Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാൻസിനെ മൈൻഡ് ചെയ്യണ്ട, ഷൂട്ടിംഗ് തിരക്കിലാണ് 

ഇക്കഴിഞ്ഞ ശനിയാഴ്ച അങ്കമാലിയിൽ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും സൗഹാർദപൂർവം ഒരു ചടങ്ങിൽ സംബന്ധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ എം.ബി.ബി.എസുകാരൻ മകന്റെ കല്യാണമാണ്. ദുബായിലെ ലോക കേരള സഭയുടെ തിരക്കിൽ നിന്ന് മുഖ്യമന്ത്രിയും സംഘവും തിരിച്ചു പറന്നത് കൊച്ചി വിമാനത്താവളത്തിലേക്ക്. അനന്തപുരിയിൽ ബാലൻ മന്ത്രിയുടെ മകന്റെ കല്യാണമുണ്ട്. സന്ദേശം സിനിമയിൽ കണ്ടത് പോലൊരു വിവാഹം. അതിഥികൾക്കെല്ലാം പരിപ്പുവടയും ചായയും ഏർപ്പാടാക്കിയിട്ടുണ്ട്. അങ്കമാലിയിൽ ഫുൾ കോഴ്‌സ് ഡിന്നറുള്ളപ്പോൾ ഇതൊക്കെ ആർക്ക് വേണം? കൊച്ചിയിലെ കല്യാണം സംബന്ധിച്ച് മനോരമയിലെ  വാർത്തയ്ക്ക് ചിലർ നൽകിയ കമന്റിൽ അരാഷ്ട്രീയവാദമുണ്ടെന്ന്  ഒറ്റ നോട്ടത്തിൽ സംശയിക്കാം. പാർട്ടിക്കാർക്ക് വേണ്ടി തല്ല് കൂടാൻ പോകുന്ന എല്ലാവരും കണ്ടു പഠിക്കൂ എന്നാണ് അൽപമെങ്കിലും മൈൽഡായിട്ടുള്ള ഒരു കമന്റ്. 
മണിക്കൂറുകൾക്കകം അത്യുത്തര കേരളത്തിൽ നിന്ന് ദുരന്ത വാർത്ത എത്തി. സൗദി സമയം രാത്രി എട്ടിന് ഒരു മരണവും ജില്ലാ ഹർത്താലുമായിരുന്നു ആദ്യ വാർത്ത. രാത്രി പതിനൊന്നായപ്പോൾ (നാട്ടിൽ അർധരാത്രി ഒന്നര മണി) ഹർത്താൽ സംസ്ഥാന വ്യാപകമാക്കി. പാവപ്പെട്ട രണ്ട് യുവാക്കളാണ് കൊല ചെയ്യപ്പെട്ടത്. 
പ്രോളിറ്റേറിയൻസാണ് താമസക്കാരെന്ന് അവരുടെ കുടിലുകൾ കണ്ടാൽ ആരും മനസ്സിലാക്കും. ഒരാഴ്ച മുമ്പേ അറിയിപ്പ് നൽകി വേണം ഹർത്താൽ നടത്താനെന്ന ഹൈക്കോടതി മുന്നറിയിപ്പ് ലംഘിച്ചുള്ള ആദ്യ ഹർത്താലാണ്. പരീക്ഷയ്ക്ക് തയാറെടുത്ത വിദ്യാർഥികളടക്കം പ്രയാസത്തിലായി. ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സാരഥി ഡീൻ കുര്യാക്കോസ് മിന്നൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കുടുങ്ങി. ഈ പരിപാടിയുടെ ഉസ്താദുമാർ ദൂരെ മാറി നിന്ന് പുത്തൻ കാഴ്ചകൾ കണ്ട് രസിച്ചു. 
കാസർകോട്ടെ ഇരട്ടക്കൊല പോലുള്ള വിഷയങ്ങളുണ്ടായാൽ ഏറ്റവും പ്രയാസപ്പെടുക പാർട്ടി ചാനലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി മലയാളത്തിലെ മറ്റു ദൃശ്യ മാധ്യമങ്ങൾ കൊലപാതകം കീറി മുറിച്ചപ്പോൾ പീപ്പിളിലെ സംവാദ വിഷയം കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് യു.ഡി.എഫ് ഒന്നാം സീറ്റ് നൽകുമോ അതോ രണ്ടാമത്തെ സീറ്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമോ എന്നതായിരുന്നു. നിരപരാധിയായ കോൺഗ്രസ് നേതാവ് പി.എം സുരേഷ് ബാബുവും മൂകസാക്ഷിയായി ചൂട്ടു പൊള്ളുന്ന ഈ ചർച്ചയിൽ പങ്കെടുത്തു. 
അടുത്ത ദിവസം പ്രഭാതത്തിൽ കൈരളി അറേബ്യ എന്ന പ്രധാന ചാനലിൽ ഞാൻ മലയാളി എന്ന ശീർഷകത്തിൽ സുന്ദരന്മാരും സുന്ദരികളും സെഗ്‌മെന്റിൽ പൊരിഞ്ഞ സംവാദം. ലെഗിൻസ് എന്ന വസ്ത്രം ഉപയോഗിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ്? ജോൺ ബ്രിട്ടാസിന്റെ കാർമികത്വത്തിലാണ് ഇത് മുന്നേറിയത്. ഇതിലെല്ലാം ഭേദം കൈരളിയുടെ എന്റർടെയ്ൻമെന്റ് ചാനലായിരുന്നു. വി ചാനലിൽ നീയും ഞാനും എന്ന ചിത്രത്തിൽ ശ്രേയാ ഘോഷൽ ആലപിച്ച കുങ്കുമ നിറ സൂര്യൻ... എന്ന മധുര സുന്ദര ഗാനം. രംഗത്ത് കുട്ടികളെ ക്ലാസിക്കൽ സംഗീതം പഠിപ്പിക്കുന്ന അനു സിത്താര എന്ന യുവനടി. ബംഗാളിൽ നിന്നെത്തിയ ഈ ഗായിക  എത്ര പെട്ടെന്നാണ് മലയാളി മനസ്സുകളെ കീഴടക്കിയത്? 

