Sorry, you need to enable JavaScript to visit this website.

മസൂദ് അസ്ഹര്‍ മൗലാനയല്ല, ചെകുത്താനാണ് - ഉവൈസി

മുംബൈ- നാല്‍പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനേയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിനേയും ഉവൈസി രൂക്ഷമായി വിമര്‍ശിച്ചു. മസൂദ് അസ്ഹര്‍ മൗലാനയല്ലെന്നും ചെകുത്താനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ നമ്മള്‍ ഇന്ത്യക്കാരെല്ലാം ഒറ്റക്കെട്ടാണെന്ന കാര്യം പാക്കിസ്ഥാന്‍ ഓര്‍ക്കണം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനു തന്നെയാണ്. ഇന്ത്യയിലെ മുസ്്‌ലിംകളെ കുറിച്ച് പാക്കിസ്ഥാന്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പാക്കിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ തള്ളിക്കളഞ്ഞ് ഇവിടെ തന്നെ നിലകൊണ്ടവരാണ് ഇന്ത്യന്‍ മുസ്്‌ലിംകളെന്നും ഉവൈസി ഓര്‍മിപ്പിച്ചു.
പുല്‍വാമ ആക്രമണം രാഷ്ട്രീയ, ഉദ്യോഗസ്ഥ, ഇന്റലിജന്‍സ് പരാജയമാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് പ്രധാനമന്ത്രി മോഡിക്ക് ഒഴിഞ്ഞു മാറാനാകില്ല.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുവരുത്താനാകുന്ന അവസാനത്തെ അവസരമാണിതെന്ന് ഉവൈസി പറഞ്ഞു. കോണ്‍ഗ്രസിന് മുസ്്‌ലിംകള്‍ വോട്ട് ചെയ്യരുതെന്നും ആ പാര്‍ട്ടി സമുദായത്തിന് ദ്രോഹമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദളിത് നേതാവും ഭാരിപ് ബഹുജന്‍ മഹാസംഘ് പ്രസിഡന്റുമായ പ്രകാശ് അംബേദ്കറും റാലിയെ അഭിസംബോധന ചെയ്തു. മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിലെ വരള്‍ച്ച മാറ്റാന്‍ ഉപയോഗിക്കാതെ ടാപി നദിയിലെ 35 ടി.എം.സി ജലം ബി.ജെ.പി സര്‍ക്കാര്‍ ഗുജറാത്തിനു നല്‍കുകയാണന്ന് പ്രകാശ് അംബേദ്കര്‍ കുറ്റപ്പെടുത്തി.

 

Latest News