സൗദികള്‍ക്ക് ഇ-വിസ നല്‍കാനുള്ള തീരുമാനം കേരള ടൂറിസത്തിന് വന്‍ പ്രോത്സാഹനമാകും

തിരുവനന്തപുരം- സൗദി അറേബ്യന്‍ പൗരന്മാര്‍ക്ക് ഇ-വിസ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിന്റെ ടൂറിസം വളര്‍ച്ചക്ക് വന്‍ പ്രോത്സാഹനമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇ-വിസ അനുവദിക്കാനും ടൂറിസ്റ്റുകള്‍ക്കുള്ള യാത്രാ രേഖകള്‍ ലളിതമാക്കാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമനിച്ചത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന വ്യവസ്ഥകള്‍ നീക്കണമെന്ന് കഴിഞ്ഞ രണ്ടരവര്‍ഷമായി കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടുവരികയായിരുന്നുവെന്നും ഇപ്പോഴെങ്കിലും തീരുമാനമെടുത്തത് സ്വാഗതാര്‍ഹമാണെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
യു.കെ, അമേരിക്ക ടൂറിസ്റ്റുകളോടൊപ്പം സൗദി അറേബ്യയില്‍നിന്നും ധാരാളം ടൂറിസ്റ്റുകള്‍ കേരളം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. സൗദി അറേബ്യയില്‍ റോഡ് ഷോയടക്കം നിരവധി പ്രചാരണ കാമ്പയിനുകള്‍ കേരള ടൂറിസം വകുപ്പ് നടത്തിയിരുന്നു. എന്നാല്‍ സൗദികള്‍ക്ക് വിസ ലഭിക്കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന വ്യവസ്ഥകള്‍ സംസ്ഥാനത്തെ ടൂറിസത്തിന് കനത്ത തിരിച്ചടിയായിരുന്നു-അദ്ദേഹം പറഞ്ഞു.

 

Latest News