റിയാദ് - പ്രാദേശിക തൊഴിൽ വിപണിക്ക് ആവശ്യമില്ലാത്ത വിദേശ തൊഴിലാളികളുടെ കുത്തൊഴുക്കിന് വിസക്കച്ചവടം ഇടയാക്കുകയാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. വിസക്കച്ചവടം അടക്കമുള്ള നിഷേധാത്മക പ്രവണതകൾ തൊഴിൽ വിപണിയിലെ സന്തുലനം തകർക്കുകയും സൗദിവൽക്കരണ ശ്രമങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കുകയുമാണ്. ഇത് തൊഴിൽ വിപണിയിൽ പലവിധ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു.
യഥാർഥ ആവശ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്കിന് വിസക്കച്ചവടം കാരണമാകുന്നു. വിസക്കച്ചവടത്തിലൂടെ എത്തുന്ന തൊഴിലാളികൾ പ്രത്യേകം നിർണയിച്ച തൊഴിലുകൾ നിർവഹിക്കുന്നതിനല്ല രാജ്യത്തേക്ക് വരുന്നത്. ഇതിനു പുറമെ വിസക്കച്ചവടം സൗദി അറേബ്യക്ക് അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്നു. സൗദിവൽക്കരിച്ച തൊഴിലുകളിൽ ചില വിദേശികൾ ജോലി ചെയ്യുന്നതും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരിടുന്ന പ്രശ്‌നമാണ്.
നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിന് ചില തൊഴിലുടമകൾ വ്യാജ സൗദിവൽക്കരണം ആശ്രയിക്കുകയാണ്. സൗദി പൗരന്മാരെ സ്ഥാപനങ്ങളിലെ ജീവനക്കാരായി വ്യാജമായി രജിസ്റ്റർ ചെയ്താണ് തൊഴിലുടമകൾ തട്ടിപ്പുകൾ നടത്തുന്നത്. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെച്ചും ചില തൊഴിലുടമകൾ തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഇത്തരം നിഷേധാത്മക പ്രവണതകൾ ഇല്ലാതാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഈ രംഗത്ത് എല്ലാവരും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിക്കണമെന്നും മന്ത്രാലയം റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
സ്വദേശികൾക്കിടയിലെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് ശ്രമിച്ച് നിരവധി മേഖലകളിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗദിവൽക്കരണം ബാധകമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ കടകളിലും റെന്റ് എ കാർ സ്ഥാപനങ്ങളിലും മറ്റു ചില മേഖലകളിലും നൂറു ശതമാനം സൗദിവൽക്കരണമാണ് നിർബന്ധമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദിവൽക്കരണം നിർബന്ധമാക്കിയ പന്ത്രണ്ടു മേഖലകളിൽ 70 ശതമാനം സ്വദേശിവൽക്കരണമാണ് നടപ്പാക്കേണ്ടത്. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ, വാച്ച് കടകൾ, കണ്ണട കടകൾ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിലാണ് മൂന്നു ഘട്ടങ്ങളായി സൗദിവൽക്കരണം നിർബന്ധമാക്കിയത്.
സൗദിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകുന്ന പദ്ധതികൾക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സൗദി ജീവനക്കാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് 36 മാസം വരെയാണ് ധനസഹായം നൽകുക.
ആദ്യ വർഷം സൗദി ജീവനക്കാരുടെ വേതനത്തിന്റെ മുപ്പതു ശതമാനവും രണ്ടാം വർഷം ഇരുപതു ശതമാനും മൂന്നാം വർഷം പത്തു ശതമാനവുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയിൽ നിന്ന് സഹായം നൽകുക. സൗദി വനിതകളെയും ഭിശേഷിക്കാരെയും ജോലിക്കു വെക്കുന്നതിന് അധിക സഹായം നൽകും. ചെറുനഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും സ്ഥാപനങ്ങൾക്കും 50 ൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കും സൗദിവൽക്കരണം നടപ്പാക്കുന്നതിന് അധിക ധനസഹായം നൽകും.
ധനസഹായ പദ്ധതി പ്രയോജനം ലഭിക്കുന്നതിന് സൗദി ജീവനക്കാരുടെ മിനിമം വേതനം നാലായിരം റിയാലിൽ കുറവാകാനും ഉയർന്ന വേതനം പതിനായിരം റിയാലിൽ കൂടുതലാകാനും പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
നാലായിരം റിയാലിൽ കുറവ് വേതനത്തിൽ സൗദി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കഴിയില്ല. മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴി സൗദികളെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്കാണ് ധനസഹായ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് കഴിയുക.
ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് സ്ഥാപനങ്ങൾ മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തി ഉദ്യോഗാർഥികളെ കണ്ടെത്തി നിയമിച്ചിരിക്കണം. മാനവശേഷി വികസന നിധി വെബ്‌സൈറ്റ് വഴിയല്ലാതെ സ്വദേശികളെ നിയമിക്കുന്നതിന് ധനസഹായം ലഭിക്കില്ല.
സ്വകാര്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ ഉടനടി നിതാഖാത്തിൽ ഉൾപ്പെടുത്തി സ്വദേശി ജീവനക്കാരെന്നോണം കണക്കാക്കുന്ന പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പുതുതായി നിയമിക്കുന്ന സൗദി പൗരന്മാരെ പൂർണ തോതിൽ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കുന്നതിന് ആറു മാസം കാത്തിരിക്കേണ്ടിയിരുന്നു. ഇനി മുതൽ സൗദി ജീവനക്കാരെ നിയമിച്ചാലുടൻ അവരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കും.