Sorry, you need to enable JavaScript to visit this website.

ശത്രുക്കൾക്കെതിരെ പടവാളാകും- ഖാലിദ് രാജകുമാരൻ

റിയാദ് - രാജ്യത്തിനെതിരെ നിലകൊള്ളുന്ന മുഴുവൻ ശത്രുക്കൾക്കുമെതിരെ പടവാളായി വർത്തിക്കുമെന്ന് നിയുക്ത ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. തന്നിൽ വിശ്വാസമർപ്പിച്ച ഭരണനേതൃത്വത്തിന് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു. ഉന്നതമായ രാജ്യതാൽപര്യം പരിഗണിച്ച് പ്രതിരോധ മന്ത്രി കൂടിയായ കിരീടാവകാശിക്ക് ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
2017 ഏപ്രിൽ 22ന് അമേരിക്കയിലെ സൗദി അംബാസഡറായി നിയമിതനായ ഖാലിദ് രാജകുമാരൻ, റിയാദ് കിംഗ് ഫൈസൽ എയർ അക്കാദമിയിൽ നിന്നാണ് ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് അദ്ദേഹം റോയൽ സൗദി എയർഫോഴ്‌സിൽ സെക്കൻഡ് ലെഫ്റ്റനന്റായി നിയമിതനായി. ടെക്‌സാസിൽ സാൻ അന്റോണിയോ, റാൻഡോൾഫ് എയർഫോഴ്‌സ് ബെയ്‌സിൽ നിന്ന് പൈലറ്റ് ആകുന്നതിന് പ്രാഥമിക പരിശീലനം നേടിയ അദ്ദേഹം മിസ്സിസ്സിപ്പിയിൽ കൊളംബസ്, എയർ ഫോഴ്‌സ് ബെയ്‌സിൽ നിന്ന് വിദഗ്ധ പരിശീലനവും സ്വായത്തമാക്കി. ഫ്രാൻസിൽനിന്ന് അഡ്വാൻസ് ഇലക്‌ട്രോണിക് വാർഫയർ കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. എഫ് 15 വിമാനത്തിന്റെ പൈലറ്റായിരുന്ന ഖാലിദ് രാജകുമാരൻ സൗദി റോയൽ എയർഫോഴ്‌സിൽ, ടാക്റ്റിക്കൽ ഇന്റലിജൻസ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. പരിക്കേറ്റ് പൈലറ്റ് കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് സിറിയയിലും യെമനിലും 50 യുദ്ധവിമാനങ്ങൾ പറത്തി പ്രാഗത്ഭ്യം തെളിയിക്കാനും സൗദി അറേബ്യയുടെ പുതിയ ഡെപ്യൂട്ടി പ്രതിരോധമന്ത്രിക്ക് സാധിച്ചിട്ടുണ്ട്. 

Latest News