ബീജിംഗ് - ചൈനീസ് ഭാഷ സൗദിയിൽ സ്‌കൂൾ, യൂനിവേഴ്‌സിറ്റി തലങ്ങളിൽ പാഠപദ്ധതിയുടെ ഭാഗമാക്കുന്നതിന് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ചൈന സന്ദർശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദിയിൽ സ്‌കൂൾ, യൂനിവേഴ്‌സിറ്റി തലങ്ങളിൽ ചൈനീസ് ഭാഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതി തയാറാക്കുന്നതിന് ധാരണയായത്. സൗദിയിലെ വിദ്യാർഥികളുടെ സാംസ്‌കാരിക വൈവിധ്യം വിപുലമാക്കുന്നതിനും സൗദി അറേബ്യയും ചൈനയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധം ശക്തമാക്കുന്നതിനും ചൈനീസ് ഭാഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.