ലാഹോർ- പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ലോകരാജ്യങ്ങളിൽനിന്ന് പ്രതിഷേധമുയർന്നതിനെ തുടർന്ന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെതിരെ നടപടി ശക്തമാക്കി പാക്കിസ്ഥാൻ. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന മന്ദിരത്തിന്റെ നിയന്ത്രണം പാക് സർക്കാർ ഏറ്റെടുത്തു. പുൽവാമ ചാവേറാക്രമണത്തിനെതിരെ യു.എൻ പാസാക്കിയ പ്രമേയത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പേര് പരാമർശിച്ചിരുന്നു. ശക്തമായ ഭാഷയിലാണ് പുൽവാമ അക്രമത്തെ യു.എൻ സെക്യൂരിറ്റി കൗൺസിൽ അപലപിച്ചത്. ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ബഹ്‌വാൽപുരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പഞ്ചാബ് ഗവൺമെന്റ് ഏറ്റെടുത്തത്. പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹ്‌വൽപുർ.