Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അറബ്-യൂറോപ്യൻ ഉച്ചകോടി; സൽമാൻ രാജാവ് ഈജിപ്തിൽ

കയ്‌റോ - പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുമായുള്ള ചർച്ചക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഈജിപ്തിലെത്തി. ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് രാജാവ് ഈജിപ്ത് സന്ദർശിക്കുന്നത്. ശറമുശ്ശൈഖ് വിമാനത്താവളത്തിൽ സൽമാൻ രാജാവിനെ അബ്ദുൽ ഫത്താഹ് അൽസീസി സ്വീകരിച്ചു. 
ഈജിപ്ഷ്യൻ പ്രസിഡന്റുമായി നടത്തുന്ന കൂടിക്കാഴ്ചക്കിടെ മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും സൽമാൻ രാജാവ് ചർച്ച ചെയ്യുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു. റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിലെ റോയൽ ടെർമിനലിൽ നിന്ന് യാത്ര തിരിച്ച സൽമാൻ രാജാവിനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് യാത്രയാക്കി. 
സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഇബ്രാഹിം അൽഅസ്സാഫ്, സഹമന്ത്രി ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദ്, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, മീഡിയ മന്ത്രി തുർക്കി അൽശബാന, ആഫ്രിക്കൻ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ തുടങ്ങിയവർ രാജാവിനെ അനുഗമിക്കുന്നുണ്ട്. തന്റെ അഭാവത്തിൽ ഭരണ കാര്യങ്ങളുടെ ചുമതല കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജാവ് ഏൽപിച്ചിട്ടുണ്ട്. 
പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടിക്ക് ഈജിപ്തിലെ ശറമുശ്ശൈഖിൽ ഇന്ന് തുടക്കമാകും. ദ്വിദിന ഉച്ചകോടി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഉദ്ഘാടനം ചെയ്യും. അമ്പതോളം രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭീകരത, കുടിയേറ്റം, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ, സംഘർഷങ്ങൾ, ഫലസ്തീൻ പ്രശ്‌നം എന്നിവ അടക്കം അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും പൊതുവിൽ നേരിടുന്ന വെല്ലുവിളികൾ ഉച്ചകോടി വിശകലനം ചെയ്യുമെന്ന് ഈജിപ്ഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ബസ്സാം റാദി പറഞ്ഞു. ഫലസ്തീൻ, യെമൻ, സിറിയ, ഭീകര വിരുദ്ധ പോരാട്ടം എന്നീ പ്രശ്‌നങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടാകുമെന്നാണ് കരുതുന്നത്.  


 

Latest News