- ആയിരത്തിലേറെ സീറ്റുകൾ ലഭിച്ചേക്കും
കൊണ്ടോട്ടി- ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ടു ലക്ഷമായി സൗദി അറേബ്യ വർധിപ്പിച്ചതിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ തീർഥാടകർ. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഹജ് അപേക്ഷകരുള്ള കേരളത്തിലാണ് സീറ്റുകൾ കുറഞ്ഞതിന്റെ പേരിൽ തീർഥാടകർ അവസരം കാത്ത് കഴിയുന്നത്. സൗദിയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ വർഷം തന്നെ ക്വാട്ട വർധനവ് നടപ്പിലാക്കുക.
നിലവിൽ 1,75,025 ആണ് ഇന്ത്യയുടെ ഹജ് ക്വാട്ട. ഇതാണ് സൗദി കിരീടാവകാശി മുഹമ്മദ് ബ്ൻ സൽമാൻ രാജകുമാരന്റെ ഇന്ത്യാ സന്ദർശന വേളയിൽ രണ്ട് ലക്ഷമായി വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഇതോടെ ഇന്ത്യക്ക് 25,000 സീറ്റുകളാണ് അധികമായി ലഭിക്കുക. കൂടുതൽ ക്വാട്ട ലഭിക്കുന്നതോടെ കേരളത്തിൽ നിന്നും ആയിരത്തോളം പേർക്കാണ് അധികമായി അവസരം ലഭിക്കുക.
പുതിയ ഹജ് നയപ്രകാരം 70 ശതമാനം സീറ്റുകൾ കേന്ദ്ര ഹജ് കമ്മിറ്റിക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്ക് നൽകണമെന്നാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ അധികം ലഭിക്കുന്ന സീറ്റിൽ 17,500 ഹജ് കമ്മിറ്റികൾക്കും 7,500 സ്വകാര്യ ഗ്രൂപ്പുകൾക്കുമായി നൽകും. മുസ്‌ലിം ജനസംഖ്യാടിസ്ഥാനത്തിൽ കേരളത്തിന് പുതിയ ക്വാട്ടയുടെ 5.15 ശതമാനമായിരിക്കും ലഭിക്കുക. ഇതിനു പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബാക്കി വരുന്ന സീറ്റുകളും ലഭിച്ചേക്കും. 16 സംസ്ഥാനങ്ങളിൽ ഹജ് അപേക്ഷകർക്ക് മുഴുവൻ അവസരം ലഭിച്ചിട്ടുണ്ട്. ആയതിനാൽ ഈ സംസ്ഥാനങ്ങൾക്ക് പുതുതായി ലഭിക്കുന്ന സീറ്റുകളിലും, യാത്ര റദ്ദാക്കുന്നവരുടെ സീറ്റുകളിലുമാണ് കേരളത്തിൽ നിന്നുള്ള അപേക്ഷകരുടെ പ്രതീക്ഷ.
ഹജ് കമ്മിറ്റി വഴി സംസ്ഥാനത്ത് നിന്നും ഈ വർഷം 43,115 ഹജ് അപേക്ഷകരാണുള്ളത്. കേരളത്തിന്റൈ മുസ്‌ലിം ജനസംഖ്യ പ്രകാരമുള്ള ക്വാട്ട 6,383 ആണ്. എന്നാൽ 70 വയസ്സിന് മുകളിലുള്ളവരും സഹായിയും ഉൾപ്പെടുന്ന സംവരണ വിഭാഗത്തിലും, 45 വയസ്സിന് മുകളിലുള്ള മഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ അപേക്ഷ നൽകിയവരും ഉൾപ്പെടെ 3,210 പേർക്ക് നേരിട്ട് അവസരം ലഭിച്ചു. ശേഷിക്കുന്ന 8,262 സീറ്റുകളിൽ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അപേക്ഷകർ കുറവായ സംസ്ഥാനങ്ങളിലെ 17,418 സീറ്റുകൾ വീതം വെച്ചപ്പോഴാണ് കേരളത്തിന് അധികമായി 3,078 സീറ്റുകൾ ലഭിച്ചത്. മഹ്‌റം വിഭാഗത്തിലെ 2011 സീറ്റുകളും നേരിട്ട് ലഭിച്ചതോടെ കേരളത്തിന് 11,472 സീറ്റുകൾ ലഭ്യമായി.






