ഇടുക്കി- മറയൂര്‍ -മൂന്നാര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാര്‍ കത്തി നശിച്ചു. മറയൂരില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ലക്കം ഭാഗത്ത് വച്ചാണ് കാറിന് തീ പിടിച്ചത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് ഒറ്റപ്പാറ സ്വദേശി മുഹമ്മദ് സലീമും കുടുംബവും സഞ്ചരിച്ച കാറാണ് പൂര്‍ണമായും കത്തി നശിച്ചത്. കാറില്‍ മുഹമ്മദ് സലീം, ഭാര്യ സിത്താര, മക്കളായ ഇര്‍ഫാന്‍, അല്‍ ജാഫര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരില്‍ പോയി മടങ്ങി വരവെ വൈകിട്ട് 7.30 ന് ലക്കം ഭാഗത്ത് വെച്ച് കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി കാറില്‍ നിന്ന് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയ സമയത്ത് തീ ആളിപ്പടരുകയായിരുന്നു. വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്ന മക്കളെ എടുത്ത് അതിവേഗം പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ഓടിയെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. മറയൂര്‍ പോലീസ് സ്ഥലത്തെത്തി.