Sorry, you need to enable JavaScript to visit this website.

റീമ ബിന്‍ത് ബന്ദര്‍: സ്ത്രീ ശാക്തീകരണത്തിന്റെ സൗദി പ്രതീകം

ജിദ്ദ   -  വനിതകളെ ഉന്നത ഭരണരംഗത്തേക്ക് കൊണ്ടുവരുന്നതിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കയിലെ പുതിയ അംബാസഡറായി വനിതയെ നിയമിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. സ്ത്രീ ശാക്തീകരണ രംഗത്ത് നേതൃപരമായ പങ്ക് വഹിച്ചയാളാണ് യു.എസിലെ പതിനൊന്നാമത്തെ സൗദി അംബാസഡറായി നിയമിതയായ റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് രാജകുമാരി.

http://malayalamnewsdaily.com/sites/default/files/2019/02/24/2.jpg

യു.എസിലെ മുന്‍ സൗദി അംബാസഡറായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്റെ മകളാണ് റീമ. ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ റീമ കിരീടാവകാശിയുടെ ഓഫീസിലെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഫാഷന്‍ ബിസിനസ് രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലും അറിയപ്പെടുന്ന റീമ  ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ചേരുന്നതിന് മുമ്പ് സ്വകാര്യമേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. സ്‌പോര്‍ട്‌സില്‍ വനിതാ പങ്കാളിത്തം സാധ്യമാക്കുന്നതിനും സ്ത്രീ ശാക്തീകരണ രംഗത്തും പ്രവര്‍ത്തിച്ചു വരികയായിരുന്നു അവര്‍.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബര്‍ 2016 ല്‍ റീമയെ അവരുടെ പബ്ലിക് പോളിസി ഉപദേശക സമിതിയില്‍ അംഗമാക്കിയിരുന്നു. കിരീടാവകാശിയുടെ നേതൃത്വത്തില്‍ തുടരുന്ന സാമ്പത്തിക, സാമൂഹിക രിഷ്‌കരണ പദ്ധതികളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

'മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിങ്ങള്‍ ഞങ്ങളോട് പറയുന്നു. മാറ്റങ്ങളുടെ സൂചനകള്‍ കണ്ടു തുടങ്ങുമ്പോള്‍. നിങ്ങള്‍ സന്ദേഹവാദികളായി മാറുന്നു' 2018 ല്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കവേ അവര്‍ പറഞ്ഞു.
പുതിയ നിയോഗം ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നതായും തന്നില്‍ വിശ്വാസമര്‍പ്പിച്ച രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നതായും റീമ ബിന്‍ത് ബന്ദര്‍ ട്വിറ്ററില്‍ പറഞ്ഞു. രാജ്യത്തേയും അതിന്റെ നേതാക്കളേയും ജനങ്ങളേയും സേവിക്കുന്നതില്‍ സന്തോഷമുണ്ട്. തന്റെ എല്ലാ കഴിവുകളും പുതിയ പദവി അര്‍ഥപൂര്‍ണമാക്കാന്‍് വിനിയോഗിക്കുമെന്നും അവര്‍ പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/02/24/3.jpg

റിയാദില്‍ 1975 ലാണ് റീമ ജനിച്ചത്. 2016 ല്‍ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ഉപമേധാവിയായി നിയോഗിക്കപ്പെട്ടതോടെ അവര്‍ ചരിത്രം സൃഷ്ടിച്ചു. 2017 ല്‍ മാസ് പാര്‍ട്ടിസിപേഷന്‍ ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതയായി. സൗദിയില്‍ ഒരു സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ മേധാവിയാകുന്ന ആദ്യ വനിതയായി അവര്‍. 2013 ല്‍ സൗദി വനിതകളുടെ കഴിവുകള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അല്‍ഫ്‌ഖൈര്‍ എന്ന സാമൂഹിക സ്ഥാപനത്തിന് തുടക്കം കുറിച്ചതും റീമയാണ്. റിയാദില്‍ അല്‍ഫ ഇന്റര്‍നാഷനല്‍ എന്ന ബഹുബ്രാന്‍ഡ് ആഡംബര വസ്തുക്കളുടെ വില്‍പന കമ്പനിയുടെ സി.ഇ.ഒ ആയി ഏഴ് വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. 2014 ല്‍ ഫോര്‍ബ്‌സ് മാഗസിന്‍ 200 ശക്തരായ അറബ് വനിതകളില്‍ ഒരാളായി റീമയെ തെരഞ്ഞെടുത്തിരുന്നു.

പിതാവ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ 22 വര്‍ഷത്തോളം യു.എസ് അംബാസഡറായിരുന്നു. അമ്മാവനായ തുര്‍ക്കി അല്‍ ഫൈസലും ഇതേ സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. മറ്റൊരു അമ്മാവനായ സൗദ് അല്‍ ഫൈസല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ മന്ത്രിയായിരുന്ന ആളാണ്.(1975-2015).

 

Latest News