കാസര്‍കോട്- കോണ്‍ഗ്രസ് എതിര്‍ത്തതിനെ തുടര്‍ന്ന് പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപേക്ഷിച്ചു. വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചുവെങ്കിലും സന്ദര്‍ശനം അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കാസര്‍കോട് ഡി.സിസി കൈക്കൊണ്ടത്. കോണ്‍ഗ്രസ് ജില്ലാ ഘടകത്തിന്റെ എതിര്‍പ്പ് മൂലമാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സി.പി.എം അറിയിച്ചു. മുഖ്യമന്ത്രി കാസര്‍കോട്ടെ പരിപാടി കഴിഞ്ഞ് കാഞ്ഞങ്ങാട്ടേക്കു പോകും.
കഴിഞ്ഞ ദിവസം രാത്രി സി.പി.എം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിനെ ബന്ധപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണ് കാസര്‍കോട് ഡി.സി.സി ഭാരവാഹികള്‍ സി.പി.എം നേതാക്കളെ അറിയിച്ചത്. മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനത്തിനുശേഷം പെരിയയില്‍ സന്ദര്‍ശനം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. പ്രതിഷേധവും കരിങ്കൊടിയും കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.






