ലോകകപ്പ് ബഹിഷ്‌ക്കരിക്കുന്നത് പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നതിന് തുല്യം -ശശി തരൂര്‍  

ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. ഒപ്പം, മെയ് 30ന് ആരംഭിക്കുന്ന ലോകക്കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെയുള്ള മാച്ച് ബഹിഷ്‌ക്കരിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യപാക്കിസ്ഥാന്‍ മാച്ച് ബഹിഷ്‌ക്കരിക്കുന്നത് പൊരുതുന്നതിന് മുന്‍പേ തോല്‍വി സമ്മതിക്കുന്നതിന് തുല്യമായിരിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 
പ്രധാനമായ ഒരു കാര്യം കൂടി അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. 40 ജവാന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പോലും പ്രഖ്യാപിക്കാതെ മൂന്ന് മാസത്തിന് ശേഷം നടക്കാന്‍ പോകുന്ന ക്രിക്കറ്റ് മാച്ച് വേണ്ടെന്ന് വയ്ക്കുന്നതാണോ വേണ്ടതെന്ന് തരൂര്‍ ചോദിക്കുന്നു.
1999ല്‍ കാര്‍ഗില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് പോലും ഇന്ത്യ പാക്കിസ്ഥാനുമായി വേള്‍ഡ് കപ്പ് കളിച്ചിട്ടുണ്ട്.  ഈ വര്‍ഷം മാച്ച് വേണ്ടെന്ന് തീരുമാനിച്ചാല്‍ അത് രണ്ട് പോയിന്റ് നഷ്ടമാകുന്നതിനുപരി പരിശ്രമിക്കുക പോലും ചെയ്യാതെ തോല്‍ക്കുന്നതിനു തുല്യമായിരിക്കുമെന്നും തരൂര്‍ പറഞ്ഞു.
ഒരു മാച്ച് വേണ്ടെന്ന് വയ്ക്കുന്നത് ഗൗരവകരമായ മറുപടിയല്ലെന്ന് പറഞ്ഞ തരൂര്‍, ഫലപ്രദമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും, ഇത്തരത്തിലുള്ള ആംഗ്യ പ്രതികരണമല്ല ഈയവസരത്തില്‍ ആവശ്യമെന്നും അഭിപ്രായപ്പെട്ടു.

Latest News