പത്തനംതിട്ട- കോഴഞ്ചേരി കുരങ്ങുമലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വെളളിയാഴ്ച രാത്രി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ ചരിവുകാലായില്‍ മറിയയുടെ മകന്‍ പ്രവീണ്‍ രാജ് (റിജോ-30) ആണ് കുത്തേറ്റ് മരിച്ചത്. പള്ളിയിലെ റാസ കാണാന്‍ എത്തിയവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘം ചേര്‍ന്നുള്ള സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. കുത്തേറ്റ പ്രവീണ്‍ രാജിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു.
ജില്ലാ പോലീസ് മേധാവി സി.എസ്.ജദീപ്, ഡിവൈ.എസ്.പി. പ്രദീപ് കുമാര്‍ എന്നിവര്‍ വെളളിയാഴ്ച തന്നെ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ആറന്മുള എസ്.എച്ച്.ഒ. ബി.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. 10 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു. മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും അറിയിപ്പ് നല്‍കിയതായി പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.റഫീഖ് പറഞ്ഞു. മരിച്ച പ്രവീണ്‍ രാജിന്റെ സംസ്കാരം ഞയറാഴ്ച രണ്ടിന് നടക്കും.
പൊതുജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി കേരളം ഭരിക്കുന്ന സി.പി.എം അവരുടെ കൊലപാതക രാഷ്ട്രീയം കോഴഞ്ചേരിയിലും നടപ്പാക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന സെക്രട്ടറി പൊതുജനങ്ങളെ പത്തനംതിട്ടയില്‍ എത്തി വെല്ലുവിളിച്ചു പോയതിന്റെ അടുത്ത ദിവസമാണ് പ്രവീണ്‍ രാജ് എന്ന ഐ.എന്‍.ടി.യു.സി. ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയനംഗം പാര്‍ട്ടിയുടെ ഉന്നത കൊലക്കത്തിക്ക് ഇരയായതെന്ന് അവര്‍ ആരോപിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വവും, മുന്‍ ലോക്കല്‍ സെക്രട്ടറിയുടെയും പഞ്ചായത്ത് മെമ്പറുടെയും നേതൃത്വത്തിലാണ് കൊലപാതകം നടപ്പിലാക്കിയത്. ഇപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിനുള്ള ഉന്നത ഗൂഢാലോചന നടക്കുന്നു എന്നും കോണ്‍ഗ്രസ് ആരോപിച്ചു.