ദുബായ് വിമാനം റാഞ്ചാനുള്ള നീക്കം തകര്‍ത്തു; യുവാവിനെ വെടിവെച്ചുകൊന്നു

ധാക്ക- ദുബായിലേക്കുള്ള ബംഗ്ലാദേശ് വിമാനം റാഞ്ചാന്‍ ശ്രമിച്ച യുവാവിനെ വിമാനത്തിനകത്ത് ഇരച്ചുകയറിയ കമാന്‍ഡോകള്‍ വെടിവെച്ചു കൊന്നു. കസ്റ്റഡിയിലെടുത്ത അപഹര്‍ത്താവിനെ ചോദ്യം ചെയ്യുന്നുവെന്നാണ് ബംഗ്ലാദേശ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. തലസ്ഥാനമായ ധാക്കയില്‍നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബംഗ്ലാദേശ് ബിമാന്‍ കമ്പനിയുടെ ബിജി 147 വിമാനമാണ് 25 കാരന്‍ റാഞ്ചാന്‍ ശ്രമിച്ചത്. ബംഗ്ലാദേശുകാരനായ ഇയാളുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും വിമനത്തിനകത്ത് പ്രവേശിച്ച കമാന്‍ഡോകളുടെ വെടിയേറ്റ ഇയാള്‍ മരിച്ചുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചിറ്റഗോംഗില്‍ ഇറക്കിയ വിമാനത്തിലുണ്ടായിരുന്ന 148 യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. അറസ്റ്റിലായ അപഹര്‍ത്താവിന് പരിക്കുണ്ടായിരുന്നുവെന്നും അല്‍പ സമയം കഴിഞ്ഞപ്പോള്‍ മരിച്ചുവെന്നും സൈനിക വക്താവ് മേജര്‍ ജനറല്‍ മുതിഉറഹ്മാന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇയാളുടെ പക്കല്‍ തോക്ക് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പട്ടാളവും നാവിക സേനയും സായുധപോലീസും ചേര്‍ന്ന് എയര്‍പോര്‍ട്ട് വളഞ്ഞ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്.
യുവാവുമായി എയര്‍വൈസ് മാര്‍ഷല്‍ മുഫീദ് ടെലിഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കമാന്‍ഡോകള്‍ നാടകീയമയി വിമാനത്തിനകത്തേക്ക് കയറിയത്. പ്രധാനമന്ത്രി ശൈഖ് ഹസീനയോട് സംസാരിക്കണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചിരുന്നുവെന്ന് മുഫീദ് പറഞ്ഞു.
തന്റെ പക്കല്‍ ബോംബുണ്ടെന്ന് അപഹര്‍ത്താവ് അറിയിച്ചുവെന്നാണ് നേരത്തെ സിവില്‍ ഏവിയേഷന്‍ മേധാവി നയീം ഹസന്‍ അറിയിച്ചിരുന്നത്. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് അറസ്റ്റിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News