മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം സമാപിച്ചു 

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് സംസാരിക്കുന്നു.
  • ഫാസിസത്തിനെതിരെ യോജിച്ച പോരാട്ടമുണ്ടാകണം -സച്ചിൻ പൈലറ്റ്

മലപ്പുറം- വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസിനോടൊന്നിച്ചു എല്ലാ കക്ഷികളും ഒത്തൊരുമയോടെ പോരാടണമെന്നു രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. 
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനമാണ് യുപിഎയും കേരളത്തിലെ യുഡിഎഫും. വർഗീയഫാസിസ്റ്റുകളെ പരാജയപ്പെടുത്തി മതേതര ശക്തിയുടെ കൂടെ നിൽക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം. കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല. അക്രമ രാഷ്ട്രീയം വേദനാജനകമാണ്. പൊതു തെരഞ്ഞെടുപ്പിൽ സിപിഎം നടത്തുന്ന അക്രമങ്ങൾക്കെതിരെയും ബിജെപിയുടെ വർഗീയതക്കെതിരെയും മറുപടി നൽകി കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയം നേടണമെന്നും അദ്ദേഹം പറഞ്ഞു. 
ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലെത്താനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നതെന്നു തുടർന്നു പ്രസംഗിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. അഞ്ചു വർഷത്തെ ഭരണ പരാജയം മറച്ച് വെയ്ക്കാൻ പുതിയ തന്ത്രങ്ങൾ മെനയുകയാണ് മോഡിയും ബിജെപിയും. പുൽവാമ ഭീകരാക്രമണത്തിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തന ജീവിതത്തിൽ ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ശിഹാബ് തങ്ങളുടെ പേരിൽ ലഭിച്ച പുരസ്‌കാരത്തിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാൽ എംപിക്ക് കോഴിക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമർപ്പിച്ചു. 

 

***

മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളനത്തോടെ സമാപനം. ആവേശം അലയടിച്ചു. ജില്ലാ മുസ്‌ലിം ലീഗ് കാമ്പയിന്റെ സമാപന ഭാഗമായി നടന്ന ജില്ലാ സമ്മേളനത്തിന് ഏഴു ദിവസങ്ങളായി നടന്ന വിവിധ പരിപാടികളോടെയാണ് സമാപനമായത്. ഇന്നലെ വൈകിട്ട് വൈറ്റ് ഗാർഡ് പരേഡോടെയാണ് സമാപനസമ്മേളനത്തിന് തുടക്കം കുറിച്ചത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ നടന്ന സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. 
രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ ഉപനേതാവ്  രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, അഡ്വ. യു എ ലത്തീഫ്, എം. എൽ. എമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, പി. അബ്ദുൽ ഹമീദ്, അഡ്വ. കെ.എൻ.എ. ഖാദർ, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീർ, അഡ്വ. എം. ഉമ്മർ, ടി.വി. ഇബ്രാഹിം, എൻ.എ. നെല്ലിക്കുന്ന്, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ഡോ. സി.പി. ബാവഹാജി, യു സി രാമൻ, അഡ്വ. വി വി പ്രകാശ്, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. പി എം സാദിഖലി, ടി പി അഷ്‌റഫലി തുടങ്ങിയവർ സംസാരിച്ചു.  കെ.സി. വേണുഗോപാൽ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരവും നിർമ്മാൺ കൺസ്ട്രക്ഷൻ എം ഡി നിർമ്മാൺ മുഹമ്മദലിക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ  സമ്മാനിച്ചു. 

 

Latest News