പഴയ കാലത്തെ റൊട്ടി നിര്‍മാണം സൗദിയിലെ പുതു തലമുറക്ക് കൗതുകം

തുറൈഫില്‍ നടക്കുന്ന അഞ്ചാമത് ഫാല്‍ക്കണ്‍സ് ഫെസ്റ്റിവലില്‍ പരമ്പരാഗതമായ നേര്‍ത്ത റൊട്ടി ഉണ്ടാക്കുന്നു.

തുറൈഫ് - സൗദി അറേബ്യ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുമുമ്പ് വീടുകളില്‍ സ്ത്രീകള്‍ സ്വന്തമായി ഉണ്ടാക്കിയിരുന്ന റൊട്ടി, ഇപ്പോഴും ഉണ്ടാക്കുന്നതു കണ്ടപ്പോള്‍, പഴയ തലമുറക്ക് മാത്രമല്ല, പുതിയ തലമുറക്കും കൗതുകം. തുറൈഫില്‍ നടക്കുന്ന അഞ്ചാമത് ഫാല്‍ക്കണ്‍സ് ഫെസ്റ്റിവലില്‍ പ്രായം ചെന്ന സ്ത്രീകള്‍ പരമ്പരാഗതമായ നേര്‍ത്ത റൊട്ടി ഉണ്ടാക്കുന്നത് കാണാന്‍ എല്ലാ പ്രായത്തിലുമുള്ള ജനങ്ങള്‍ തടിച്ചുകൂടി.
സൗദിയുടെ വടക്കന്‍ പ്രവിശ്യകളില്‍ നിലനിന്നിരുന്ന പ്രത്യേക റൊട്ടി നിര്‍മ്മാണം അക്കാലത്തെ കഷ്ടപ്പാടുകള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. വീടുകളില്‍ സ്ത്രീകള്‍ വളരെ കഷ്ടപ്പെട്ടാണ് ഉരലില്‍ ഗോതമ്പ് പൊടിച്ച് കൈകൊണ്ട് തന്നെ കുഴച്ച് വലിയതും നേര്‍ത്തതുമായ റൊട്ടി ഉണ്ടാക്കിയിരുന്നത്. ഈ പുരാതന രീതിയാണ് ഫെസ്റ്റിവലില്‍ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചത്. ഉരലില്‍ പൊടിച്ച ഗോതമ്പുമാവ് കുഴച്ച് പരത്തിയെടുത്ത റൊട്ടി സന്ദര്‍ശകര്‍ക്ക് കഴിക്കാന്‍ നല്‍കുകയും ചെയ്തു. പ്രായം ചെന്നവര്‍ക്ക് ഈ കാഴ്ച പണ്ടു കാലത്തെ പ്രയാസങ്ങളും നന്മയും അതോടൊപ്പം ഗൃഹാതുരത്വവും മനസ്സില്‍ നിറച്ചെങ്കില്‍, പുതിയ തലമുറക്ക് എങ്ങനെയാണ് തങ്ങളുടെ പൂര്‍വികര്‍ ജീവിച്ചിരുന്നതെന്ന് നേരിട്ട് മനസ്സിലാക്കാനുള്ള അവസരമായിരുന്നു അത്.
 

 

Latest News