ജയലളിത കേസ് അന്വേഷണം  തുടരാം-മദ്രാസ് ഹൈക്കോടതി 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന അറുമുഖ സ്വാമി കമ്മീഷന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് മദ്രാസ് ഹൈക്കോടതി. കമ്മീഷന്‍ പിരിച്ച് വിടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അപ്പോളോ ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചത്.
അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കമ്മീഷനെ പിരിച്ചുവിടാന്‍ മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അറുമുഖ സ്വാമി കമ്മീഷന് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും അപ്പോളോ ആശുപത്രി അധികൃതരും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ നേരത്തെ ആരോപിച്ചിരുന്നു. 
ജയലളിത ചികിത്സയിലിരിക്കെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമ മോഹന റാവു തെറ്റായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. 
കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിര്‍ത്തുവെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. 2017 ഡിസംബര്‍ അഞ്ചിനാണ് 75 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം ജയലളിത മരിച്ചത്.

Latest News