തിരുവനന്തപുരം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ടായേക്കും. കഴിഞ്ഞ തവണ 15 സീറ്റിൽ സി.പി.എം മത്സരിച്ചിരുന്നു. മുന്നണി വിപുലീകരിച്ച് കൂടുതൽ കക്ഷികൾ എത്തിയതോടെ സീറ്റ് മോഹികളും കൂടിയതാണ് കാരണം. കഴിഞ്ഞ തവണ സി.പി.എം 15 സീറ്റുകളിലാണ് മത്സരിച്ചത്. എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐക്ക് നാലും ജനതാദൾ-എസിന് ഒരു സീറ്റും ലഭിച്ചു.
എന്നാൽ ഇപ്പോൾ മുന്നണിയിൽ പത്ത് കക്ഷികളാണുള്ളത്. പുറത്ത് നിന്ന് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുന്ന സാമുദായിക സംഘടനകൾക്കും സീറ്റ് മോഹമുണ്ട്. ഘടക കക്ഷികളിലൂടെ ഇത് നേടിയെടുക്കാനാണ് ശ്രമം. മുന്നണിയിൽ ഇതുവരെ സീറ്റ് വേണ്ടെന്ന് പറഞ്ഞത് ആർ.ബാലകൃഷ്ണപിള്ള മാത്രം. കടന്നപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ്-എസും സീറ്റൊന്നും ചോദിച്ചിട്ടില്ല. മറ്റുള്ളവർക്കെല്ലാം മത്സരിച്ചാൽ കൊള്ളാമെന്നുണ്ട്. കിട്ടില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ സീറ്റ് ആഗ്രഹം സി.പി.എമ്മിനോട് തുറന്നു പറഞ്ഞ് കാത്തിരിക്കുന്നു. ജയപരാജയങ്ങൾക്കപ്പുറം മത്സരിക്കാൻ ലഭിക്കുന്ന അവസരം പാർട്ടിയുടെ വലിപ്പ ചെറുപ്പം നിർണയിക്കുന്നതിലെ പ്രധാന ഘടകമാണെന്ന തിരിച്ചറിവിലാണ് ഈ നീക്കം.
നാല് സീറ്റിലാണ് സി.പി.ഐ മത്സരിക്കാറുള്ളത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട്. ഇത്തവണയും ഇത് അങ്ങനെ തന്നെയാകും. കരുത്തനായൊരു സ്ഥാനാർഥിയില്ലെന്ന പരിമിതിയിൽ തിരുവനന്തപുരത്തിന് പകരം കൊല്ലം വേണമെന്ന ആഗ്രഹം സി.പി.ഐക്കുണ്ടായിരുന്നെങ്കിലും സി.പി.എം ഇത് സമ്മതിച്ചിട്ടില്ല.
ജനതാദൾ-എസ് കഴിഞ്ഞ തവണ മത്സരിച്ചത് കോട്ടയത്താണ്. ഇത്തവണ തിരുവനന്തപുരം കിട്ടിയാൽ കൊള്ളാമെന്നുണ്ട്. സി.പി.ഐ കോട്ടയം എടുക്കുമെങ്കിൽ വെച്ചുമാറാമെന്നും കണക്കു കൂട്ടുന്നു. തിരുവനന്തപുരം കിട്ടിയാൽ നീലലോഹിതദാസൻ നാടാരെ സ്ഥാനാർഥിയാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവുമുള്ള നീലൻ മുമ്പ് പാർലമെന്റിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. തിരുവനന്തപുരമല്ലെങ്കിൽ എറണാകുളമോ ചാലക്കുടിയോ വേണമെന്നാണ് ദളിന്റെ ആഗ്രഹം. തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നല്ലൊരു വെച്ചുമാറ്റമുണ്ടായാൽ തീരുമാനം മാറ്റിയേക്കും.
സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്. എറണാകുളം സീറ്റിലാണ് അവരുടെയും കണ്ണ്. ജനാധിപത്യ കേരളാ കോൺഗ്രസ് ആണ് സീറ്റ് ചോദിച്ച മറ്റൊരു കക്ഷി. പാർട്ടി ചെയർമാനും മുൻ എം.പിയുമായ ഫ്രാൻസിസ് ജോർജിന് മത്സരിക്കാനാണ് സീറ്റ്. മുമ്പ് പ്രതിനിധീകരിച്ച ഇടുക്കി വേണ്ടെന്നും കോട്ടയം അല്ലെങ്കിൽ പത്തനംതിട്ട നൽകണമെന്നുമാണ് ആവശ്യം. ഇടുക്കിയിൽ സിറ്റിംഗ് എം.പി ജോയ്‌സ് ജോർജിനെ മാറ്റി പകരം മത്സരിച്ചാൽ സഭകൾ ഇടയുമോയെന്ന ഭീതിയാണ് ഈ നീക്കത്തിന് പിന്നിൽ. ഫ്രാൻസിസ് ജോർജിന്റെ കാര്യത്തിൽ സി.പി.എമ്മിനും താൽപര്യമുണ്ടെങ്കിലും സീറ്റ് വിഭജന സമവാക്യങ്ങൾ മാറി മറിയുമെന്നതാണ് പ്രതിബന്ധം.
പത്തനംതിട്ടയിൽ കഴിഞ്ഞ തവണ മുൻ കോൺഗ്രസ് നേതാവ് ഫീലിപ്പോസ് തോമസിനെ സ്വതന്ത്രനായി പരീക്ഷിക്കുകയായിരുന്നു സി.പി.എം. അതുകൊണ്ടുതന്നെ ഇത്തവണ ആ സീറ്റ് കിട്ടിയേക്കുമെന്ന് ഫ്രാൻസിസ് ജോർജ് പ്രതീക്ഷിക്കുന്നു.
മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച മറ്റൊരു കക്ഷി ഐ.എൻ.എൽ ആണ്. പി.ടി.എ റഹീമിന്റെ നാഷണൽ സെക്യുലർ കോൺഫറൻസ് കൂടി ലയിച്ചതോടെ പാർട്ടിയുടെ കരുത്ത് കൂടിയെന്നാണ് അവരുടെ പക്ഷം. കാസർകോട് അല്ലെങ്കിൽ കോഴിക്കോട് ആണ് ആവശ്യപ്പെടുന്നത്.
എൽ.ഡി.എഫിൽ തിരിച്ചെത്തിയ ലോക്താന്ത്രിക് ജനതാദൾ വടകരയോ കോഴിക്കോടോ വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോഴിക്കോട് സീറ്റ് നൽകാത്തതിന് 2009ൽ എൽ.ഡി.എഫ് വിട്ട വീരേന്ദ്രകുമാറും സംഘവും അടുത്തിടെയാണ് മടങ്ങിയെത്തിയത്. വീരേന്ദ്ര കുമാറിന് രാജ്യസഭാ സീറ്റ് നൽകിയ സാഹചര്യത്തിൽ ലോക്‌സഭാ സീറ്റ് കൂടി നൽകാൻ കഴിയില്ലെന്നാണ് സി.പി.എം നിലപാട്. ഉഭയകക്ഷി ചർച്ച നടക്കാത്തതിനാൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടില്ല.
ചെറു കക്ഷികളെല്ലാം ആഗ്രഹങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സീറ്റിന് വേണ്ടി ഉറച്ച് നിൽക്കാൻ ആരും തയാറാകില്ലെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. കേരള സംരക്ഷണ യാത്ര പൂർത്തിയായ ശേഷം സീറ്റു വിഭജനം അന്തിമമാക്കാമെന്നാണ് മുന്നണിയിലുണ്ടാക്കിയ ധാരണ. ജനാധിപത്യ കേരളാ കോൺഗ്രസിന് സീറ്റ് നൽകിയാൽ അത് സി.പി.എമ്മിന്റെ അക്കൗണ്ടിലാവും കുറവുണ്ടാക്കുക. എൻ.സി.പി പിടിമുറുക്കാനും സാധ്യതയുണ്ട്.






