റിയാദ് - സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കുന്നതിന് ഉന്നതതല കമ്മിറ്റി സ്ഥാപിക്കാൻ ഉന്നതാധികൃതർ നിർദേശം നൽകി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതിക്കു കീഴിലെ സ്ഥിരം കമ്മിറ്റി കുടക്കീഴിൽ പതിനേഴു സർക്കാർ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല കമ്മിറ്റി സ്ഥാപിക്കുന്നതിനാണ് നിർദേശം.
മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പേർട്ട് കമ്മീഷൻ പ്രസിഡന്റ് അധ്യക്ഷനായ കമ്മിറ്റിയിൽ ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി പ്രസിഡന്റ്, സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഗവർണർ, സൗദി കസ്റ്റംസ് ഗവർണർ, അസിസ്റ്റന്റ് വാണിജ്യ, നിക്ഷേപ മന്ത്രി, അസിസ്റ്റന്റ് ധനമന്ത്രി, അസിസ്റ്റന്റ് സാമ്പത്തിക, ആസൂത്രണ മന്ത്രി എന്നിവരും ഊർജ-വ്യവസായ, ആരോഗ്യ, മുനിസിപ്പൽ, ടെലികോം-ഐ.ടി, തൊഴിൽ-സാമൂഹിക വികസന, ഗതാഗത, വിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നും തുറമുഖ അതോറിറ്റിയിൽ നിന്നും കയറ്റുമതി വികസന അതോറിറ്റിയിൽ നിന്നും പ്രൈവറ്റ് സെക്ടർ ഇംപ്രൂവിംഗ് ബിസിനസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുമുള്ള ഉന്നതതല പ്രതിനിധികളും അംഗങ്ങളാണ്.
സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ പൊതുവിൽ നേരിടുന്ന വെല്ലുവിളികളും ഓരോ മേഖലയും പ്രത്യേകം പ്രത്യേകം നേരിടുന്ന വെല്ലുവിളികളും ഈ വെല്ലുവിളികൾ നേരിടുന്നതിന് ആവശ്യമായ പിന്തുണകളും സഹായങ്ങളും കമ്മിറ്റി പഠിക്കുകയും ഇതുമായി ബന്ധപ്പെട്ട ശുപാർശകൾ തയാറാക്കുകയും ചെയ്യും. സ്വകാര്യ മേഖല നേരിടുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുന്നതിന് ചേരുന്ന യോഗങ്ങളിൽ പങ്കാളിത്തം വഹിക്കുന്നതിന് വിദഗ്ധരെയും ബന്ധപ്പെട്ടവരെയും ക്ഷണിക്കുന്നതിനും സബ്കമ്മിറ്റികൾ സ്ഥാപിക്കുന്നതിനും കമ്മിറ്റിക്ക് അനുവാദമുണ്ട്. കമ്മിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഇരുപത്തിനാലു മണിക്കൂറിനകം കൈമാറൽ നിർബന്ധമാണ്. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി സ്വകാര്യ മേഖലയുടെ വളർച്ചക്കാണ് സർക്കാർ ശ്രമിക്കുന്നത്.






