Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത സര്‍ക്കാര്‍ വേണം -തെലങ്കാന എം.പി

തിരുവന്തപുരം- കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇല്ലാത്ത സര്‍ക്കാരിനായാണ് തന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതി പരിശ്രമിക്കുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളും നിസാമാബാദ് എം.പിയുമായ കെ. കവിത.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രദേശിക പാര്‍ട്ടികള്‍ക്ക് സുപ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്. വിവിധ പാര്‍ട്ടികളുമായി തെലങ്കാന രാഷ്ട്ര സമിതി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കയാണെന്നും അവര്‍  പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് പ്രസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
രാജ്യത്തിന്റെ വികസനം മറന്ന ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ എത്തില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി നരേന്ദ്ര മോഡി പറയുന്നത് ഒരേ കാര്യമാണ്. പക്ഷേ നാട്ടില്‍ യാതൊരു വികസനവും  പ്രസംഗത്തിന് അപ്പുറം സംഭവിക്കുന്നില്ല. സാധാരണക്കാര്‍ക്ക് ഇത് നന്നായി അറിയാം. അത് തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കും. രാജ്യത്തെ 18000 ഗ്രാമങ്ങളില്‍ ശുദ്ധജലം എത്തിക്കുമെന്ന് അധികാരത്തില്‍ എത്തിയത് മുതല്‍ നരേന്ദ്ര മോഡി ആവര്‍ത്തിക്കുന്നതാണ്. ഭരണം അവസാനിക്കാറായിട്ടും അത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ക്ക് 35 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കുമെന്ന വാഗ്ദാനവും അതുപോലെ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണം. വിദ്യാഭ്യാസം, സാമുദായിക സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങള്‍ പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പകരം വിദേശ കാര്യം, ആഭ്യന്തര സുരക്ഷിതത്വം, വിദേശരാജ്യങ്ങളുടെ കടന്നുകയറ്റം, ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്്. സംസ്ഥാനങ്ങളില്‍നിന്ന് പിരിക്കുന്ന നികുതികളില്‍നിന്ന് കൂടുതല്‍ തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തയാറാവണമെന്നും കവിത ആവശ്യപ്പെട്ടു.
ആന്ധ്ര പ്രദേശിന്  കീഴില്‍ തെലങ്കാന മേഖല വികസനം മുട്ടിനില്‍ക്കുകയായിരുന്നു. അധികാരത്തില്‍ എത്തിയ ഉടന്‍ മേഖലയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി സെന്‍സസ് ആരംഭിക്കുകയും അതിനനുസരിച്ച് പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തതിനാല്‍ മൈഗ്രേഷന്‍ ലേബര്‍ എന്ന അവസ്ഥക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കയാണ്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമെല്ലാം തൊഴിലിനായി ചേക്കേറിയവര്‍ സംസ്ഥാനത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് അനുകൂലമായ നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നിട്ടും വികസന കുതിപ്പിന് സംസ്ഥാന സര്‍ക്കാരിന് സാധിച്ചു.
എല്ലാ വീടുകളിലും ശുദ്ധജലവും വൈദ്യുതിയും എത്തിക്കാനായത് അഭിമാനകരമായ കാര്യമാണ്. കെ.ജി തലം മുതല്‍ പി.ജി തലംവരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി. ഇത് സാധ്യമായാല്‍ ചെറുപ്പക്കാര്‍ക്കായി മറ്റൊന്നും സര്‍ക്കാര്‍ ചെയ്യേണ്ടിവരില്ല. അവര്‍ സ്വയംപര്യാപ്തത നേടുമെന്നും അവര്‍ പറഞ്ഞു. കേരളത്തിന്റെ കുടുംബശ്രീയുടെ മാതൃകയില്‍ ഭക്ഷ്യസംസ്കരണ രംഗത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ അധികാരികളുമായി ചര്‍ച്ച നടത്തിയതായും കവിത വ്യക്തമാക്കി.

 

Latest News