ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ വളരെ അപകടകരമായ സാഹചര്യം- ട്രംപ്

വാഷിങ്ടണ്‍- പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ ബന്ധം വളരെ വളരെ മോശമായിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളരെ അപകടകരമാ സാഹചര്യമാണ് നിലവിലുള്ളത. ഇരുരാജ്യങ്ങളുമായും യുഎസ് ഭരണകൂടം ബന്ധപ്പെട്ടുവരികയാളെന്നും കശ്മീരിലെ ശത്രുത ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. 'ശത്രുത അവസാനിച്ചു കാണണം. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇത് അവസിച്ചു കാണണം. ഇതിനായുള്ള നടപടികളില്‍ സജീവമായി ഇടപെട്ടുവരികയാണ്'- അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാകരമണത്തെ കുറിച്ചുള്ള ചോദ്യത്തിന് ട്രംപ് തന്റെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വളരെ ശക്തമായ നടപടികളാണ് ഇന്ത്യ പരിഗണിക്കുന്നത്. അമ്പതോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം എനിക്ക് മനസ്സിലാകും- ട്രംപ് പറഞ്ഞു. ഈ സംഭവം കാരണം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. സന്തുലിതാവസ്ഥ ലോലമായിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളിലെ അധികൃതരുമായും യുഎസ് ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനുമായുള്ള ബന്ധം യുഎസ് മെച്ചപ്പെടുത്തിയിട്ടുണ്ട്. പാക് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
 

Latest News