അരുണാചലില്‍ പ്രക്ഷോഭകര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു; സംഘര്‍ഷം രൂക്ഷം

ഇറ്റാനഗര്‍- അരുണാചല്‍ പ്രദേശില്‍ തദ്ദേശീയരല്ലാത്ത ഏതാനും ഗോത്ര വിഭാഗങ്ങളെ സ്ഥിരതാമസക്കാരായി പരിഗണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വെള്ളിയാഴ്ച തുടങ്ങിയ പ്രക്ഷോഭം രൂക്ഷമായി. തലസ്ഥാനമായ ഇറ്റാനഗറില്‍ ക്രമസമാധാന നില താറുമാറായിരിക്കുകയാണ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിനെ ഉന്നമിട്ടുള്ള സമരത്തില്‍ ഉപമുഖ്യമന്ത്രി ചൗന മെയ്‌നിന്റെ സ്വകാര്യ വസതി പ്രക്ഷോഭര്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. അദ്ദേഹത്തിന്റ ഓഫീസ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു. മുഖ്യമന്ത്രി പേമാ ഖണ്ഡുവിന്റെ വസതിക്കു മുന്നിലാണ് വെള്ളിയാഴ്ച സമരം ആരംഭിച്ചത്. ഖണ്ഡുവിന്റെ വീടിനു നേര്‍ക്ക് ആക്രമണ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷാ സേന ഇടപെട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കുകയായിരുന്നു. പിന്നീടു നടന്ന വ്യാപക പ്രക്ഷോഭത്തില്‍ 50ഓളം കാറുകള്‍ക്ക് തീയിടുകയും നൂറിലേറെ വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അഞ്ച് തീയെറ്ററുകളും അഗ്നിക്കിരയാക്കി. നാഗാലാന്‍ഡില്‍ നിന്നുള്ള സംഗീത സംഘത്തിനുനേര്‍ക്കും ആക്രമണമുണ്ടായി. സംഭവത്തെ തുടര്‍ന്ന് സൈന്യത്തെ രംഗത്തിറക്കിയിട്ടുണ്ട്.

പ്രദേശത്ത് അര്‍ധസൈനികരെ വിന്യസിച്ചു. അറുനൂറോളം ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ പോലീസ് ജവാന്‍മാരെയാണ് വിന്യസിച്ചിരിക്കുന്നത്. സാഹചര്യം സംഘര്‍ഷഭരിതവും നിയന്ത്രണാതീതവുമാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്നും ആഭ്യന്തര വകുപ്പു മന്ത്രി കുമാര്‍ വായ് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ബന്ധ് വെള്ളിയാഴ്ച തുടങ്ങിയതിനു പിന്നാലെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള ഏതാനും ഗോത്രങ്ങള്‍ക്ക് സ്ഥിരതാമസ സാക്ഷ്യപത്രം നല്‍കണമെന്ന ശുപാര്‍ശ നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിനെതിരേയാണ് സമരം തുടങ്ങിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ പ്രക്ഷോഭകര്‍ വ്യാപകമായി കല്ലേറു നടത്തിയതോടെ പോലീസ് വെടിവയ്പ്പും നടത്തിയിരുന്നു. സിവില്‍ സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ച കടക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരില്‍ ഒരാള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെയാണ് പ്രക്ഷോഭം കൂടുതല്‍ ആക്രമാസക്തമായത്. വിവിധ വെടിവെയ്പ്പുകള്‍ നിരവധി പ്രക്ഷോഭകര്‍ക്കും പരിക്കേറ്റു. പോലീസിനും പരിക്കേറ്റിട്ടുണ്ട്.

നാംസായ്, ചങ്‌ലാംഗ് ഗോത്രങ്ങല്‍ക്ക് സ്ഥിരതാമസ പദവി നല്‍കുന്നതിനെതിരേയാണ് പ്രക്ഷോഭം. ആദിവാസി (എസ്.ടി) വിഭാഗത്തില്‍പ്പെട്ട ഗോത്രങ്ങളാണെങ്കിലും ഇവര്‍ അരുണാചലിലെ തദ്ദേശീയരല്ലെന്നതാണ് പ്രതിഷേധത്തിനു കാരണം. വനം, പരിസ്ഥിതി മന്ത്രി നബാം റെബിയയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ ഗോത്രങ്ങള്‍ക്ക് സ്ഥിരതാമസ പരിഗണന നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. എന്നാല്‍ വസ്തുതകള്‍ ശരിയായി പരിശോധിക്കാതെയാണ് ഈ ശുപാര്‍ശയെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതു നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പിഴവുകള്‍ തിരുത്തണമെന്നാണ് ആവശ്യം.
 

Latest News