Sorry, you need to enable JavaScript to visit this website.

ബംഗ്ലാദേശിൽ വൻ തീപ്പിടിത്തം; എഴുപത് മരണം

ധാക്ക- ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ രാസവസ്തുക്കൾ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിൽ 70 പേർ കൊല്ലപ്പെട്ടു. നിരവധിയാളുകൾ കെട്ടിടത്തിനകത്ത് കുരുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. നാട്ടുകാർ തെരച്ചിൽ ഊർജിതപ്പെടുത്തി. 
നിരവധി പേരെ കാണാതായിട്ടുമുണ്ട്. മരണസംഖ്യ ഉയരാനിടയുണ്ട്. പ്രദേശത്തെ ഇടുങ്ങിയ വഴികളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ നിരവധിയാളുകൾ അപകട സ്ഥലത്ത് കുടുങ്ങി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും ബംഗ്ലാദേശ് അഗ്‌നിശമന സേനാ വിഭാഗം മേധാവി അലി അഹമ്മദ് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. 
രാസവസ്തുക്കളുടെ സംഭരണ ശാലയായി ഉപയോഗിക്കുന്ന നാല് കെട്ടിടങ്ങളിലേക്കായി തീ പടർന്ന് പിടിക്കുകയായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം. ആളുകൾക്ക് രക്ഷെപ്പടാൻ കഴിയാത്ത തരത്തിൽ ഞൊടിയിടയിലാണ് തീ പടർന്നത്. അപകട സ്ഥലത്തിനടുത്ത് ഒരു വിവാഹ സൽക്കാരം നടക്കുന്നുണ്ടായിരുന്നു. 
ചടങ്ങിൽ പങ്കെടുക്കാനെത്തിയ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. നിരവധി വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. അവിടെ 45 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില അതീവ ഗുരുതരമാണ്. 2010 ലും ധാക്കയിൽ സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. രാസവസ്തുക്കളുടെ സംഭരണ ശാലയിലേക്ക് തീ പടർന്നതിനെ തുടർന്ന് 120 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ധാക്കയിൽ തീപ്പിടിത്തമുണ്ടായപ്പോൾ രക്ഷാ പ്രവർത്തനത്തിനിറങ്ങിയ അഗ്നിശമന സേനാംഗങ്ങൾ. 

 

Latest News