                         ***          ***         ***

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപ്പൊരയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് നടത്തിയ പ്രതികരണം നവജ്യോത് സിംഗ് സിദ്ദുവിന് വിനയായി.  പ്രതികരണത്തിന്റെ  പേരിൽ പഞ്ചാബ് കാബിനറ്റ് മന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദുവിനെ സോണി ചാനലിലെ പ്രശസ്ത കോമഡി പരിപാടിയായ  'ദ കപിൽ ശർമ്മ ഷോ'യിൽ നിന്ന് പുറത്താക്കി. 
തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾക്ക് ഒരു രാഷ്ട്രത്തെ മുഴുവൻ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും  ഭീകരവാദികൾക്ക് മതമോ വിഭാഗമോ ദേശാതിർത്തിയോ ഇല്ലെന്നും സിദ്ദു പറഞ്ഞു.  എല്ലാ ഭരണകൂടത്തിലും നല്ലതും ചീത്തയുമായ ആളുകളുണ്ടാകും. കുറ്റക്കാരെ  ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ സിദ്ദുവിനെതിരെ വലിയ പ്രചാരണമാണ് നടന്നത്. കപിൽ ശർമ്മ ഷോയിൽ നിന്ന് സിദ്ദുവിനെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. പരാമർശത്തോട് എല്ലാവർക്കും യോജിക്കാനാവുന്നതല്ലെന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ചാനലിനെയും ഷോയെയും ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് തള്ളിവിടുന്നതുകൊണ്ട് സിദ്ദുവിനെ ഒഴിവാക്കുകയാണെന്നാണ് സോണി ടെലിവിഷന്റെ വിശദീകരണം.
സിദ്ദുവിന് പകരം അർച്ചന പുരൻ സിംഗിനെ പരിപാടിയിൽ ഉൾപ്പെടുത്താനാണ് ചാനൽ അധികൃതരുടെ തീരുമാനം. സോണിയുടെ ചേട്ടനായി റിപ്പബ്ലിക് ടി.വി രംഗത്തുണ്ട്. ഇന്ത്യ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണമെന്ന് പറഞ്ഞ സച്ചിന് രാജ്യദ്രോഹ ടൈറ്റിൽ അർണബ് ഗോസാമി നൽകിക്കഴിഞ്ഞു. പുൽവാമ ഭീകരാക്രമണം രാജ്യത്തെ നടുക്കിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോട്ടോ ഷൂട്ടിലായിരുന്നുവെന്ന ആരോപണമാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. രാജ്യം ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ ഇരുന്നപ്പോൾ നരേന്ദ്ര മോഡി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നുവെന്ന ആരോപണം  ചിത്രങ്ങൾ സഹിതമാണ് ഉന്നയിച്ചത്.  കോൺഗ്രസിന്റെ ആരോപണം തെറ്റാണെന്ന വാദവുമായി ബിജെപി വൃത്തങ്ങളും രംഗത്തെത്തിയിരുന്നു. 
പ്രതികൂല കാലാവസ്ഥയും മോശം നെറ്റ് വർക്ക് കവറേജും മൂലം 25 മിനിറ്റോളം വൈകിയാണ് പ്രധാനമന്ത്രി ഭീകരാക്രമണത്തെ കുറിച്ച് അറിഞ്ഞതെന്നും അപ്പോൾ മുതൽ ജലപാനമില്ലാതെ അദ്ദേഹം തുടർ ചർച്ചകളിലായിരുന്നുവെന്നുമാണ്  ബി.ജെ.പി വിശദീകരണം.  ഈ വിശദീകരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തൃപ്തനല്ല. കേന്ദ്രത്തിലുള്ളത് വെറും ഫോട്ടോ ഷൂട്ട് സർക്കാർ ആണെന്ന് പരിഹസിച്ച രാഹുൽ ഗാന്ധി മോഡിയുടെ ഡോക്യുമെന്ററി ഷൂട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ  പുറത്ത് വിട്ടു. 
വൈകിട്ട് 3.10 നാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടാകുന്നത്. ലോകമെമ്പാടും ഇതിന്റെ വാർത്ത പരന്നു. എന്നാൽ ആക്രമണത്തിന് ശേഷം മൂന്ന് മണിക്കൂറോളം നേരം മോഡി ചിത്രീകരണവുമായി ജിം കോർബറ്റ് നാഷണൽ പാർക്കിൽ തുടർന്നുവെന്നാണ് കോൺഗ്രസ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിലായിരുന്നു മോഡി അപ്പോഴെന്നാണ് കോൺഗ്രസ് പറയുന്നത്. ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ ദൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ രൺദീപ് സിംഗ് സർജേവാല പ്രദർശിപ്പിച്ചു. 

