ദമാം - മയക്കുമരുന്ന് കടത്ത് കേസ് പ്രതിയായ സൗദി യുവതിക്ക് ദമാം കോടതി വിധിച്ച ശിക്ഷ കിഴക്കന്‍ പ്രവിശ്യ അപ്പീല്‍ കോടതി ശരിവെച്ചു. സൗദി-കുവൈത്ത് അതിര്‍ത്തിയിലെ അല്‍റുഖ്ഇ അതിര്‍ത്തി പോസ്റ്റ് വഴി 20,000 ലഹരി ഗുളികകള്‍ കടത്തുന്നതിനിടെ അറസ്റ്റിലായ 30 കാരിക്ക് 15 വര്‍ഷം തടവും 500 ചാട്ടയടിയുമാണ് കോടതി വിധിച്ചത്. 50 ചാട്ടയടി വീതം പത്തു തവണയായാണ് ശിക്ഷ നടപ്പാക്കേണ്ടതെന്ന് കോടതി ഉത്തരവിട്ടു.
കുവൈത്തില്‍ കഴിയുന്നയാളുടെ ഭീഷണിക്കു വഴങ്ങിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് കോടതിയില്‍ യുവതി കുറ്റസമ്മതം നടത്തിയിരുന്നു. ജീന്‍സില്‍ ഒളിപ്പിച്ചാണ് യുവതി ലഹരി ഗുളിക ശേഖരം കടത്തുന്നതിന് ശ്രമിച്ചത്. സുരക്ഷാ വകുപ്പുകളുടെ പിടിയിലാകാതെ മയക്കുമരുന്ന് സൗദിയില്‍ എത്തിക്കുന്ന പക്ഷം 30,000 റിയാല്‍ പ്രതിഫലം നല്‍കുമെന്നും മയക്കുമരുന്ന് കടത്തിന് തന്നെ നിയോഗിച്ച ആള്‍ വാഗ്ദാനം ചെയ്തിരുന്നതായി യുവതി സമ്മതിച്ചിരുന്നു.
പ്രതിക്ക് വധശിക്ഷ വിധിക്കണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് നിരസിച്ചു. മയക്കുമരുന്ന് കടത്ത് കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് യുവതിക്ക് കോടതി വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശയാത്ര നടത്തുന്നതില്‍ നിന്ന് 15 വര്‍ഷത്തേക്ക് യുവതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.