Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ പാസ്‌പോർട്ട് അപേക്ഷകൾ  ഇനി ഓൺലൈൻ വഴി മാത്രം

റിയാദ് - പാസ്‌പോർട്ട് പുതുക്കുന്നതിനും എടുക്കുന്നതിനുമടക്കം എംബസി സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത് ഇനി ഓൺലൈനിൽ. ഇത് സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയായെന്നും അടുത്തയാഴ്ച മുതൽ ഓൺലൈൻവൽക്കരണം നടപ്പാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 
എല്ലാ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് ആദ്യഘട്ടമെന്ന നിലയിൽ യു.എസ്.എ, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളെയും കോൺസുലേറ്റുകളെയും കേന്ദ്രീകരിച്ചാണ് നടപടികൾ തുടങ്ങിയത്. സൗദിയിൽ വി.എഫ്.എസുമായി സഹകരിച്ച് രണ്ടാഴ്ച മുമ്പേ നടപടികൾ ആരംഭിക്കുകയും കഴിഞ്ഞയാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങുകയും ചെയ്തിരുന്നു.
https://portal5.passportindia.gov.in/Online/index.html സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്താണ് അപേക്ഷ പൂരിപ്പിക്കേണ്ടത്. ഓർഡിനറി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സറണ്ടർ, ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്നിവക്ക് അപേക്ഷിക്കുന്നതിനാണ് ഈ സൈറ്റിൽ സൗകര്യമുള്ളത്. ഓരോ ആവശ്യത്തിനുമുള്ള പ്രത്യേക ഫോമുകളിൽ വിവരങ്ങൾ ടൈപ് ചെയ്ത് പ്രിന്റെടുക്കണം. 
പാസ്‌പോർട്ടിനാണ് അപേക്ഷിക്കുന്നതെങ്കിൽ പാസ്‌പോർട്ട് വിവരങ്ങൾ, അപേക്ഷകന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ, പഴയ പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ അടക്കം പത്ത് പേജാണ് പൂരിപ്പിക്കേണ്ടത്. അവസാന ഘട്ടത്തിൽ പാസ്‌പോർട്ട് പ്രിന്റ് ചെയ്തുകിട്ടുന്ന സാമ്പിൾ സഹിതമുള്ള പ്രിന്റൗട്ട് ലഭിക്കും. ഈ പ്രിന്റൗട്ടിൽ ഫോട്ടോ ഒട്ടിച്ച് നിശ്ചിത ഫീസും സഹിതം വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി സമർപ്പിക്കണം. 
ഇന്ത്യയിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളെ പോലെ ഓൺലൈനിൽ പണമടയ്ക്കാനുള്ള സംവിധാനം ഇപ്പോൾ ഇവിടെയുണ്ടാകില്ല. പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളിൽ ഫോട്ടോയെടുക്കുന്നതു പോലെയുള്ള സംവിധാനവും ഇല്ല. ക്രമേണ അത്തരം സർവീസുകളും ലഭ്യമാവും. ഒരു യൂസർക്ക് 50 അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമുണ്ടാവും. 
നാട്ടിലുള്ളതു പോലെ സേവാകേന്ദ്ര സേവനങ്ങൾക്ക് അപ്പോയ്ൻമെന്റ് എടുക്കേണ്ടതില്ലെങ്കിലും വി.എഫ്.എസിന്റെ സൈറ്റിൽ സൗജന്യമായി അപ്പോയ്ൻമെന്റ് എടുക്കാനുള്ള സൗകര്യമുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് അവിടെ പ്രത്യേക പരിഗണന ലഭിക്കും. എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോമുകൾ ഡൗൺലോഡ് ചെയ്താണ് ഇപ്പോൾ എംബസി സേവനങ്ങൾക്ക് അപേക്ഷ നൽകുന്നത്. മാസങ്ങൾക്ക് മുമ്പ് ഈ ഫോമുകളിൽ എംബസി ചില മാറ്റങ്ങൾ വരുത്തിയിരുന്നു.
 

Latest News