഹി മണ്ഡലത്തിൽ മുൻ ദൽഹി കോൺഗ്രസ് മേധാവി അജയ് മാക്കാൻ മത്സരിക്കാനാണ് സാധ്യത. ഈസ്റ്റ് ദൽഹിയിൽ ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത് ഉൾപ്പെടെയുള്ളവർ പരിഗണിക്കപ്പെടുന്നു.






