ജിദ്ദ- വടക്കൻ ജിദ്ദയിൽ അസ്ഫാൻ ഇൻഡസ്ട്രിയൽ നഗരത്തിൽ പുതിയ വാഹനപരിശോധന കേന്ദ്രം നിർമിക്കുന്നതിന് കരാർ ഒപ്പുവെച്ചു.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിദ്ധ്യത്തിലാണ് ബന്ധപ്പെട്ടവർ കരാറിൽ ഏർപ്പെട്ടത്. മക്കാ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ, ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അൽനുസ്ഹ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്തിരുന്ന പഴയ സ്റ്റേഷന് പകരമാണ് നൂതനമായ രീതിയിൽ പുതിയ വാഹന പരിശോധന കേന്ദ്രം സ്ഥാപിക്കുന്നത്. വ്യവസായ നഗരം സ്മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് 15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അഞ്ച് ട്രാക്കുകളോടെ പുതിയ പരിശോധന കേന്ദ്രം പണി കഴിപ്പിക്കുന്നത്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നതാണ് കരാർ വ്യവസ്ഥ ചെയ്യുന്നത്. നിർമാണത്തിന് പുറമെ, വാഹന പരിശോധന നടത്തിപ്പിന്റെ ചുമതലയും കരാർ കമ്പനിക്ക് നൽകിയിട്ടുണ്ട്.
ജിദ്ദയിൽ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി ഇൻഡസ്ട്രിയൽ വ്യവസായം അസ്ഫാനിലേക്ക് മാറ്റുന്നതിന് മക്കാ ഗവർണർ നിർദേശം നൽകിയത്.
രണ്ട് വർഷം മുമ്പായിരുന്നു ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്. അഞ്ച് ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അസ്ഫാനിലെ വ്യവസായ നഗരം നിലകൊള്ളുന്നത്. ഡെക്കറേഷൻ, അറ്റകുറ്റപ്പണികൾ, സ്‌പെയർപാർട്‌സ് ഷോപ്പുകൾ തുടങ്ങി
വ്യത്യസ്തമായ 2400 ഓളം വർക്‌ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് നിർമാണം പൂർത്തിയാകുന്ന മുറക്ക് ഇവിടെ പ്രവർത്തിക്കുക. പദ്ധതി പ്രദേശത്തിന്റെ 50 ശതമാനം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ 936 വർക്‌ഷോപ്പുകളുടെ നിർമാണ പ്രവർത്തനങ്ങൾ അസ്ഫാനിൽ പുരോഗമിച്ചുവരികയാണ്. രണ്ടാം ഘട്ടത്തിലാണ് 1300 വർക്‌ഷോപ്പുകൾ പൂർത്തിയാകും. പദ്ധതി സാക്ഷാത്കരിക്കുന്നതോടെ വ്യവസായ നഗരത്തിന്റെ പ്രവർത്തനങ്ങൾ ഇലക്‌ട്രോണിക് ശൃംഖലയിൽ ബന്ധിപ്പിക്കുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്യും.