                           ***          ***         ***

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ വിരാമം ആകുകയാണ്. മലയാളിയുടെ പ്രിയപ്പെട്ട അമ്പിളിച്ചേട്ടനെന്ന ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജഗതി ശ്രീകുമാറിന്റെ  മകൻ രാജ്കുമാറാണ് ഈ ശുഭവാർത്ത അറിയിച്ചത്. ജഗതിയുടെ രണ്ടാം വരവ് സിനിമയിലൂടെയല്ല. തൃശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്റെ പരസ്യ ചിത്രത്തിലൂടെയാകും ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തുക. അടുത്ത വർഷം സിനിമയിലും അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാൻ എത്തുന്നത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എൻറർടെയ്ൻമെൻറ്‌സ് കമ്പനിയാണ് പരസ്യ ചിത്രം നിർമിക്കുന്നത്. 2012 മാർച്ച് മാസം കോഴിക്കോട് തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

          ***          ***         ***

എത്ര ഒറ്റപ്പെട്ട പ്രദേശമാണെങ്കിലും ബീവറേജ് എന്ന ബോർഡ് കണ്ടാൽ അവിടം ജനസമുദ്രമാകുന്ന സ്ഥിതിയാണ് കേരളത്തിൽ. ബീവറേജിന് മുന്നിലെ അച്ചടക്കവും നീണ്ട ക്യൂവും എന്നും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ട ബീവറേജ് ഷോപ്പിന് മുന്നിൽ നീണ്ട ക്യൂവിൽ ഇടംപിടിച്ച കുടിയന്മാർ വാർത്തകളിൽ ഇടം നേടിയിരിക്കുന്നു.  ആലപ്പുഴ പാതിരപ്പള്ളിയിൽ ദേശീയപാതയോരത്ത് ഒറിജിനൽ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത് കണ്ടു കുടിയന്മാർ വരി നിൽക്കുകയായിരുന്നു. 
ഒടുവിലത് നീണ്ട ക്യൂവായി. അവസാനം സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ സെറ്റാണ് ഈ ബീവറേജ് എന്ന് മനസ്സിലായതോടെ വരിനിന്നവർ ഷൂട്ടിങ് കാര്യം അന്വേഷിക്കാൻ പോലും മിനക്കെടാതെ ഇളിഭ്യരായി സ്ഥലം വിടുകയായിരുന്നു.
ജയറാം നായകനാകുന്ന ഗ്രാൻഡ് ഫാദർ എന്ന ചിത്രത്തിനായാണ് ബീവറേജ് ഷോപ്പിന്റെ സെറ്റിട്ടത്. പാതിരപ്പള്ളി ജംഗ്ഷനു സമീപം പൂട്ടിക്കിടന്ന കടയാണ് അണിയറ പ്രവർത്തകർ ബീവറേജാക്കി മാറ്റിയത്. സിനിമാ സംഘത്തെ ചീത്ത വിളിച്ചാണ് വലിയൊരു വിഭാഗം പിരിഞ്ഞുപോയത്.

Latest News