Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ട് ടെർമിനലുകൾ വികസിപ്പിക്കുന്നു

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലും നാലാം നമ്പർ ടെർമിനലും വികസിപ്പിക്കുന്നു. വികസന പദ്ധതിയിലൂടെ പ്രതിവർഷം 1.1 കോടി അന്താരാഷ്ട്ര യാത്രക്കാരെ ഉൾക്കൊള്ളുന്നതിന് കഴിയും വിധം ഇരു ടെർമിനലുകളുടെയും ശേഷി ഉയരുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു. ആകെ 220.5 കോടി റിയാൽ ചെലവഴിച്ചാണ് വികസന പദ്ധതി നടപ്പാക്കുന്നത്. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ദിവസങ്ങൾക്കു മുമ്പ് ഉദ്ഘാടനം നിർവഹിക്കുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്ത റിയാദ് പ്രവിശ്യയിലെ പദ്ധതികളുടെ ഭാഗമാണ് റിയാദ് എയർപോർട്ട് 3, 4 നമ്പർ ടെർമിനലുകളുടെ വികസനം. യാത്രക്കാർക്കുള്ള പതിനാലു ഗെയ്റ്റുകളും യാത്രാ നടപടികൾ പൂർത്തിയാക്കുന്നതിന് വിമാന കമ്പനികൾക്കുള്ള 80 കൗണ്ടറുകളും നിർഗമന യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള 30 ജവാസാത്ത് കൗണ്ടറുകളും ആഗമന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള 48 ജവാസാത്ത് കൗണ്ടറുകളും ആകെ 658 മീറ്റർ നീളമുള്ള എട്ടു കൺവെയർ ബെൽറ്റുകളും അടങ്ങിയതാണ് വികസന പദ്ധതി. വ്യാപാര സ്ഥാപനങ്ങൾക്കും ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ലോഞ്ചിനും 10,400 ചതുരശ്രമീറ്റർ സ്ഥലമുണ്ടാകും. 
അതിനിടെ, ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഹജ് ടെർമിനലിലെ വെയ്റ്റിംഗ് ഏരിയകൾ എയർ കണ്ടീഷൻ ചെയ്യുന്നതിനുള്ള ജോലികൾക്ക് തുടക്കമായി. ഹജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടാണ് ആഗമന, നിർഗമന വിഭാഗങ്ങളിലെ വെയ്റ്റിംഗ് ഏരിയകൾ എയർ കണ്ടീഷൻ ചെയ്യുന്നതെന്ന് ജിദ്ദ എയർപോർട്ട് ഡയറക്ടർ ജനറൽ ഉസാം ബിൻ ഫുവാദ് നൂർ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഔട്ട്‌ഡോർ സീറ്റിംഗ് ഏരിയ പൂർണമായും എയർ കണ്ടീഷൻ ചെയ്യും. ആകെ 24,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇരുപതു ഹാളുകളാണ് ശീതീകരിക്കുന്നത്. കൂടാതെ നിലവിൽ എയർ കണ്ടീഷൻ ചെയ്ത ടെർമിനലുകളിലെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ആദ്യ ഘട്ട പദ്ധതി ഈ വർഷത്തെ ഹജിന് പ്രയോജനപ്പെടുത്തും. പദ്ധതി പൂർണ തോതിൽ അടുത്ത വർഷത്തെ ഹജിന് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമെന്നും ഉസാം ബിൻ ഫുവാദ് നൂർ പറഞ്ഞു. 

Latest News