Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുല്ലപ്പള്ളിയുടെ കരച്ചിൽ


ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിലെ പാർലമെന്റ് അംഗമായിരുന്ന കാലം മുതൽക്കേ അറിയാം. ഏകദേശം മുപ്പത് കൊല്ലം മുമ്പുള്ള കാര്യമാണ്. അന്ന് പത്ര റിപ്പോർട്ടർമാർക്ക് സമൂഹത്തിൽ നിലയും വിലയുമുണ്ടായിരുന്നു. ആളുകൾ കാര്യങ്ങളറിഞ്ഞിരുന്നത് വൃത്താന്ത പത്രങ്ങളിലൂടെ മാത്രം. ഏതെങ്കിലും റിപ്പോർട്ടർ നാട്ടിൻ പുറങ്ങളിൽ ചെന്നിറങ്ങിയാൽ പ്രദേശ വാസികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയും. ചായക്കടയിലും ബാർബർ ഷോപ്പിലും നടക്കുന്ന ചൂടേറിയ ചർച്ച ഈ വരവിനെ കുറിച്ചായിരിക്കും.  രഹസ്യ പോലീസുകാരന്റെ അന്വേഷണ ത്വരയുമായി ജോലി ചെയ്തിരുന്ന മാധ്യമ പ്രവർത്തകർക്ക് സഹകരണ സംഘങ്ങളൊന്നുമുണ്ടായിരുന്നില്ല. ഓരോരുത്തരും അധ്വാനിച്ച് വാർത്തകളുണ്ടാക്കും. കണ്ണൂരിന് പല സവിശേഷതകളുണ്ട്. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട പ്രദേശമുൾക്കൊള്ളുന്ന ജില്ല. സി.പി.എമ്മിന്റെ രാജ്യത്തെ ശക്തിദുർഗം. ഏറ്റവും കൂടുതൽ സായാഹ്ന പത്രങ്ങളിറങ്ങിയിരുന്നത് കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നീ പട്ടണങ്ങളുൾപ്പെടുന്ന ജില്ലയിൽ നിന്നാണ്. അങ്ങനെയൊക്കെയുള്ള കണ്ണൂരിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഒന്നിലേറെ തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനങ്ങ് ജയിച്ചു പോയ്‌ക്കോട്ടെ എന്ന് എതിരാളികൾ വിചാരിച്ചത് കൊണ്ടൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റെ വിജയം. അക്കാലത്ത് കണ്ണൂരിലെ ജില്ലാ ലേഖകന്മാർക്ക് തപാലിൽ ദൽഹിയിൽ നിന്ന് ഒരു കത്ത് പതിവായി ലഭിക്കുമായിരുന്നു. മണ്ഡലത്തിലെ എം.പി മുല്ലപ്പള്ളി അയക്കുന്നതാണ്. അക്കാലത്ത് എം.പി ഫണ്ടൊന്നുമില്ല. ജില്ലയിലെ കഷ്ടതയനുഭവിക്കുന്ന ദരിദ്ര രോഗികളുടെ ചികിത്സാർഥം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുല്ലപ്പള്ളി ഇടപെട്ട് ഇത്ര തുക അനുവദിച്ചുവെന്നതായിരിക്കും എഴുത്തുകളിലെ ഉള്ളടക്കം. കണ്ണപുരത്തും പയ്യാവൂരിലും ഇരിട്ടിയിലുമെല്ലാം നാനാജാതി മതസ്ഥരായ, വ്യത്യസ്ത പാർട്ടിക്കാർക്ക് ഇത്തരം സഹായങ്ങൾ ലഭിച്ചിരുന്നു. മിക്ക പത്രങ്ങളും പ്രാദേശിക പേജുകളിൽ ഇതു സംബന്ധിച്ച വാർത്ത നൽകുന്നതിന്റെ ഗുണവും നാട്ടുകാർക്ക് ലഭിച്ചു. കഷ്ടതയിൽ കഴിയുന്നവർ ജനപ്രതിനിധിയുടെ സഹായം തേടിക്കൊണ്ടേയിരുന്നു. 
പിന്നീട്  മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര മന്ത്രിയൊക്കെയായെങ്കിലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന നയത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് ദൂരെ ഇരുന്ന് കാണാനായത്. ദേശീയ പാതയിൽ വടകരയ്ക്കടുത്ത ചോമ്പാലയിലെ വസതിയിൽ ആർക്കും ചെന്ന് കാര്യങ്ങൾ സംസാരിക്കാം. ഗ്രൂപ്പുകൾക്കതീതനായ മുല്ലപ്പള്ളി എല്ലാവരേയും സഹായിച്ചു.  
കഴിഞ്ഞ ദിവസം കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിലെത്തി പൊട്ടിക്കരഞ്ഞ മുല്ലപ്പള്ളിയുടെ ചിത്രത്തിൽ ഏറെ നേരം നോക്കി നിൽക്കാനായില്ല. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും നോവിക്കുന്നതായിരുന്നു പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും കൈമാറപ്പെട്ട ചിത്രം. നാല് വോട്ടിന് വേണ്ടി കരഞ്ഞതാണെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അവരെ പറ്റി എന്ത് പറയാൻ?  
മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കുമെന്നാണ് സർവേ ഫലങ്ങളിൽ തെളിഞ്ഞത്. പതിനേഴും പതിനാറും സീറ്റുകൾ വരെ അവർക്ക് ലഭിക്കുമെന്ന് പ്രധാന ദേശീയ ടെലിവിഷൻ ചാനലുകൾ നടത്തിയ സർവേയിൽ കണ്ടെത്തി. ഇത് പോരാ, ഇരുപതും അവർക്ക് തന്നെ ഇരിക്കട്ടെ എന്ന വാശിയോടെ ചെയ്തത് പോലെയുണ്ട് അത്യുത്തര കേരളത്തിലെ ക്രൂരകൃത്യം. 
കാസർകോട്ടെ ഇരട്ട കൊലപാതകം കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ മുനയാണ് ഒടിച്ച് കളഞ്ഞതെന്ന കാര്യം ആശ്വാസത്തിന് വക നൽകുന്നു. 
കൊലപാതകത്തിന് നേതൃത്വം കൊടുത്ത കല്ല്യോട്ടെ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സി.പി.എം പുറത്താക്കി.   കേസിൽ പ്രതികളാക്കപ്പെടുന്ന മറ്റാരെങ്കിലും പാർട്ടിയിലോ വർഗ ബഹുജന സംഘടനകളിലോ അംഗമായിട്ടുണ്ടങ്കിൽ അവരെയും പുറത്താക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്.
മാതൃകാപരമായ നടപടിയാണിത്. ഈ നിലപാട് മറ്റു പാർട്ടി നേതൃത്വങ്ങളും പിന്തുടരാൻ ശ്രമിച്ചാൽ അക്രമരഹിത നാടായി കേരളം മാറുമെന്നതിൽ സംശയമില്ല. 
അടിച്ചും കൊന്നും അല്ല രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടത്. ആശയങ്ങൾ പ്രചരിപ്പിച്ചും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടുമാണ് ജനസേവനം നടത്തേണ്ടത്. 
രാഷ്ട്രീയ സംഘർഷങ്ങളുടെ വിളഭൂമിയായി സാംസ്‌കാരിക കേരളത്തെ മാറ്റിയതിൽ ഇവിടത്തെ മിക്ക പാർട്ടികൾക്കും പങ്കുണ്ട്.
ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുക എന്നത് ഒന്നിനും ഒരു പരിഹാരമല്ല. 
കാസർകോട്ട് മരിച്ചു വീണ പാവങ്ങളുടെ വീടിന്റെ ചിത്രം മാത്രം മതി സംസ്ഥാനത്തെ വോട്ടർമാരെ സ്വാധീനിക്കാൻ. 
കാസർകോട്ട് മരണപ്പെട്ട ശ്യാംലാലും കൃപേഷും ആക്രമിച്ചതാണ് തനിക്ക് പക തോന്നാൻ കാരണമെന്നാണ് പീതാംബരൻ പോലീസിനോട് പറഞ്ഞത്. കഞ്ചാവ് ലഹരിയിലായിരുന്നു ആക്രമണമെന്ന റിപ്പോർട്ടുകളുമുണ്ട്.  എൽ.സി മെംബർ എന്നത് സി.പി.എമ്മിന് വളരെ പ്രധാനമാണ്. ലോക്കൽ കമ്മിറ്റി അംഗം എന്ന് പറഞ്ഞാൽ ചെറിയ പദവിയൊന്നുമല്ല.  ആയിരങ്ങൾ അണികൾ ആയുള്ള സ്ഥലത്ത് പോലും വിരലിലെണ്ണാവുന്നവർക്ക് മാത്രം പാർട്ടി അംഗത്വം നൽകുന്ന കക്ഷിയാണ്  സി.പി.എം. കേഡർമാർക്ക് കൃത്യമായി പാർട്ടി ക്ലാസുകൾ നൽകി പ്രവർത്തിക്കുന്ന ഈ കക്ഷിയുടെ സംവിധാനം മറ്റൊരു പാർട്ടിക്കുമില്ല. എത്രയോ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.പി.എം പ്രവർത്തകരും നേതാക്കളും പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. അതുപോലെ തന്നെ ഏറ്റവും അധികം പ്രവർത്തകരെ കേരളത്തിന്റെ മണ്ണിൽ നഷ്ടപ്പെട്ടതും സി.പി.എമ്മിനാണ്. ഒരാൾ ചെയ്ത തെറ്റിന് കേരളത്തിലെ ഏറ്റവും കൂടുതൽ ജനങ്ങൾ പിന്തുണയ്ക്കുന്ന പാർട്ടി പ്രതിരോധത്തിലാവുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. 
ആർ.എസ്.എസ്, ബി.ജെ.പി തുടങ്ങി കോൺഗ്രസ് വരെ ഈ നാട്ടിൽ രാഷ്ട്രീയ എതിരാളികൾക്ക് നേരെ കത്തി മുന നീട്ടിയിട്ടുണ്ട്. തെരുവിൽ ചോര ഒഴുക്കിയിട്ടുണ്ട്. ചില വർഗീയ സംഘടനകളും ആയുധമേന്തി അരുംകൊല ചെയ്തിട്ടുണ്ട്. 
കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അരും കൊല ചെയ്യപ്പെട്ട സംഭവത്തിൽ  പ്രധാന ആസൂത്രകനെയടക്കം പോലീസ് പിടികൂടിക്കഴിഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം വ്യാപകമായി നടക്കുന്നുമുണ്ട്. മരിച്ച യുവാക്കളുടെ ബന്ധുക്കൾക്ക് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കാവുന്നതുമാണ്. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും കാസർകോട്  വിഷയം ആളിക്കത്തിച്ച് നിർത്താൻ തന്നെയാണ് സി.പി.എം വിരുദ്ധരുടെ നീക്കം.
കണ്ണൂരിൽ നിന്ന് തട്ടകം മാറിയ മുല്ലപ്പള്ളിയിലേക്ക് വീണ്ടും വരാം. 2009 ലെ തെരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാ സീറ്റിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2014 ലെ തെരഞ്ഞെടുപ്പിലും വീണ്ടും വടകരയുടെ ജനപ്രതിനിധിയായി. കണ്ണൂരിനേക്കാൾ സി.പി.എം കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന സീറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് അപൂർവ നേട്ടമാണ്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ കുടിയേറ്റ മേഖലയിലെ സീറ്റുകളിൽ എൽ.ഡി.എഫിന് സാധ്യത കുറവാണ്. ജില്ലാ ആസ്ഥാനത്തെ സീറ്റും സമീപത്തെ അഴീക്കോടുമെല്ലാം ലീഗ് ശക്തി കേന്ദ്രങ്ങളാണ്. എന്നാൽ വടകര അങ്ങനെയല്ല. കേരളത്തിൽ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയിച്ചപ്പോഴും ചെങ്കൊടി പാറിയ മണ്ഡലമാണിത്. 
ടി.പി കേസിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ജയമെന്ന് പറയാമെങ്കിലും വീണ്ടും മുല്ലപ്പള്ളി വിജയിച്ചത് ജനപ്രതിനിധിയുടെ ഇടപെടലിനുള്ള അംഗീകാരമാണെന്ന് എതിരാളികൾ പോലും സമ്മതിക്കും. കേന്ദ്രം, പാർലമെന്റ് എന്നൊക്കെ പറയുമ്പോൾ നാട്ടുകാരുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് റെയിൽവേ സ്റ്റേഷനും ടെലിഫോൺ എക്‌സ്‌ചേഞ്ചുമൊക്കെയാണ്. പണ്ട് വടകരയ്ക്ക് കാബിനറ്റ് റാങ്കുള്ള മന്ത്രി വരെ ജനപ്രതിനിധിയായി ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോയ്‌സായ കെ.പി ഉണ്ണികൃഷ്ണൻ പിൽക്കാലത്ത് വി.പി.സിംഗ് മന്ത്രി സഭയിൽ ഉപരിതല ഗതാഗത മന്ത്രിയായത് വടകരയുടെ എം.പിയായിരിക്കേയാണ്. കാൽ നൂറ്റാണ്ടു കാലം ഒന്നും സംഭവിച്ചില്ല. മുല്ലപ്പള്ളി വരുത്തിയ വികസനം റെയിൽവേ സ്റ്റേഷൻ മുതൽ പ്രകടമാണ്. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ മൂന്ന് പ്ലാറ്റുഫോമുകളുള്ള ഏക റെയിൽവേ സ്റ്റേഷൻ വടകരയാണ്. ലിഫ്റ്റും എസ്‌കലേറ്ററും റിട്ടയറിംഗ് റൂമും വിസ്തൃതമായ പാർക്കിംഗ് ഏരിയയുമെല്ലാമായപ്പോൾ വടകരയുടെ മുഖഛായ മാറി. മലപ്പുറം ജില്ലയുടെ റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിർത്താത്ത ട്രെയിനുകൾക്ക് പോലും സ്റ്റോപ്പുണ്ടാക്കാൻ അദ്ദേഹം ഉത്സാഹിച്ചു. ചെന്നൈയിലെ റെയിൽവേ ജി.എം ഇടക്കിടെ വടകര സന്ദർശിക്കാനെത്തി. നാദാപുരം പ്രദേശത്തെ അക്രമങ്ങളാണ് മേഖലയുടെ സ്വസ്ഥത നശിപ്പിച്ചിരുന്നത്. ഇതിന് പരിഹാരമുണ്ടാക്കാനും കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയെന്ന നിലയിൽ മുല്ലപ്പള്ളിക്ക് സാധിച്ചു. കേന്ദ്ര സേനയുടെ സാന്നിധ്യം ഉറപ്പു വരുത്തിയത് ജനങ്ങളുടെ ആത്മ വിശ്വാസം വർധിക്കാൻ കാരണമായി. മുല്ലപ്പള്ളി ഇനിയും കരയട്ടെ, മനുഷ്യർക്കേ ഇങ്ങനെ കരയാൻ സാധിക്കൂ. 

Latest News