ബംഗളൂരു- വനിതാ പോലീസുകാരെ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. പല ഫോണ്‍ നമ്പറുകളില്‍നിന്നായി വിളിച്ച് വനിതാ പോലീസുകാരാണെങ്കില്‍ മാത്രം സംസാരിച്ചിരുന്ന 30 കാരന്‍ രമേശ് നായിക്കയാണ് ഒടുവില്‍ പിടിയിലായത്. ആന്ധ്രപ്രദേശ് അനന്ത്പുര്‍ ജില്ലക്കാരനായ ഇയാള്‍ ബംഗളൂരുവിലെ മഞ്ജുനാഥ നഗറിലാണ് താമസം. മൂന്ന് മാസമായി ഇയാള്‍ പല നമ്പറുകളില്‍നിന്നായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. വനിതാ ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചിരുന്ന ഇയാള്‍ താനൊരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും കൊലപാതകം നടത്തിയിട്ടുണ്ടെന്നും അവകാശപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം അരമണിക്കൂറിനിടെ രണ്ട് തവണ വിളിച്ചപ്പോള്‍ കോളര്‍ ഐ.ഡിയില്‍നിന്ന് നമ്പറുകള്‍ മനസ്സിലാക്കി ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇയാളെ മഞ്ജുനാഥ നഗറിനു സമീപം വെച്ച് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനിലെ ലാന്‍ഡ് ലൈന്‍ നമ്പറിലേക്ക് വിളിച്ചാല്‍ തിരിച്ചറിയില്ലെന്ന വിശ്വാസമാണ് ഇയാള്‍ ഇത് പതിവാക്കാന്‍ കാരണം.
ഭാര്യ പ്രസവിക്കാനായി അവരുടെ വീട്ടിലേക്ക് പോയ ശേഷമാണ് രമേശ് വനിതാ പോലീസുകാരെ വിളിച്ചു തുടങ്ങിയതെന്നും ഭാര്യയുടെ അഭാവത്തില്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.