Sorry, you need to enable JavaScript to visit this website.

സുഡാനില്‍ അടിയന്തരാവസ്ഥ; സര്‍ക്കാരുകളെ പിരിച്ചുവിട്ടു

ഖാര്‍ത്തൂം- സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സുഡാനില്‍ പ്രസിഡന്റ് ഉമര്‍ ബശീര്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ, സ്‌റ്റേറ്റ് സര്‍ക്കാരുകളെ പിരിച്ചുവിട്ട അദ്ദേഹം ഗവര്‍ണര്‍മാര്‍ക്ക് പുതിയ ചുമതല നല്‍കി. പുതുതായി നിയമിതരായവരെല്ലാം സൈന്യത്തില്‍നിന്നുള്ളവരാണെന്ന് പ്രസിഡന്റിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നു.

http://malayalamnewsdaily.com/sites/default/files/2019/02/23/sudanomerbashir.png
മൂന്നാം തവണയും മത്സരിക്കുന്നതിനായി ഭരണഘടനാ ഭേദഗതി വരുത്താനുള്ള നീക്കം ഉപേക്ഷിച്ചതായി വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. ഭരണമാറ്റത്തിനു ബശീര്‍ ഒരുങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്കിടയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. 1989 ല്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച ഉമര്‍ ബശീര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെ ഡിസംബറിനുശേഷം  ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. തെരുവിലിറങ്ങിയ ജനങ്ങള്‍ക്കെതിരായ സൈനിക നടപടിയില്‍ ഡിസംബറിനുശേഷം 57 പേരാണ് കൊല്ലപ്പെട്ടത്.
രാജ്യം പ്രയാസമേറിയതും സങ്കീര്‍ണവുമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും കൂടുതല്‍ ഐക്യത്തോടെയും ദൃഡനിശ്ചയത്തോടെയും ഈ പ്രതിസന്ധി മറികടക്കണമെന്നും ഖാര്‍ത്തൂമിലെ പ്രസിഡന്റിന്റെ ഓഫീസില്‍നിന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തില്‍ ഉമര്‍ ബശീര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെങ്കിലും യുവജന പ്രതിഷേധങ്ങളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളുണ്ടെന്നും ഇതു രാജ്യത്തെ അസ്ഥിരമാക്കുമെന്നും ബശീര്‍ പറഞ്ഞു. പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണന്ന് ആദ്യമായാണ് പ്രസിഡന്റ് സമ്മതിക്കുന്നത്.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനും പ്രക്ഷോഭകരെ തടവിലാക്കുന്നതിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്നതിനും സുരക്ഷാ സേനകള്‍ക്ക് അധികാരം നല്‍കുന്നതാണ് അടിയന്തരാവസ്ഥ. പ്രസിഡന്റിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ പ്രതിഷേധ പ്രകടനങ്ങളോടെയാണ് ജനങ്ങള്‍ വരവേറ്റത്. ബശീര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
വിലക്കയറ്റത്തിനും അവശ്യവസ്തുക്കളുടെ ക്ഷാമാത്തിനുമെതിരെ ഡിസംബര്‍ 19 ന് ആരംഭിച്ച പ്രക്ഷോഭം വളരെ വേഗം ബശീര്‍ രാജിവെക്കണമെന്ന ആവശ്യമായി പരിണമിക്കുകയായിരുന്നു.

 

Latest News