സുധീരൻ മത്സരിക്കുമോ? തൃശൂർ കാത്തുനിൽക്കുന്നു

വി.എം. സുധീരനെ മാടി വിളിക്കുകയാണ് തൃശൂർ. 2014 ൽ ചെറിയൊരു നോട്ടപ്പിശകു കൊണ്ട് കൈമോശം വന്ന തൃശൂർ ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാൻ രാഷ്ട്രീയത്തിന് അതീതമായി സുധീരൻ ഉണ്ടാക്കിയെടുത്ത പ്രതിഛായക്ക് കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. എന്നാൽ താൻ മൽസരിക്കാനില്ലെന്ന നിലപാടിലാണ് സുധീരൻ. പ്രായം ചെന്നവരും ദീർഘകാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഭിരമിച്ചവരും പുതുതലമുറക്ക് വഴി മാറിക്കൊടുക്കണമെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. ഹൈക്കമാന്റ് നിർബന്ധിച്ചാൽ ആ നിലപാട് മാറിയേക്കും. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഓരോ സീറ്റും നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രമായിരിക്കും സീറ്റ് നൽകുന്നതിനുള്ള മാനദണ്ഡം എന്ന് നേതൃത്വം പല തവണ വ്യക്തമാക്കിയതാണ്. ചർച്ച ആ വഴിക്ക് നീങ്ങുമ്പോൾ സുധീരൻ സ്ഥാനാർത്ഥിയാവാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥാനാർത്ഥികളെ അവസാന നിമിഷം പരസ്പരം മാറ്റിയത് ഇരുമണ്ഡലങ്ങളിലും തിരിച്ചടി ഉണ്ടാക്കിയെന്നാണ് കോൺഗ്രസ് കരുതുന്നത്. 
തൃശൂരിലെ സിറ്റിംഗ് എം.പിയായിരുന്ന പി.സി. ചാക്കോ ചാലക്കുടിയിലേക്കും ചാലക്കുടി എം.പിയായിരുന്ന കെ.പി. ധനപാലനെ തൃശൂരിലേക്കും മാറ്റിക്കൊണ്ടാണ് കോൺഗ്രസ് ചൂതാട്ടം നടത്തിയത്. അന്ന് ദൽഹിയിൽ വലിയ പിടിപാടുണ്ടായിരുന്ന ചാക്കോയുടെ താൽപര്യപ്രകാരമായിരുന്നു ആ നീക്കം. അതേതായാലും വോട്ടർമാർക്ക് ദഹിച്ചില്ല. രണ്ടു മണ്ഡലങ്ങളിലും യു.ഡി.എഫിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജനവിധി ഉണ്ടായത്. അഞ്ച് കൊല്ലം മുമ്പ് ഉണ്ടായ തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് പറയുന്ന നേതൃത്വം തൃശൂരിൽ സുധീരൻ എന്ന തുരുപ്പുചീട്ട് തന്നെ ഇറക്കാൻ ആഗ്രഹിക്കുന്നത് പഴയ തെറ്റ് തിരുത്തണമെന്ന കണക്കുകൂട്ടലോടെയാണ്.  
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും രാഷ്ട്രീയ പ്രസക്തിയുള്ള അപൂർവം കോൺഗ്രസ് നേതാക്കളിലൊരാളാണ് ദീർഘകാലം ലോക്‌സഭയിലും നിയമസഭയിലും പ്രവർത്തിച്ച പാരമ്പര്യമുള്ള വി.എം.സുധീരൻ. നിയമസഭാ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടൈ പ്രതിപക്ഷത്തിന്റെ കൂടി ആദരവ് പിടിച്ചു പറ്റിയ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് അതീതമായ വോട്ടുകൾ കൂടി ലഭിക്കും. സ്ഥാനാർത്ഥിയുടെ പ്രതിഛായ നോക്കി വോട്ട് രേഖപ്പെടുത്തുന്ന മധ്യവർഗ വോട്ടർമാർ ധാരാളമുള്ള മണ്ഡലമാണ് തൃശൂർ. 2014 ൽ ഇവിടെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ച സാറാ ജോസഫ് നാൽപത്തയ്യായിരത്തിൽപരം വോട്ട് നേടിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. 
മൂന്നു തവണ നിയമസഭയിലേക്കും നാലു തവണ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട വി.എം.സുധീരൻ ഒരിക്കലേ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുള്ളൂ. 2004 ൽ കേരളത്തിൽ മുഴുവൻ എൽ.ഡി.എഫ് തരംഗം ആഞ്ഞു വീശിയ സമയത്ത് ആലപ്പുഴയിൽ മൽസരിച്ച അദ്ദേഹം എൽ.ഡി.എഫിലെ മനോജിനോട് തോറ്റു. 
വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളിലൂടെ പാർട്ടിക്കകത്ത് നിരവധി ശത്രുക്കളെ സമ്പാദിച്ചിട്ടുണ്ടെങ്കിലും പുറത്ത് മികച്ച പ്രതിഛായയാണ്. അത് മുതലെടുത്ത് സീറ്റ് തിരിച്ചു പിടിക്കുക എന്നതാണ് ഇക്കുറി കോൺഗ്രസ് തൃശൂരിൽ പയറ്റാനിരിക്കുന്ന തന്ത്രം. മൽസരത്തിന് സുധീരൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യനും തൃശൂർ ഡി.സി.സി പ്രസിഡന്റുമായ ടി.എൻ. പ്രതാപനാവും കോൺഗ്രസിന്റെ അടുത്ത ചോയ്‌സ്.

Latest News