ഹാട്രിക് വിജയത്തിനായി അവർ ഇറങ്ങുമോ?

തുടർച്ചയായ മൂന്നാം വിജയത്തിനായി അവർ ഇത്തവണയും തെരഞ്ഞെടുപ്പു ഗോദയിലുണ്ടാകുമോ?വടക്കൻ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിൽ നിലവിലുള്ള എം.പിമാരെ കാത്തിരിക്കുന്നത് ഹാട്രിക് വിജയമാണ്. വടകര, കോഴിക്കോട്, പൊന്നാനി മണ്ഡലങ്ങളിൽ നിലവിലുള്ള എം.പിമാർ തന്നെ മൽസര രംഗത്തിറങ്ങിയാൽ മൂന്നാം വിജയമെന്ന അപൂർവ നേട്ടത്തിനാണ് കളമൊരുങ്ങുന്നത്. 
കോഴിക്കോട് മണ്ഡലത്തിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട് മണ്ഡലത്തിൽ കോൺഗ്രസിലെ എം.കെ. രാഘവൻ, പൊന്നാനി മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ എന്നീ പ്രമുഖ നേതാക്കളാണ് മൂന്നാം വിജയത്തിനരികെ നിൽക്കുന്നത്. ഇതിൽ ആരൊക്കെ ഇത്തവണ മൽസര രംഗത്തുണ്ടാകുമെന്ന് വ്യക്തമാകേണ്ടതുണ്ട്.
കോഴിക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ എം.കെ. രാഘവൻ 2009 ലാണ് ആദ്യം വിജയിച്ചത്. 2004 ൽ യു.ഡി.എഫിന്റെ കയ്യിൽ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്ത കോഴിക്കോട് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് രാഘവൻ പാർലമെന്റിലേക്ക് രംഗപ്രവേശനം ചെയ്തത്. സി.പി.എമ്മിലെ പി.എ. മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്കാണ് രാഘവൻ പരാജയപ്പെടുത്തിയത്. 2014 ലെ തെരഞ്ഞെടുപ്പിൽ രാഘവന്റെ ഭൂരിപക്ഷം കുത്തനെ വർധിച്ചു. സി.പി.എം നേതാവ് എ. വിജയരാഘവനെ പരാജയപ്പെടുത്തിയത് 16,883 വോട്ടുകൾക്കായിരുന്നു. ഇത്തവണ രാഘവൻ മൂന്നാം വിജയത്തിനായി ഇറങ്ങുമോ എന്നാണ് വോട്ടർമാർ ഉറ്റുനോക്കുന്നത്.
വടകര മണ്ഡലത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടു വിജയങ്ങൾ പൂർത്തിയാക്കി ഹാട്രിക്കിന്റെ വക്കിലാണ്. കെ.പി.സി.സി പ്രസിഡന്റായ അദ്ദേഹം ഇത്തവണ മൽസര രംഗത്തുണ്ടാകില്ലെന്നാണറിയുന്നത്. 1977 മുതൽ തുടർച്ചയായ ആറു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് വടകരയിൽ അജയ്യനായി നിന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണനെ അട്ടിമറിച്ച് ഇടതുപക്ഷം തുടർ വിജയങ്ങൾ ആഘോഷിക്കുന്ന കാലമായിരുന്നു അത്. വടകര മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസ് ചുമതലപ്പെടുത്തിയത് തെരഞ്ഞെടുപ്പു വിജയങ്ങളുടെ തന്ത്രജ്ഞനായ മുല്ലപ്പള്ളിയെയായിരുന്നു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ 1984 മുതൽ തുടർച്ചയായി അഞ്ചു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പരിചയമാണ് മുല്ലപ്പള്ളിയെ ഈ ദൗത്യമേൽപിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. 1996 മുതൽ നാലു തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം വിജയിച്ച വടകര മണ്ഡലത്തിൽ യു.ഡി.എഫിനെ വിജയ തിലകമണിയിച്ചാണ് 2009 ൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു ഇടവേളക്ക് ശേഷം വീണ്ടും പാർലമെന്റിലെത്തിയത്. വടകരയിലെ ആദ്യത്തെ അങ്കത്തിൽ തന്നെ സിറ്റിംഗ് എം.പിയായിരുന്ന സി.പി.എമ്മിലെ അഡ്വ. സതീദേവിയെ 56,186 വോട്ടുകളുടെ തിളങ്ങുന്ന ഭൂരിപക്ഷത്തിലാണ് മുല്ലപ്പള്ളി പരാജയപ്പെടുത്തിയത്. 2014 ലെ തെരഞ്ഞെടുപ്പിൽ പക്ഷേ, മുല്ലപ്പള്ളിക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നു. സി.പി.എമ്മിലെ എ.എൻ. ഷംസീറിനെ മുല്ലപ്പള്ളി തോൽപിച്ചത് 3306 വോട്ടുകൾക്കാണ്. ഇത്തവണ ഹാട്രിക് വിജയത്തിനായി മുല്ലപ്പള്ളിക്ക് പകരം ആരെയാകും യു.ഡി.എഫ് രംഗത്തിറക്കുകയെന്നറിയാൻ ഇനിയും കാത്തിരിക്കണം.
മുസ്‌ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ ഇത്തവണയും യു.ഡി.എഫ് വിജയിച്ചാൽ അത് ഹാട്രിക്കാകും. കഴിഞ്ഞ രണ്ടു തവണ വിജയിച്ച സിറ്റിംഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ തന്നെ ഇത്തവണ മൽസരിച്ച് വിജയിച്ചാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി അത് മാറും. 1977 ന് ശേഷം യു.ഡി.എഫ് തോൽവിയെന്തെന്നറിഞ്ഞിട്ടില്ലാത്ത പൊന്നാനിയിൽ മണ്ഡല പുനഃക്രമീകരണം നടന്ന 2009 മുതലാണ് ഇ.ടി. മുഹമ്മദ് ബഷീർ ജൈത്രയാത്ര തുടങ്ങിയത്. ഇടതു സ്വതന്ത്രനായി മൽസരിച്ച ഡോ. ഹുസൈൻ രണ്ടത്താണിയെ  82,684 വോട്ടുകൾക്കാണ് മുഹമ്മദ് ബഷീർ അന്ന് തോൽപിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ബഷീറിന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടായി. 2014 ൽ ഇടതുസ്വതന്ത്രനായി മൽസരിച്ച വി. അബ്ദുറഹ്മാൻ കടുത്ത മൽസരം കാഴ്ച വെച്ചപ്പോൾ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25410 ആയി കുറഞ്ഞു. ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീർ തന്നെ പൊന്നാനിയിൽ സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്. ഇത്തവണയും വിജയം ആവർത്തിച്ചാൽ ഹാട്രിക് വിജയമെന്ന നേട്ടം അദ്ദേഹത്തിന് സ്വന്തമാകും.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ വിജയത്തോടെ ഹാട്രിക് കുറിച്ച സി.പി.എം നേതാവ് പി. കരുണാകരൻ നാലാം വിജയത്തിലായി ഇത്തവണ മൽസര രംഗത്തുണ്ടാകില്ലെന്നാണറിയുന്നത്.  2004 മുതൽ കാസർകോട് മണ്ഡലത്തിൽ മൂന്നു തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയങ്ങൾ നേടിയ നേതാവാണ് കരുണാകരൻ.
 

Latest News