മക്ക - വിവിധ സുരക്ഷാ വകുപ്പുകൾ സഹകരിച്ച് കഴിഞ്ഞ ദിവസം പുലർച്ചെ മക്കയിൽ നടത്തിയ റെയ്ഡിൽ 148 നിയമ ലംഘകർ പിടിയിലായി. പോലീസും പട്രോൾ പോലീസും മുജാഹിദീൻ സുരക്ഷാ സേനയും കുറ്റാന്വേഷണ വകുപ്പും ട്രാഫിക് പോലീസും സൗദി ഇലക്ട്രിസിറ്റി കമ്പനിയും സഹകരിച്ച് ഏതാനും ചേരിപ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പിടിയിലായത്. ഇഖാമ, തൊഴിൽ നിയമ ലംഘകർ കഴിയുന്ന കെട്ടിടങ്ങൾ മുൻകൂട്ടി നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം അർധരാത്രി റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് പുലർച്ചെ വരെ നീണ്ടു.
മയക്കുമരുന്നുമായി മൂന്നു പേരും പരിശോധനക്കിടെ പിടിയിലായി. ഇവരെ ആന്റി നാർകോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറി. ശിക്ഷാ നടപടികൾ സ്വീകരിച്ച് നാടുകടത്തുന്നതിന് ഇഖാമ, തൊഴിൽ നിയമ ലംഘകരെ ശുമൈസി ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റി. നിയമ ലംഘകർ താമസിച്ചിരുന്ന കെട്ടിടങ്ങളുടെ വൈദ്യുതി മീറ്റർ നമ്പറുകൾ ശേഖരിച്ചിട്ടുണ്ട്. മീറ്റർ നമ്പറുകൾ വഴി കെട്ടിട ഉടമകളെ തിരിച്ചറിഞ്ഞ് നിയമ ലംഘകർക്ക് താമസസ്ഥലം വാടകക്ക് നൽകിയതിന് അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.