ജിദ്ദ - സാമൂഹികമാധ്യമങ്ങൡലൂടെ സൗദി വനിതകൾക്കു നേരെ തെറിയഭിഷേകം നടത്തുകയും സൗദി സമൂഹത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത ഫലസ്തീനിയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സൗദി വനിതകളെ തെറിവിളിക്കുകയും സമൂഹത്തെ അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിംഗ് ആണ് ഫലസ്തീനി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇത് പൊതുസമൂഹത്തിന്റെ കടുത്ത രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പോലീസിന് നിർദേശം നൽകി.
അതേസമയം, ഒരു വർഷം മുമ്പ് പുറത്തുവിട്ടതാണ് ക്ലിപ്പിംഗ് എന്നും ഇതിന്റെ പേരിൽ താൻ ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഫലസ്തീനി വാദിച്ചു. ജനാദ്രിയ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട വകുപ്പുകൾ തന്നെ വിലക്കിയതിനെ തുടർന്നാണ് വിവാദ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈ കേസിൽ മൂന്നു മാസം തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്നു മാസത്തിനു ശേഷമാണ് അന്ന് ജയിലിൽ നിന്ന് വിട്ടയച്ചതെന്നും ഫലസ്തീനി വാദിച്ചു.
ജിദ്ദയിലെ സ്റ്റാൾ കേന്ദ്രീകരിച്ച് റമദാൻ വിഭവമായ പാകം ചെയ്ത കരൾ ഇറച്ചി (കിബ്ദ) വിൽക്കുന്നത് ബന്ധപ്പെട്ട വകുപ്പുകൾ തടഞ്ഞതിനെ തുടർന്നാണ് ഫലസ്തീനി യുവാവ് സൗദി വനിതകളെയും സമൂഹത്തെയും തെറിവിളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തന്റെ സൗന്ദര്യം കാരണം സൗദി വനിതകൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതാണ് കിബ്ദ വിൽപന തടയുന്നതിന് അധികൃതരെ പ്രേരിപ്പിച്ചതെന്ന് വാദിച്ച യുവാവ് സൗദി വനിതകളെയും അവരുടെ ബന്ധുക്കളെയും തെറിവിളിക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ വാദം ശരിയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉറവിടം അറിയാത്ത കിബ്ദ വിൽപന നടത്തിയതിനും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് നേടാത്തതുമാണ് ഫലസ്തീനിയെ വിലക്കുന്നതിന് കാരണം.
അതേസമയം, ഫലസ്തീനി യുവാവ് പ്രതിനിധീകരിക്കുന്ന സ്വകാര്യ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചതായി ജിദ്ദ ഡിസ്ട്രിക്ട്‌സ് സെന്റർ സൊസൈറ്റി അറിയിച്ചു. യുവാവ് പ്രതിനിധീകരിക്കുന്ന കമ്പനിയുമായി തങ്ങൾ കരാർ ഒപ്പുവെച്ചിരുന്നു. വീഡിയോ ക്ലിപ്പിംഗ് പുറത്തുവന്നതിനെ തുടർന്ന് കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതിന് ജിദ്ദ ഗവർണറേറ്റുമായി തങ്ങൾ ആശയവിനിമയം നടത്തിയതായും സൊസൈറ്റിയിലെ ഇവന്റ്‌സ് കമ്മിറ്റി പ്രസിഡന്റ് ഡോ. മൻസൂർ അൽഹാരിഥി പറഞ്ഞു.






