'ആരാണ് മോഡിയുടെ നെഞ്ചളവ് എടുത്തത്'; പുല്‍വാമയിലെ വീഴ്ചയ്ക്ക് ദിഗ്‌വിജയ് സിങിന്റെ കൊട്ട്

ഭോപാല്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭീകരവാദത്തെ നേരിടുന്നത് ഗൗരവത്തിലെടുക്കുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി ദിഗ്‌വിജയ് സിങ്. അണികള്‍ മോഡിയുടെ കരുത്തിനെ വിശേഷിപ്പിക്കുന്ന 56 ഇഞ്ച് നെഞ്ചളവ് ചൂണ്ടിക്കാട്ടി അദ്ദേഹം ഒരു കൊട്ടും കൊടുത്തു. 'ആരാണ് മോഡിയുടെ നെഞ്ചളവ് എടുത്തതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഈ വിഷയം പ്രധാനമന്ത്രി അര്‍ഹിക്കുന്ന ഗൗരവത്തില്‍ എടുത്തിട്ടില്ല'- ദിഗ്‌വിജയ് സിങ് പറഞ്ഞു. ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട വലിയ ഭീകരാക്രമണം നടക്കുമ്പോള്‍ മോഡി ജിം കോര്‍ബറ്റ് പാര്‍ക്കില്‍ ഫിലിം ഷൂട്ടിങിലായിരുന്നു. 3.30ഓടെ വിവരം പുറത്തുവന്നു. അപ്പോള്‍ തന്നെ അദ്ദേഹം ദല്‍ഹിയില്‍ തിരിച്ചെത്തി ദേശീയ ദുഖാചരണം പ്രഖ്യാപിക്കേണ്ടിയിരുന്നു- അദ്ദേഹം പറഞ്ഞു.

ഭീകരരുടെ മുന്നറിയിപ്പുണ്ടായിട്ടും വലിയൊരു സൈനിക വാഹന വ്യൂഹത്തെ ഒരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെ വിട്ടു. ഓരോ 10-15 കിലോമീറ്റര്‍ ദൂരത്തിലും പരിശോധന ഉണ്ടെന്നിരിക്കെ 3.5 ക്വിന്റല്‍ സ്‌ഫോടക വസ്തുക്കളുമായി ഭീകരന്‍ പിടിക്കപ്പെടാതെ ജവാന്‍മാരെ പിന്തുടര്‍ന്നത് എങ്ങിനെ? ഈ ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കാത്തത് വളരെ ദൗര്‍ഭാഗ്യകരമാണ്- അദ്ദേഹം പറഞ്ഞു. ഇന്ത്യ-സൗദി സംയുക്ത പ്രസ്താവനയില്‍ പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും സര്‍ക്കാര്‍ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന് ഈ സാഹചര്യത്തില്‍ ആരെങ്കിലും പറഞ്ഞാല്‍ അവരെ ദേശ ദ്രോഹികളായി മുദ്രകുത്തുകയും കോലാഹലമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയും സൗദിയും ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച തുടരണമെന്നാണ് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


 

Latest News